'ഇന്ന് കമ്മിറ്റിക്ക് പോകണ്ടല്ലോ, റിപ്പോര്‍ട്ടര്‍ കണ്ടാല്‍ മതിയല്ലോ!' ഉടുമ്പന്‍ചോലയില്‍ താന്‍ മത്സരിക്കില്ലെന്ന വാര്‍ത്തയ്ക്ക് 'സ്‌മൈലി'യുമായി സാക്ഷാല്‍ മണിയാശാന്റെ മാസ് മറുപടി; മകള്‍ സുമ സുരേന്ദ്രന്‍ പിന്‍ഗാമിയാകുമോ? ആരോഗ്യപ്രശ്‌നത്താല്‍ കളം വിടുന്നു എന്ന് പ്രചാരണം; എം എം മണി പടിയിറങ്ങുമോ?
എം എം മണി പടിയിറങ്ങുമോ?
ഇടുക്കി: സംസ്ഥാനത്ത് ഏപ്രില്‍ രണ്ടാം വാരം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍ഡിഎഫും, യുഡിഎഫും ബിജെപിയുമെല്ലാം ജാഥകളും യാത്രകളുമായി സജീവമായി കഴിഞ്ഞു. മറ്റൊരു വശത്ത് സ്ഥാനാര്‍ഥി ചര്‍ച്ചകളും തകൃതിയായി നടക്കുന്നു. നിലവിലുള്ള ജനപ്രതിനിധികള്‍, തന്നെ മാറ്റുരയ്ക്കുമോ, അതോ പഴയവര്‍ മാറി പുതുമുഖങ്ങള്‍ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുമോ, തുടങ്ങിയ ചര്‍ച്ചകളും പുരോഗമിക്കുന്നു.
അതിനിടെ, റിപ്പോര്‍ട്ടര്‍ ടിവിയില്‍ വന്ന ഒരു വിശകലനവും, അതിനൊടുളള ഉടുമ്പന്‍ചോല എംഎല്‍എയും മുന്‍ മന്ത്രിയുമായ എം എം മണിയുടെ പ്രതികരണവും കൗതുകകരമായി. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം എം എം മണി മത്സരിച്ചേക്കില്ല എന്നായിരുന്നു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. മണിയുടെ മകളും രാജാക്കാട് ഏരിയ സെക്രട്ടറിയുമായ സുമ സുരേന്ദ്രന്‍ മത്സരിച്ചേക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷൈല സുരേന്ദ്രനും പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
റിപ്പോര്‍ട്ടര്‍ ടിവി ബിഗ് ബ്രേക്കിങ്ങിന്റെ താഴെ സാക്ഷാല്‍ മണിയാശാന്‍ തന്നെ കമന്റുമായി എത്തി. ' ഇന്ന് കമ്മിറ്റിക്ക് പോകണ്ടല്ലോ? റിപ്പോര്‍ട്ടര്‍ കണ്ടാല്‍ മതിയല്ലോ എന്നായിരുന്നു സ്‌മൈലിയുടെ അകമ്പടിയോടെ എം എം മണിയുടെ കമന്റ്.
ഉടുമ്പന്‍ചോലയില്‍ കഴിഞ്ഞ തവണ മന്ത്രി എം.എം.മണിക്ക് വന്‍വിജയമായിരുന്നു. 25,000-ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എംഎം മണി ഉടുമ്പന്‍ചോല മണ്ഡലം നിലനിര്‍ത്തിയത്. മന്ത്രി സ്ഥാനത്തിരുന്ന് കൊണ്ടാണ് എം എം മണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2016ല്‍ വെറും 1109 വോട്ടുകള്‍ക്കായിരുന്നു മണിയുടെ ജയം. ആ ഭൂരിപക്ഷമാണ് പതിനായിരങ്ങള്‍ വര്‍ധിപ്പിച്ച് മിന്നുംജയം നേടിയത്.
2025 ഏപ്രിലില്‍ മധുരയില്‍ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെ, എം എം മണിക്ക് ഹൃദയാഘാതമുണ്ടാകുകയും, അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താലാണ് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മണിയാശാന്‍ വീണ്ടും മത്സരിക്കില്ലെന്ന പ്രചാരണം.
അടുത്തിടെ, തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയത്തെക്കുറിച്ചുള്ള എം എം മണിയുടെ പ്രതികരണം വിവാദമായിരുന്നു. ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. തോല്‍വിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
