'എന്റെ കുഞ്ഞ് ചതഞ്ഞ് പോയി മക്കളേ... അത്രേം നേരം അവള്‍ മണ്ണിനടിയില്‍ കിടക്കുവാരുന്നു...' ചാണ്ടി ഉമ്മന് മുന്നില്‍ എണ്ണിപ്പെറുക്കി നെഞ്ചു പൊട്ടിക്കരഞ്ഞ് ബിന്ദുവിന്റെ അമ്മ; 'ഇട്ടേച്ച് പോകല്ലമ്മാ...' എന്ന് പറഞ്ഞ് നെഞ്ചു പിളരുന്ന നിലവിളിയുമായി നവനീത്; കരഞ്ഞു തളര്‍ന്ന് നവമി; ബിന്ദുവിന് കണ്ണീരോടെ വിടനല്‍കി നാട്

'എന്റെ കുഞ്ഞ് ചതഞ്ഞ് പോയി മക്കളേ... അത്രേം നേരം അവള്‍ മണ്ണിനടിയില്‍ കിടക്കുവാരുന്നു

Update: 2025-07-04 07:14 GMT

തലയോലപ്പറമ്പ്: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്ന് മരിച്ചു ബിന്ദുവിന് കണ്ണീരോടെ വിടനല്‍കി നാട്. ആയിരങ്ങളാണ് ബിന്ദുവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത്. സംസ്‌ക്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ പുരോഗമിക്കുകയാണ്. പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തില്‍ അലമുറയിട്ടു കരഞ്ഞ മകന്‍ നവനീതും മകള്‍ നവമിയും കണ്ടു നിന്നവരുടെ കണ്ണു നിറയിച്ചു. ബിന്ദുവിന്റെ അമ്മയുടെ വാക്കുകളും കണ്ണീരായി മാറി.

'അമ്മാ.... എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ... ഇട്ടേച്ച് പോകല്ലാമ്മാ...' അലമുറയിട്ട് കരയുന്ന നവനീതിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി. മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അതിവൈകാരിക നിമിഷങ്ങള്‍ക്കായിരുന്നു ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട് സാക്ഷ്യം വഹിച്ചത്. രാവിലെ 10 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. 12 മണിക്കാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.

ഇതുവരെ ഒപ്പം സഞ്ചരിച്ച പ്രിയപ്പെട്ടവള്‍ ഇനി കൂടെയില്ലെന്ന തിരിച്ചറിവില്‍, മക്കളെ ഇനി എന്തുപറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ മൃതദേഹത്തിന് മുമ്പില്‍ നെഞ്ചുപൊട്ടി നിസ്സഹായതയോടെ ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ നിന്നു. ബിന്ദുവിന്റെ വീട്ടിലെ കാഴ്ചകള്‍ കണ്ടുനില്‍ക്കാനാകാതെ തേങ്ങുകയാണ് ഒരു ഗ്രാമം മുഴുവനും.

'എന്റെ കുഞ്ഞ് ചതഞ്ഞ് പോയി മക്കളേ... ഇനിയൊന്നും ബാക്കിയില്ല മക്കളേ... ഞാന്‍ കുറേ നേരം ഫോണ്‍ വിളിച്ചിട്ടും അവള്‍ എടുത്തില്ല.. അത്രേം നേരം അവള്‍ മണ്ണിനടിയില്‍ കിടക്കുവാരുന്നു മോനേ... എന്റെ കുഞ്ഞ് പോയീ...' -ആശ്വസിപ്പിക്കാന്‍ എത്തിയ ചാണ്ടി ഉമ്മന്‍ എം.എല്‍.എയോട് പൊട്ടിക്കരഞ്ഞ് കൊണ്ട് മരിച്ച ബിന്ദുവിന്റെ അമ്മ സീത ലക്ഷ്മി പറയുന്നത് കണ്ടുനിന്നവരെ സങ്കടക്കടലിലാഴ്ത്തി.

'അവളാണ് രണ്ട് രണ്ട് കുഞ്ഞുങ്ങളേയും നോക്കുന്നത്. തുണിക്കടേല്‍ പോയി കിട്ടുന്ന കാശും എന്റെ പെന്‍ഷനും കൊണ്ടാണ് ജീവിക്കുന്നത്. കിളക്കാനും മണ്ണ് കോരാനും പോകല്ലേന്ന് ഞാന്‍ മോനോട് പറഞ്ഞതാ എന്റെ പൊന്ന് സാറന്‍മാരേ... ഞാനെന്ത് ചെയ്യും മക്കളേ.. എന്റെ കുഞ്ഞുങ്ങളെ എന്തുചെയ്യും മക്കളേ... അമ്മേ ഇല്ലായ്മയൊന്നും ആരോടും പറയല്ലേ അമ്മേന്ന് അവള് പറയുമായിരുന്നു ...' സീതാലക്ഷ്മി ചാണ്ടി ഉമ്മന്റെ കൈപിടിച്ച് കൊണ്ട് കരച്ചില്‍ തുടര്‍ന്നു. തുടര്‍ന്ന് അമ്മയെ ചേര്‍ത്തുപിടിച്ച് ചാണ്ടി ആശ്വസിപ്പിച്ചു.

ഫ്രീസറിന് സമീപം മക്കളായ നവനീതും നവമിയും ഭര്‍ത്താവ് വിശ്രുതനും വയോധികയായ അമ്മ സീതാലക്ഷ്മിയും കരഞ്ഞ് തളര്‍ന്നിരിക്കുന്നതും നൊമ്പരക്കാഴ്ചയായി. കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച തലയോലപ്പറമ്പ് കുന്നില്‍ വിശ്രുതന്റെ ഭാര്യ ഡി. ബിന്ദുവിന്റെ മൃതദേഹം പണിതീരാത്ത വീടിന്റെ മുറ്റത്താണ് പൊതുര്‍ശനത്തിന് വെച്ചത്. ഇന്നലെ രാത്രി മെഡിക്കല്‍ കോളജില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വിട്ടുനല്‍കിയ മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് ഇന്ന് രാവിലെ തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെക്കുകയിരുന്നു.

ബിന്ദുവിന്റെ മൃതദേഹം കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ഒഴുകിയെത്തുകയാണ് ജനങ്ങള്‍. ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ മകന്‍ നവനീതും മകള്‍ നവമിയും നെഞ്ചുപൊട്ടി അമ്മയുടെ ശരീരത്തോട് ചേര്‍ന്നു. തങ്ങളുടെ ആകെയുള്ള അത്താണിയായിരുന്ന അമ്മ ഇനി ഇല്ലെന്നത് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല ഇരുവര്‍ക്കും. രണ്ടാഴ്ച കഴിഞ്ഞാല്‍ നവമിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനുവേണ്ടിയുള്ള ചികിത്സയ്ക്കായിരുന്നു ബിന്ദു കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത്. അവിടെയുണ്ടായ ദുരന്തം അവരുടെ ജീവനെടുക്കുകയായിരുന്നു.

സിവില്‍ എഞ്ചിനീയറിങ് കഴിഞ്ഞ് എറണാകുളത്ത് ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു നവനീത്. കഴിഞ്ഞ ദിവസമാണ് നവനീതിന് ശമ്പളം കിട്ടിയത്. പതിനായിരം രൂപയായിരുന്നു. ഇതുമായി അച്ഛന്റെ അടുത്തെത്തിയത്. അച്ഛാ ശമ്പളം കിട്ടി എന്ന് പറഞ്ഞപ്പോള്‍... അത് അമ്മയെ ഏല്‍പ്പിക്കാനായിരുന്നു വിശ്രുതന്‍ പറഞ്ഞത്. എന്നാല്‍, ആ ആഗ്രഹം സഫലമാകുന്നതിന് മുമ്പ് അമ്മ പോയി, ഇനി ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക്... അമ്മ ഇനിയില്ലെന്ന തിരിച്ചറിവില്‍ നവനീത് അലമുറയിട്ട് കരഞ്ഞു. ആ കാഴ്ച കണ്ടുനില്‍ക്കാനാവുമായിരുന്നില്ല.

മകളുടെ ചികിത്സാര്‍ഥം ബിന്ദു ദിവസങ്ങള്‍ക്കുമുമ്പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. അമ്മയെ കാണാനില്ലെന്ന് മകള്‍ ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ജെ.സി.ബി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകള്‍ നവമിയെ (20) ശസ്ത്രക്രിയക്ക് ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

മൂന്നാഴ്ച ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സക്കുശേഷമാണ് ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. ഇതിനായി ജൂലൈ ഒന്നിനാണ് വിശ്രുതനും ബിന്ദുവും മകള്‍ നവമിയുമായി ആശുപത്രിയില്‍ എത്തിയത്. ട്രോമ കെയര്‍ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് അവിടെ മറ്റ് സ്ത്രീകളും ഉണ്ടായിരുന്നു. എന്നാല്‍, കെട്ടിടം തകരുന്ന ശബ്ദംകേട്ട് പലരും അവിടെനിന്ന് മാറി. കുളിക്കുന്നതിനിടെയായിരുന്നു അപകടം എന്നതിനാലാകാം ബിന്ദുവിന് രക്ഷപ്പെടാന്‍ കഴിയാതിരുന്നത്.

തൊട്ടരികില്‍ രണ്ട് മന്ത്രിമാരും പരിവാരങ്ങളും പൊലീസ് സംഘവുമുണ്ടായിരുന്നിട്ടും ആ നേരമത്രയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനുവേണ്ടി പിടയുകയായിരുന്നു ബിന്ദുവെന്ന വീട്ടമ്മ. ശസ്ത്രക്രിയ കഴിഞ്ഞ മകളുടെ കൂട്ടിരിപ്പുകാരിയായ അവര്‍ കുളിക്കാന്‍ കയറിയത് ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലേക്കായിരുന്നു. ഒരുപക്ഷേ, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രണ്ട് മന്ത്രിമാര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കില്‍ ഒരുജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഏറെ.

മെഡിക്കല്‍ കോളജിലെ മൂന്നുനിലകളിലായാണ് 10, 11, 14 വാര്‍ഡുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ മൂന്നുനിലകളുടെയും ശൗചാലയങ്ങള്‍ പ്രധാന കെട്ടിടത്തില്‍നിന്ന് പുറത്തേക്ക് തള്ളിയ നിലയിലാണ് സ്ഥിതിചെയ്തിരുന്നത്. പ്രധാന കെട്ടിടത്തോട് പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതാണിവ. ഇതില്‍ 10ാം വാര്‍ഡിനോട് ചേര്‍ന്നുള്ള ശൗചാലയത്തില്‍ കുളിക്കാന്‍ കയറിയപ്പോഴാണ് മൂന്നുനിലകളിലെയും ടോയ്‌ലറ്റുകള്‍ ഒന്നടങ്കം ഇടിഞ്ഞുവീണത്.

Tags:    

Similar News