സിപിഎം അഭിഭാഷകന്റെ ശുപാര്‍ശയില്‍ ആ പോക്‌സോ കേസ് അഡ്വ വിജയഭാനുവിന് മുന്നിലെത്തി; മുതിര്‍ന്ന അഭിഭാഷകനെ വക്കീലാക്കിയ ബുദ്ധിക്കൊപ്പം പ്രോസിക്യൂട്ടറുടെ മൗനവും ഡോ അരുണ്‍കുമാറിനെ തുണച്ചു; റിപ്പോര്‍ട്ടര്‍ ടിവി ജേര്‍ണലിസ്റ്റുകള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയത് പോലീസിനെ വിമര്‍ശിക്കാതെ; ആ വിധിയുടെ പൂര്‍ണ്ണ രൂപം

Update: 2025-01-21 08:53 GMT

കൊച്ചി: പോക്‌സോ കേസില്‍ റിപോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാര്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍ കൂര്‍ ജാമ്യം നേടിയയത് ചുമത്തിയത് മൂന്ന് വര്‍ഷം ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാല്‍. ഇത്തരം കേസുകള്‍ക്ക് ജാമ്യം കൊടുക്കാമെന്നാണ് വ്യവസ്ഥ. കേസിന്റെ മെരിറ്റിലേക്കൊന്നും കോടതി കടന്നിട്ടില്ലെന്നാണ് വിധി ചര്‍ച്ചയാക്കുന്നത്. ഡിജിറ്റല്‍ സീനിയര്‍ സബ് എഡിറ്റര്‍ ഷാബാസിനും മുന്‍കൂര്‍ ജാമ്യം നല്കി ഹൈക്കോടതി വിധി.വിധിന്യായത്തില്‍ പോലീസിനും സര്‍ക്കാരിനും വിമര്‍ശനം ഇല്ല. പോലീസിനെ കേസെടുത്തതില്‍ വിമര്‍ശിച്ചു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുടെ വാദത്തില്‍ പ്രോസിക്യൂഷന്‍ മൗനം പുലര്‍ത്തിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ജാമ്യം.

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് മോശമായി പെരുമാറി എന്നാണ് കേസ്. സംസ്ഥാന ശിശുക്ഷേമ സമിതിയും കേസെടുത്തിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് ജാമ്യം നല്കിയത്. ഉപാധികളോടെയാണ് ഇരുവര്‍ക്കും ജാമ്യം നല്കിരിയിരിക്കുന്നത്.സംഭവത്തില്‍ പെണ്‍കുട്ടിക്കോ മാതാപിതാക്കള്‍ക്കോ പരാതിയുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെ ക്രൈം നമ്പര്‍.41/2025 അനുസരിച്ചാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഇരു പ്രതികളേയും അറസ്റ്റ് ചെയ്താല്‍ ബോണ്ട് വ്യവസ്ഥകള്‍ നടപ്പാക്കിയ ശേഷം ജ്യാമ്യത്തില്‍ വിട്ടയക്കണം എന്നാണ് ഹൈക്കോടതി വിധിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് കൃഷ്ണരാജ് ഇട്ട പോസ്റ്റും ചര്‍ച്ചയാണ്. പ്രോസിക്യൂട്ടറുടെ കുറ്റകരമായ മൗനമാണ് ഈ പോസ്റ്റ് ചര്‍ച്ചയാക്കുന്നത്.

അഡ്വ പി വിജയഭാനുവായിരുന്നു അരുണ്‍ കുമാറിനായി ഹാജരായത്. ആ വീഡിയോ സംപ്രേഷണം ചെയ്തത് കാരണം പോക്‌സോ ആക്ട് സെക്ഷന്‍ 11 പ്രകാരം അല്ല സെക്ഷന്‍ 13 പ്രകാരം കുറഞ്ഞത് 5 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമല്ലേ പ്രതികള്‍ ചെയ്തത് എന്ന് കോടതിയില്‍ നിന്നും ഉയരാവുന്ന ചോദ്യത്തെ കേരളാ പോലീസ് അങ്ങനെ കൃത്യമായി ഒതുക്കിയെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ലെന്നും സൂചനകളുണ്ട്. സിപിഎമ്മുമായി ബന്ധപ്പെട്ട അഭിഭാഷകന്‍ വഴിയാണ് കേസ് വിജയഭാനുവില്‍ എത്തിയത്. വകുപ്പുകള്‍ ഉയര്‍ത്തി അദ്ദേഹം വാദമുയര്‍ത്തി. ഇതും മുന്‍കൂര്‍ ജാമ്യംകിട്ടാന്‍ കാരണമായി. സിപിഎം ഇടപെടല്‍ ഈ കേസില്‍ സുപ്രധാനമാണ്.

അതുകൊണ്ടാണ് നിര്‍ണ്ണായക പല ചോദ്യങ്ങള്‍ക്കും പ്രോസിക്യൂട്ടര്‍ മൗനം പാലിച്ചതെന്നാണ് സൂചന. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ ഇറക്കിയ അരുണ്‍ കുമാറിന്റെ നീക്കം വിജയിച്ചുവെന്ന വിലയിരുത്തല്‍ നിയമ വൃത്തങ്ങള്‍ക്കിടയില്‍ സജീവമാണ്.

അഡ്വക്കേറ്റ് കൃഷ്ണരാജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

കോമഡി വിത്ത് അരുണ്‍.

ഇന്നലെ ഹൈക്കോടതിയില്‍ ഒരു കോമഡി നാടകം നടന്നു.

റിപ്പോര്‍ട്ടര്‍ ചാനല്‍ ജഡ്ജി അരുണ്‍ കുമാറിനെതിരെ തിരുവനന്തപുരം കന്റോന്‍മെന്റ് പോലീസ് പോക്‌സോ ആക്ട് സെക്ഷന്‍ 11 പ്രകാരം ഒരു കേസ് സ്വമേധയാ അഥവാ ചാടിക്കയറി രജിസ്റ്റര്‍ ചെയ്യുന്നു.

അറസ്റ്റ് ചെയ്യാത്തതെന്ത് എന്ന മുറവിളി പൊതു സമൂഹത്തില്‍ നിന്നുണ്ടാവും എന്ന ഭയത്താല്‍ അരുണ്‍ കുമാര്‍ തത്കാലം ദില്ലിയിലേക്ക് കോഫി വിത്ത് അരുണ്‍ മാറ്റുന്നു. മുങ്ങിയതാണ് എന്നാണ് കരക്കമ്പി.

കൃത്യമായി മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതിയില്‍ എത്തുന്നു. പതിവ് പോലെ ഹൈക്കോടതി പ്രോസിക്യൂട്ടറേ നിര്‍ത്തി പൊരിക്കുന്നു പ്രോസിക്യൂട്ടര്‍ നിന്ന് വിയര്‍ക്കുന്നു.

ജസ്റ്റിസ് കുഞ്ഞുകൃഷ്ണന്‍ ന്യായമായ ചില ചോദ്യങ്ങള്‍ ചോദിക്കുന്നു.

വെറുതെ ഒരു നിര്‍ദ്ദോഷമായ കമന്റ് ടീവിയില്‍ പറഞ്ഞതിന് പോക്‌സോ കേസൊക്കെ എടുക്കുന്നത് അതിക്രമം അല്ലേ?

ഉത്തരം ന്യായമായി മൗനം.

കുട്ടിക്കോ കുട്ടിയുടെ മാതാപിതാക്കള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ പരാതി ഉണ്ടോ?

ഉത്തരം വീണ്ടും മൗനം.

അങ്ങനെ കാര്യങ്ങള്‍ ശുഭകരമായി അവസാനിച്ചു. വെറും 3 വര്‍ഷം മാത്രം ശിക്ഷ ലഭിക്കാവുന്ന കേസ് ആയതിനാലും മേല്‍പ്പറഞ്ഞ കാരണങ്ങളാലും അരുണ്‍ കുമാറിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കേസ് ഫെബ്രുവരി 6 ലേക്ക് വാദം കേള്‍ക്കാന്‍ മാറ്റി.

ചാടിക്കയറി കേസ് എടുത്ത പോലീസ് റിപ്പോര്‍ട്ടര്‍ ചാനലും അരുണ്‍ കുമാറും സംപ്രേഷണം ചെയ്ത വിവാദ വീഡിയോയെ പറ്റി ഒരക്ഷരം കോടതിയില്‍ മിണ്ടിയില്ല.

ആ വീഡിയോ സംപ്രേഷണം ചെയ്തത് കാരണം പോക്‌സോ ആക്ട് സെക്ഷന്‍ 11 പ്രകാരം അല്ല സെക്ഷന്‍ 13 പ്രകാരം കുറഞ്ഞത് 5 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമല്ലേ പ്രതികള്‍ ചെയ്തത് എന്ന് കോടതിയില്‍ നിന്നും ഉയരാവുന്ന ചോദ്യത്തെ കേരളാ പോലീസ് അങ്ങനെ കൃത്യമായി ഒതുക്കി.

ഏറ്റവും തമാശ അതല്ല. റിപ്പോര്‍ട്ടര്‍ ചാനല്‍ സംപ്രേക്ഷണം ചെയ്ത രണ്ട് വീഡിയോ ഉള്‍പ്പെടെ ഹൈക്കോടതി അഭിഭാഷക ശ്രീരജ ശ്രീമോള്‍ പോക്‌സോ ആക്ട് സെക്ഷന്‍ 13 പ്രകാരം സംസ്ഥാന ഹോം സെക്രട്ടറിക്കും ഡി ജി പി ക്കും കളമശ്ശേരി പോലീസിനു കൊടുത്ത പരാതിയെ പറ്റി കേരളാ പോലീസ് കോടതിയില്‍ ഒരക്ഷരം മിണ്ടിയില്ല എന്നതാണ്.

പോക്‌സോ ആക്ട് പ്രകാരം ആര്‍ക്കും പരാതി കൊടുക്കാം എന്നിരിക്കെ ഒരു കുറ്റകൃത്യം നടന്നതായി വിവരമോ പരാതിയോ ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ 6 മാസം ശിക്ഷയുള്ള കേസ് രജിസ്റ്റര്‍ ചെയ്യണം എന്നിരിക്കെയാണ് ഈ റിട്ടണ്‍ പരാതി കേസ് രജിസ്റ്റര്‍ ചെയ്യാതെ കേരളാ പോലീസ് മുക്കി വെച്ചിരിക്കുന്നത്.

ഇനിയാണ് ട്വിസ്റ്റ്.

അരുണ്‍ കുമാറും ഷഹബാസ് അഹമ്മദും കോടതിയെ സമീപിച്ചത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചുമതലക്കാര്‍ എന്ന വിലാസത്തില്‍ ആണ്.

ശ്രദ്ധിക്കണം...

'റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്.'

ചൂട് കോഫി ആന്‍ഡ് പുളിച്ച കോമഡി വിത്ത് അരുണ്‍...

തിരികെ വരാം...

ഒരു ചെറിയ ഇടവേളക്ക് ശേഷം.






 



 


 


Similar News