റിജിത്ത് വധക്കേസില്‍ 9 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം; ശിക്ഷ വിധി വരുന്നത് 19 വര്‍ഷങ്ങള്‍ക്ക് ശേഷം; റിജിത്തിനെ വധിച്ചത് ആര്‍.എസ്.എസ് ശാഖയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്; ക്ഷേത്രത്തിനടുത്ത് പതിയിരുന്ന് വെട്ടിക്കൊന്നു; ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൊലക്കത്തി എടുക്കരുതെന്ന് റിജിത്തിന്റെ മാതാവ്

റിജിത്ത് വധക്കേസില്‍ 9 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Update: 2025-01-07 05:52 GMT

കണ്ണൂര്‍: സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊലപാതകം നടന്ന് 19 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. 19 വര്‍ഷത്തിനിടെ 5 ജഡ്ജിമാരാണ് കേസില്‍ വാദം കേട്ടത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൊലക്കത്തി എടുക്കരുതെന്ന് വിധിപ്രസ്താവം അറിഞ്ഞ് റിജിത്തിന്റെ മാതാവ് പ്രതികരിച്ചു.

2005 ഒക്ടോബര്‍ മൂന്നിന് രാത്രി 7.45നാണ് കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയില്‍ ക്ഷേത്രത്തിനു സമീപം റിജിത്ത് കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ് ശാഖ നടത്തുന്നതിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് കേസ്. ക്ഷേത്രത്തിനടുത്ത കിണറിനു പിന്നില്‍ പതിയിരുന്ന പ്രതികള്‍ ആയുധങ്ങളുമായി റിജിത്തിനെയും മറ്റും ആക്രമിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കെ.വി. നികേഷ്, ആര്‍.എസ്. വികാസ്, കെ.എന്‍. വിമല്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. വാക്കത്തി, കഠാര, വടിവാള്‍, വലിയ കഠാര, സ്റ്റീല്‍പൈപ്പ് എന്നിവയാണ് കൊലക്ക് ഉപയോഗിച്ചത്. ചോരപുരണ്ട ആയുധങ്ങളും പ്രതികളുടെ വസ്ത്രവും പൊലീസ് കണ്ടെത്തി. വീട്ടിലേക്ക് നടന്നുപോവുമ്പോഴായിരുന്നു ആക്രമണം.

10 പ്രതികളുണ്ടായിരുന്ന കേസില്‍ മൂന്നാം പ്രതി കണ്ണപുരം ചുണ്ടയിലെ കൊത്തില താഴെവീട്ടില്‍ അജേഷ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. മറ്റുപ്രതികളായ കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടന്‍ വീട്ടില്‍ സുധാകരന്‍ (57), കോത്തിലതാഴെ വീട്ടില്‍ ജയേഷ് (41), ചാങ്കുളത്ത്പറമ്പില്‍ രഞ്ജിത്ത് (44), പുതിയപുരയില്‍ അജീന്ദ്രന്‍ (51), ഇല്ലിക്കവളപ്പില്‍ അനില്‍കുമാര്‍ (52), പുതിയപുരയില്‍ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടില്‍ ശ്രീകാന്ത് (47), സഹോദരന്‍ ശ്രീജിത്ത് (43), തെക്കേവീട്ടില്‍ ഭാസ്‌കരന്‍ (67) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ കൊലപാതകം (302), വധശ്രമം (307), അന്യായമായി സംഘംചേരല്‍ (143), സംഘം ചേര്‍ന്ന് ലഹളയുണ്ടാക്കല്‍ (147), തടഞ്ഞുവെക്കല്‍ (341), ആയുധം ഉപയോഗിച്ച് പരിക്കേല്‍പിക്കല്‍ (324) വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, 10 പ്രതികള്‍ ആയുധവുമായി സംഘം ചേര്‍ന്നതിന് 148, 149 വകുപ്പ് പ്രകാരം കുറ്റക്കാരാണ്.

വളപട്ടണം സി.ഐ ടി.പി. പ്രേമരാജനാണ് കേസ് അന്വേഷിച്ചത്. 2006 മാര്‍ച്ച് 14ന് കുറ്റപത്രം നല്‍കി. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലുകളും അടയാളപ്പെടുത്തി. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി. ശശീന്ദ്രന്‍ ഹാജരായി.

Tags:    

Similar News