സിന്ധുനദീ തടത്തില്‍ വമ്പന്‍ പദ്ധതിയുമായി ഇന്ത്യ; 12 ജിഗാവാട്ട് ജലവൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ പദ്ധതികള്‍ക്ക് സാധ്യതാപഠനം നടത്താന്‍ നിര്‍ദേശം; ചെനാബ് നദിയിലെ സലാല്‍ ഡാമില്‍നിന്നുള്ള ജലമൊഴുക്ക് നിയന്ത്രിച്ച ഇന്ത്യ നല്‍കിയത് ഒരും സാംപിള്‍ മാത്രം; പാക്കിസ്ഥാന്റെ മുച്ചൂടും മുടിപ്പിക്കുന്ന നീക്കവുമായി മുന്നോട്ട്
സിന്ധുനദീ തടത്തില്‍ വമ്പന്‍ പദ്ധതിയുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഭീകവാദത്തിന് പ്രോത്സാഹനം നല്‍കുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ചതിനുപിന്നാലെ നദികള്‍ക്കുമേലുള്ള നിയന്ത്രണം കടുപ്പിക്കാനായി കൂടുതല്‍ ജലവൈദ്യുതപദ്ധതികള്‍ തുടങ്ങാനാണ് ഇന്ത്യ ഒരുങ്ങഉന്നത്. ഇത് ജലയുദ്ധമാണെന്ന് ആരോപിച്ചു പാക്കിസ്ഥാന്‍ രംഗത്തുവന്നെങ്കിലും അതൊന്നും വകവെക്കാതെ മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ നീക്കം. ശക്തമായി തന്നെ പ്രതികരിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
12 ജിഗാവാട്ട് ജലവൈദ്യുതി ഉത്പാദനത്തിനാവശ്യമായ പദ്ധതികള്‍ക്ക് സാധ്യതാപഠനം നടത്താന്‍ കേന്ദ്ര ജലശക്തിമന്ത്രാലയം, നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനോട് നിര്‍ദേശിച്ചു. അതിനിടെ, ചെനാബ് നദിയിലെ സലാല്‍ ഡാമില്‍നിന്നുള്ള ജലമൊഴുക്കും ഇന്ത്യ നിയന്ത്രിച്ചു. ബഗ്‌ളിഹാര്‍ ഡാമില്‍നിന്നുള്ള ഒഴുക്ക് നേരത്തേ നിയന്ത്രിച്ചിരുന്നു. കൂടുതല്‍ ഡാമുകളില്‍നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാന്‍ അന്‍പതിലധികം സാങ്കേതികവിദഗ്ധരെ ഇന്ത്യ നിയോഗിച്ചു.
ഇവരെ ഇന്ത്യ കശ്മീരിലേക്കയച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താനെതിരേ ഇന്ത്യ പ്രഖ്യാപിച്ച ഉപരോധനടപടികളുടെ ഭാഗമായാണ് സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചത്. ജലവൈദ്യുത പദ്ധതികള്‍ തുടങ്ങാന്‍ നേരത്തേ ഇന്ത്യ നീങ്ങിയെങ്കിലും നദീജലക്കരാര്‍ വ്യവസ്ഥകളുയര്‍ത്തി പാകിസ്താന്‍ എതിര്‍പ്പുന്നയിച്ചതോടെ പണി നിര്‍ത്തിവെച്ചു.
കരാര്‍ മരവിപ്പിച്ചതോടെ, കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ നിര്‍ദേശിച്ചു. സാവല്‍കോട്ട്- 1856 മെഗാവാട്ട്, പകാല്‍ദുല്‍- 1000, റാറ്റ്ല്‍- 850, ബര്‍സര്‍- 800, കിരു- 624, കിര്‍ത്തായ്-1, 2 - 1320 മെഗാവാട്ട് എന്നിവയുള്‍പ്പെടെ വിവിധപദ്ധതികളാണ് പാതിവഴിക്ക് നിലച്ചത്. ഇവ പുനരുജ്ജീവിപ്പിച്ച് പൂര്‍ണമായും ദേശീയഗ്രിഡിനോട് ബന്ധിപ്പിക്കാനാകുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇതിനുപുറമേയാണ് പുതിയ പദ്ധതികള്‍ക്കുള്ള സാധ്യതാപഠനം നടത്തുന്നത്.
കാലാവസ്ഥാ വ്യതിയാനം, ശുദ്ധജലപ്രവാഹത്തിലെ കുറവ് എന്നിവകാരണം സിന്ധുനദീതടം ചുരുങ്ങുകയാണെന്ന് അമേരിക്ക ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ പഠനം ഈയിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതടക്കം പറഞ്ഞാണ് നദീതടത്തില്‍ ഇന്ത്യ പുതിയ ജലപദ്ധതികള്‍ക്കായി നടത്തുന്ന നീക്കങ്ങളെ പാകിസ്താന്‍ എതിര്‍ത്തിരുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ ജല പങ്കിടല്‍ കരാറുകളിലൊന്നണ് സിന്ധു നദീജല കരാര്‍. 1960 സെപ്റ്റംബര്‍ 19നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഈ കരാര്‍ ഒപ്പുവെച്ചത്. ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് ഈ ഉടമ്പടി തയ്യാറാക്കിയത്. സിന്ധുനദീ സംവിധാനത്തിലെ ആറ് നദികളിലെ വെള്ളം ഇന്ത്യക്കും പാകിസ്ഥാനും വിഭജിച്ച് നല്‍കുന്നതാണ് ഈ കരാര്‍. 9 വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറില്‍ ഒപ്പുവെച്ചത്.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് കരാര്‍ മരവിപ്പിക്കാന്‍ കേന്ദ്ര കാബിനറ്റ് കമ്മിറ്റി ഓഫ് സെക്യൂരിറ്റി (സിസിഎസ്) തീരുമാനമെടുത്തത്.
എന്താണ് കരാര്‍?
1947ല്‍ ബ്രിട്ടീഷ് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ സിന്ധു നദി സംവിധാനം വലിയ പിരിമുറുക്കത്തിന് കാരണമായിരുന്നു. ടിബറ്റില്‍ ഉത്ഭവിക്കുന്ന ഈ നദി ഇന്ത്യയിലൂടെയും പാകിസ്ഥാനിലൂടെയും ഒഴുകുന്നുണ്ട്. കൂടാതെ, അഫ്ഗാനിസ്ഥാനിലെയും ചൈനയിലെയും ചില ഭാഗങ്ങളിലൂടെയും ഇത് കടന്നുപോകുന്നുണ്ട്. 1948ല്‍ ഈ നദിയിലെ ഒഴുക്കിനെ ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് പാകിസ്ഥാന്‍ യുഎന്നിനെ സമീപിച്ചു. തുടര്‍ന്ന് യുഎന്നിന്റെ നിര്‍ദേശപ്രകാരം ലോക ബാങ്കിന്റെ മധ്യസ്ഥതയിലാണ് കരാര്‍ നിലവില്‍ വന്നത്.
കിഴക്കന്‍ നദികളായ റാവി, ബിയാസ്, സത്ലജ് നദികളിലെ വെള്ളം ഇന്ത്യക്കും സിന്ധു, ഝലം, ചെനാബ് എന്നീ പടിഞ്ഞാറന്‍ നദികളിലെ വെള്ളം പാകിസ്ഥാനും ഉപയോഗിക്കാവുന്ന വിധത്തിലാണ് കരാര്‍ തയ്യാറാക്കിയത്. നദികളുടെ ഒഴുക്കിനെ ബാധിക്കാതെ ജലവൈദ്യുത ഉത്പാദനം പോലെയുള്ള പരിമിതമായ ആവശ്യങ്ങള്‍ക്കായി ഇന്ത്യയ്ക്കും പാകിസ്ഥാനും ഈ നദികളെ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍, ജല ആവശ്യങ്ങള്‍ക്കായാണ് ഈ നദികളെ പാകിസ്ഥാന്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഈ നദികള്‍ സാക്ഷ്യം വഹിച്ചു. അതിര്‍ത്തി കടന്നുള്ള വിജയകരമായ ജല ഉപയോഗത്തിന്റെ തെളിവായി ഈ കരാര്‍ നിലകൊള്ളുന്നു.
ഐഡബ്ല്യുടി മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനില്‍ കടുത്ത ജലക്ഷാമത്തിന് കാരണമായേക്കും. പാകിസ്ഥാനിലെ ഏകദേശം 80 ശതമാനം ജലവിതരണവും സിന്ധുനദിയെയും അതില്‍ നിന്നുള്ള പോഷകനദികളെയും ആശ്രയിച്ചാണുള്ളത്. അതിനാല്‍, കരാര്‍ മരവിപ്പിക്കുന്നതിലൂടെ പാകിസ്ഥാന്റെ കാര്‍ഷിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകള്‍ കാര്യമായ അപകടത്തിലാകും. ജല ആവശ്യങ്ങള്‍ക്കായി പാകിസ്ഥാന്‍ സിന്ധു നദി സംവിധാനത്തെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. കരാര്‍ മരവിപ്പിക്കുന്നതിലൂടെ പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം തടസ്സപ്പെടുകയും വ്യാപകമായ ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്യും.
പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയുടെ മൂലക്കല്ലായ കൃഷി കുറച്ച് കാലങ്ങളായി ദുര്‍ബലമാണ്. ഗോതമ്പ്, അരി, പരുത്തി തുടങ്ങിയ പ്രധാന വിളകളുടെ കൃഷിക്ക് ഗണ്യമായ ജലസേചനം ആവശ്യമാണ്. ജലക്ഷാമം ഉണ്ടാകുന്നതോടെ വിളകള്‍ നശിപ്പിക്കപ്പെട്ടേക്കാം. ഇത് ഭക്ഷ്യ സുരക്ഷയ്ക്കും ഉപജീവനമാര്‍ഗത്തെയും ബാധിക്കും. പാകിസ്ഥാന്റെ ജിഡിപിയിലേക്ക് കാര്‍ഷിക മേഖല 20 ശതമാനത്തോളമാണ് സംഭാവന നല്‍കുന്നത്. കൂടാതെ കൃഷി 40 ശതമാനം പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. ജലവിതരണം തടസ്സപ്പെടുന്നതോടെ കൃഷിയെ ബാധിക്കുകയും ദേശീയ സമ്പദ് വ്യവസ്ഥയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇത് തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
ടാര്‍ബേല, മംഗ്ല അണക്കെട്ടുകള്‍ ഉള്‍പ്പെടെയുള്ള പാകിസ്ഥാനിലെ പ്രധാനപ്പെട്ട അണക്കെട്ടുകളെല്ലാം ജലവൈദ്യുത ഉത്പാദനത്തിനായി സിന്ധുനദിയിലെ വെള്ളത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ജലപ്രവാഹം കുറയുന്നതോടെ പാകിസ്ഥാനിലെ നിലവിലുള്ള ഊര്‍ജപ്രതിസന്ധി കൂടുതല്‍ വഷളാക്കും. ഇത് കടുത്ത വൈദ്യുതിക്ഷാമത്തിലേക്കു നയിക്കും. സാമ്പത്തിക പ്രവര്‍ത്തങ്ങളുടെ താളം തെറ്റിക്കുകയും ചെയ്യും.