കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഢംബര വീട്ടില്‍ താമസം; സുഹൃത്തുക്കളുമായി പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ കയറി മദ്യപാനവും പ്രത്യേക പാര്‍ട്ടിയും; കൈയില്‍ കാശു തീര്‍ന്നപ്പോള്‍ മോഷണം; വിദേശത്തു നഴ്‌സായ ഭാര്യയുടെ ഭര്‍ത്താവ് വീട്ടില്‍ കഴിഞ്ഞത് പിടിയിലാകില്ലെന്ന ആത്മവിശ്വാസത്തില്‍; പോലീസ് എത്തിയപ്പോള്‍ ഞെട്ടല്‍
കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഢംബര വീട്ടില്‍ താമസം
തൃശ്ശൂര്‍: ചാലക്കുടിയിലെ നാട്ടുകാരും ഞെട്ടിയിരിക്കയാണ്. കോടികള്‍ മുടക്കി കൊട്ടാരസദൃശ്യമായ വീട്ടില്‍ താമസിക്കുന്ന റിജോയാണ് മോഷണ കേസില്‍ പിടിയിലായത്. ഇതോടെ ഇയാള്‍ക്ക് ഇതിന്റെ ആവശ്യമെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. പണിയെടുക്കാതെ ഭാര്യ അയച്ചു നല്‍കിയ പണം കൊണ്ട് ധൂര്‍ത്തടിച്ചണ് റിജോ ജീവിച്ചത്. വിദേശത്തുള്ള ഭാര്യ നാട്ടിലേക്ക് അയച്ച പണം സുഹൃത്തുക്കള്‍ക്ക് ചെലവ് ചെയ്തു മദ്യപിച്ചും തീര്‍ത്തു. അടുത്തമാസം ഭാര്യ മടങ്ങി വരുമ്പോള്‍ പണം നല്‍കാന്‍ ഇല്ലാത്തതിനാല്‍ ആണ് മോഷണം നടത്തിയത്. ഭാര്യ വിദേശത്ത് നിന്ന് അയച്ചുകൊടുത്ത പണം ആഡംബര ജീവിതത്തിനായിരുന്നു ഉപയോഗിച്ചിരുന്നത്.
ആഡംബര ജീവിതം നയിച്ചാണ് റിജോ കടം വരുത്തിവെച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ ഇയാള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയാണ് പണം അയച്ചു നല്‍കിയിരുന്നത്. ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ച് നല്‍കിയിരുന്നത്. ഈ പണമാണ് ആഡംബരത്തിനായി ഉപയോഗിച്ചത്. ഫൈവ് സ്റ്റാര്‍ ബാറുകളിലെത്തി മദ്യപിച്ചും, സുഹൃത്തുക്കള്‍ക്ക് പ്രത്യേക പാര്‍ട്ടി നല്‍കിയുമാണ് പണം ചെലവഴിച്ചത്. ഒടുവില്‍ കടം വരുത്തി. പിന്നാലെ അടുത്തമാസം ഭാര്യ നാട്ടിലേക്ക് തിരികെ എത്തുമെന്ന അറിയിപ്പ് ലഭിച്ചതോടെയാണ് കവര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
ബാങ്കിന് എതിര്‍വശത്തുള്ള പള്ളിയിലെത്തിയപ്പോഴാണ് പ്രതിയുടെ ശ്രദ്ധയില്‍ ബാങ്ക് പെടുന്നത്. തുടര്‍ന്ന് ബാങ്കിനെ നിരീക്ഷിക്കുകയും ബാങ്കിലെ സാഹചര്യങ്ങള്‍ മനസിലാക്കുകയും ചെയ്യുകയായിരുന്നു. ബാങ്കിനകത്ത് കയറി സാഹചര്യങ്ങള്‍ മനസിലാക്കിയ ശേഷം കൃത്യമായി പ്ലാന്‍ ചെയ്ത് കവര്‍ച്ച നടത്തിയത്. കൂടുതല്‍ പണം എടുക്കാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ കിട്ടിയ പണവുമായി സ്ഥലം വിടുകയായിരുന്നുവെന്ന് പ്രതി പറയുന്നു. മൂന്ന് മിനിറ്റുകൊണ്ടാണ് ബാങ്കില്‍ കവര്‍ച്ച നടത്തിയത്.
ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ ആയിരുന്നു മോഷണം. ക്യാഷ് കൗണ്ടറില്‍ എത്തിയ മോഷ്ടാവ് കൗണ്ടര്‍ പൊളിച്ച് പണം കവര്‍ന്നു. കൗണ്ടറില്‍ 45 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും 5 ലക്ഷം വീതമുള്ള 3 കെട്ടുകള്‍ ആണ് മോഷ്ടാവ് കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സ്‌കൂട്ടറില്‍ കയ്യുറകളും ഹെല്‍മെറ്റും, ജാക്കറ്റും ധരിച്ചെത്തിയ മോഷ്ടാവ് ബാങ്കിലേക്ക് ഇരച്ചു കയറുകയായിരുന്നു. തുടര്‍ന്നായിരുന്നു ജീവനക്കാരെ ബന്ദിയാക്കി കവര്‍ച്ച നടത്തിയത്.
പ്രതിക്ക് അരക്കോടിയോളം രൂപ കടം ഉണ്ടായിരുന്നു. നാട്ടിലെത്തിയ റിജോയ്ക്ക് ജോലിയില്ലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന പ്രതിയുടെ മൊഴി പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുറച്ച് പണം ചെലവാക്കിയെന്നും പ്രതി സമ്മതിച്ചു. കൊള്ള നടത്തിയ ബാങ്കിന് സമീപമായിരുന്നു പ്രതി താമസിച്ചത്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പരിശോധിക്കുമെന്ന് എസ്പി പറഞ്ഞു.
മോഷ്ടിച്ച പണത്തില്‍ മൂന്ന് കെട്ടില്‍ രണ്ട് കെട്ടും ഒരു കെട്ടിലെ കുറച്ചു പൈസയും അലമാരയില്‍ ഉണ്ടായിരുന്നു. ബാക്കിയുള്ള പണം കാടു കുറ്റിയിലുള്ള പലിശക്കാരന് കടംവാങ്ങിയ തുക തിരിച്ച് കൊടുത്തുവെന്നാണ് പ്രതിയുടെ മൊഴി. പ്രതി റിജോയ്ക്ക് 2 കുട്ടികള്‍ ഉണ്ട്. ഇളയ പെണ്‍കുട്ടി നാലാം ക്ലാസ്സിലും. മൂത്ത ആണ്‍കുട്ടി പ്ലസ് വണ്ണിലും പഠിക്കുന്നു. 2020 മുതല്‍ പ്രതി നാട്ടില്‍ ഉണ്ട്. നാട്ടില്‍ മറ്റ് ജോലി ഒന്നും ചെയ്തിരുന്നില്ല. മേലൂര്‍ ആയിരുന്നു താമസം രണ്ടുവര്‍ഷമായി പോട്ട ആശാരി പാറയില്‍ വീട് പണിത് താമസിക്കുകയായിരുന്നു റിജോ.
പോലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായമാകയത്. ഞായറാഴ്ച രാത്രിയോടെ പോട്ടയിലെ സ്വന്തം വീട്ടില്‍ നിന്നാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. മോഷണം നടത്തുന്നതിനായി കൃത്യമായ ആസൂത്രണങ്ങള്‍ പ്രതി നടത്തിയിരുന്നതായും അന്വേഷണം വഴിതിരിച്ചുവിടാന്‍ പ്രതി ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു. എന്നാല്‍, അതിബുദ്ധി പ്രയോഗിച്ച കള്ളനേയും കടത്തിവെട്ടുന്ന ബുദ്ധിയും തന്ത്രവും പ്രയോഗിച്ചാണ് കേരള പോലീസ് പ്രതിയെ വീട്ടിലെത്തി പൊക്കിയത്.
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിന് സമാനമായിരിക്കും ഈ കേസുമെന്ന് പോലീസ് ആദ്യംതന്നെ വിലയിരുത്തിയിരുന്നു. കടബാധ്യത തീര്‍ക്കാനായിക്കാം പ്രതി മോഷണം നടത്തിയത് എന്ന നിഗമനത്തിലും പോലീസ് എത്തി. കാരണം ബാങ്കില്‍ കൂടുതല്‍ പണം ഉണ്ടായിരുന്നെങ്കിലും ഇയാള്‍ 15 ലക്ഷം മാത്രമാണ് എടുത്തത്. സ്ഥിരം ക്രിമിനലാണെങ്കില്‍ ആ പണം മുഴുവന്‍ എടുത്തേനെ എന്നും, എന്തോ തരത്തിലുള്ള സാമ്പത്തിക ബാധ്യത ഇല്ലാതാക്കാനായി ശ്രമിച്ച ആരോ ആണ് കൃത്യത്തിന് പിന്നിലുള്ളത് എന്നുമുള്ള അനുമാനത്തിലായിരുന്നു പോലീസ്. പ്രതി ബാങ്കിന്റെ പരിസരപ്രദേശത്ത് തന്നെയുള്ള വ്യക്തിയായിരിക്കാമെന്നും പോലീസ് കണക്കുകൂട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങി.
പോലീസിനെ കബളിപ്പിക്കാനായി പ്രതി നടത്തിയ ശ്രമങ്ങള്‍ ആദ്യഘട്ടത്തില്‍ ചെറുതായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടംചുറ്റിച്ചിരുന്നു. ദേശീയപാതയിലേക്ക് കയറി സ്‌കൂട്ടറില്‍ പോകുന്ന ഒരാള്‍ക്ക് ക്യാമറകള്‍ വെട്ടിച്ചുപോകാന്‍ കഴിയില്ല എന്നായിരുന്നു പോലീസിന്റെ വിശ്വാസം. കൊരട്ടി പള്ളിയുടെ ഭാഗംവരെയുള്ള ക്യാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുമുണ്ട്. ഇവിടെനിന്നും ഇടവഴികളിലൂടെ ക്യാമറകളില്‍ പതിയാതെ രക്ഷപ്പെടാനാണ് ശ്രമിച്ചത്. പിന്നീടുള്ള പ്രധാന ക്യാമറകളിലൊന്നും ഇയാളുടെ ദൃശ്യങ്ങള്‍ പതിയാതെ വന്നതോടെയാണ് പോലീസ് ഊടുവഴികളിലും ഈ പ്രദേശങ്ങളില്‍ ഒളിച്ചിരിക്കാന്‍ സാധിക്കുന്ന ഇടങ്ങളിലുമെല്ലാം അന്വേഷണം ശക്തമാക്കിയത്.
ഇത്, നേരത്തെയുള്ള പോലീസിന്റെ കണക്കുകൂട്ടല്‍ ശരിവയ്ക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ പ്രതി ചാലക്കുടിയും പരിസരപ്രദേശങ്ങളും വിട്ട് പോയിട്ടില്ല എന്ന ഉത്തമബോധ്യത്തോടെയാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഈ അന്വേഷണത്തില്‍ നിന്നാണ് പോലീസിന് പ്രതിയെക്കുറിച്ചുള്ള നിര്‍ണായകമായ ലീഡ് ലഭിച്ചത്. പോലീസ് അന്വേഷണം ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലും വ്യാപിപ്പിക്കും എന്ന് പ്രതി കരുതിയിരുന്നില്ല. ആ ധൈര്യത്തിലാണ് ഇയാള്‍ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടിയത്. എന്നാല്‍ പോലീസ് ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു. പ്രതിയുടെ ചിന്ത ഈ വഴിക്കായിക്കും എന്ന് കരുതിത്തന്നെയാണ് പോലീസ് സംഘം അന്വേഷണം മുന്നോട്ട് നയിച്ചത്.
ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലുമുള്ള മിക്ക ഊടുവഴികളിലും ഉള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. മാത്രമല്ല, മോഷണത്തിനായി ഇയാള്‍ ബാങ്കിലേക്ക് എത്തിയ വഴികളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇയാള്‍ സഞ്ചരിച്ച വഴികളിലുള്ള സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് ചിലയിടങ്ങളില്‍ ഇയാളെ കാണാതാകുന്നതായി മനസിലായി. ഇയാള്‍ സഞ്ചരിച്ചിരുന്ന റൂട്ടില്‍ ചില സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ ഉണ്ടാകും, എന്നാല്‍ ചിലയിടങ്ങളില്‍ ഉണ്ടാകില്ല. സ്വാഭാവികമായും എവിടെയൊക്കെ വെച്ചാണ് ഇയാള്‍ സിസിടിവികളില്‍ നിന്ന് മറഞ്ഞ് സഞ്ചരിച്ചത് എന്നത് സംബന്ധിച്ച് പോലീസ് വിശദമായി അന്വേഷിച്ചു.
പ്രധാനവഴികളിലെ സിസിടിവികളില്‍ നിന്ന് ഒഴിഞ്ഞ് പ്രതി സഞ്ചരിച്ച ഊടുവഴികളിലൂടെയായി പിന്നീട് പോലീസിന്റെ അന്വേഷണം. ഈ ഊടുവഴികളില്‍ ഉണ്ടായിരുന്ന ചില സിസിടിവികളില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടായിരുന്നു. ഇതോടെ പോലീസ് ഊടുവഴികള്‍ ചുറ്റിപ്പറ്റിയുള്ള അന്വേഷണം വ്യാപിപ്പിച്ചു. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനമായിരുന്നു പോലീസിനെ ചുറ്റിച്ച മറ്റൊരു സംഗതി. വാഹനം സംബന്ധിച്ച് ഒരു വിവരവും പോലീസിന് ലഭിക്കാതിരിക്കാന്‍ പ്രതി ശ്രദ്ധിച്ചിരുന്നു. സിസിടിവികളില്‍ പോലും നമ്പര്‍ പ്ലേറ്റിലെ KL എന്നതൊഴിച്ച് മറ്റൊന്നും പതിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ചാലക്കുടിയില്‍ മാത്രമല്ല, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ഈ മോഡല്‍ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെയെല്ലാം വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.
ഇതുകൂടാതെ മോഷണം നടന്ന ബാങ്കില്‍ അക്കൗണ്ടുള്ള ആളുകളെയും അവരില്‍ കാണാതായ ആളുകളെ കേന്ദ്രീകരിച്ചും പോലീസ് വ്യക്തമായ അന്വേഷണം നടത്തി. ഇത്തരത്തിലാണ് പോലീസ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്. ഞായറാഴ്ച രാത്രിയോടെയാണ് പോലീസ് സംഘം ചാലക്കുടിയിലുള്ള പ്രതിയുടെ വീട്ടിലെത്തിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതി സ്ഥിരമായി ബാങ്കില്‍ എത്തുകയും അവിടുത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസിലാക്കുകയും ചെയ്തിരുന്നു. ഉച്ച സമയത്ത് ബാങ്കില്‍ എത്ര ജീവനക്കാര്‍ ഉണ്ടാകുമെന്നും ആരൊക്കെ എന്തൊക്കെ കാര്യങ്ങളില്‍ വ്യാപൃതരായിരിക്കുമെന്നും പ്രതി കൃത്യമായി മനസിലാക്കിയിരുന്നു. ശേഷമാണ് വളരെ വിശദമായി ആസൂത്രണം ചെയ്ത് മോഷണം നടപ്പിലാക്കിയത്.