കാണികള്‍ അല്ലേ സര്‍.... ഒന്ന് കള പറിക്കാന്‍ ഇറങ്ങിയതാ എന്ന് രാജീവ്; സുപ്രിയാ മേനോന്‍ അറിയാന്‍.... നല്ലോണം ആളറിഞ്ഞു തന്നെയാണ് കളിക്കുന്നത്.... ആരാണ് പുറകിലെന്നൊക്കെ നന്നായി മനസ്സിലാക്കി തന്നെയാണ് ഈ കളിക്കിറങ്ങുന്നതെന്ന് യുവരാജും; എമ്പുരാന്റെ റീ സെന്‍സറിംഗില്‍ ചര്‍ച്ചയാകുന്നത് 'ആളറിഞ്ഞ് കളിക്കെടാ' എന്ന പൃഥ്വിയുടെ ഭാര്യയുടെ പഞ്ച്
കൊച്ചി: എമ്പുരാന്‍ റിലീസാവാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ പൃഥ്വിരാജിന് പൂര്‍ണപിന്തുണയറിച്ച് ഭാര്യ സുപ്രിയ മേനോന്‍. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലും സൈബര്‍ ആക്രമണം. എമ്പുരാനില്‍ റീ സെന്‍സറിന് നിര്‍മ്മതാക്കള്‍ തീരുമാനിച്ചതിന് പിന്നാലെയാണ് 'ആളറിഞ്ഞ് കളിക്കെടാ' എന്ന സുപ്രിയയുടെ പരാമര്‍ശത്തെ പരിഹാസത്തിന് വിധേയമാക്കുന്നത്. 'കാണികള്‍ അല്ലേ സര്‍, ഒന്ന് കള പറിക്കാന്‍ ഇറങ്ങിയതാ ' Empuran ലെ 17 ഭാഗങ്ങള്‍ നീക്കം ചെയ്യും എന്ന് 'ആളറിഞ്ഞു കളിക്കട-ഇതാണ് ബിജെപി നേതാവ് ആര്‍ എസ് രാജീവ് ഉയര്‍ത്തിയ വിമര്‍ശനം. ശ്രീമതി സുപ്രിയാ മേനോന്‍ അറിയാന്‍.... നല്ലോണം ആളറിഞ്ഞു തന്നെയാണ് കളിക്കുന്നത്.... ആരാണ് പുറകിലെന്നൊക്കെ നന്നായി മനസ്സിലാക്കി തന്നെയാണ് ഈ കളിക്കിറങ്ങുന്നതും....-യുവരാജ് ഗോകലും കുറിച്ചു. രണ്ട് പോസ്റ്റുകള്‍ക്കും താഴെ പരിവാറുകാര്‍ കമന്റുകളുമായും എത്തുന്നു.
തമ്മില്‍ കണ്ടുമുട്ടിയ നാള്‍ മുതല്‍ പൃഥ്വിരാജ് പറഞ്ഞുകൊണ്ടിരുന്ന സ്വപ്നത്തിന്റെ അരികത്തെത്തിയിരിക്കുകയാണെന്നായിരുന്നു എമ്പുരാന്‍ റിലീസിന് മുമ്പ് സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. പൃഥ്വിരാജിനോടൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ സ്വപ്നങ്ങളെ പരിഹസിച്ചവരോട് 'ആളറിഞ്ഞ് കളിക്കെടാ' എന്ന പഞ്ച് ഡയലോഗും സുപ്രിയ പറഞ്ഞു. ഇത് അന്ന് തന്നെ പൃഥ്വിയുടെ വിമര്‍ശകരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ ആരും വിമര്‍ശനത്തിന് മുതിര്‍ന്നില്ല. എന്നാല്‍ പൃഥ്വിയുടെ സ്വപ്നത്തെ വെട്ടാനും സിനിമ റീ സെന്‍സറിംഗിന് കൊടുക്കാനും തീരുമാനിച്ചതോടെ സുപ്രിയയുടെ പഞ്ചു ഡയലോഗിനേയും വിമര്‍ശിക്കുകയാണ് ആര്‍ എസ് എസ് അനുഭാവികള്‍.
വ്യാപക പ്രതിഷേധത്തിന് പിന്നാലെ പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം എമ്പുരാനില്‍ സ്വന്തം നിലയില്‍ മാറ്റം വരുത്താന്‍ സെന്‍സര്‍ബോര്‍ഡിനെ സമീപിച്ച് നിര്‍മാതാക്കള്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലെത്തിച്ചു. കലാപദൃശ്യങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമടക്കം 17 ഭാഗങ്ങളില്‍ മാറ്റം വരുത്തുകയും ചിലപരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്യും ഒപ്പം വില്ലന്റെ പേരും മാറ്റും. തിങ്കളാഴ്ചയോടെയാണ് വോളന്ററി മോഡിഫിക്കേഷന്‍ പൂര്‍ത്തിയാവുക. സിനിമയ്‌ക്കെതിരേ സംഘപരിവാര്‍, ബിജെപി കേന്ദ്രങ്ങളില്‍നിന്ന് വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ ഉള്ളടക്കം ശ്രദ്ധിക്കുന്നതില്‍ ആര്‍എസ്എസ് നോമിനികളായവര്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു പലരുടെയും ആരോപണം.
സ്ത്രീകള്‍ക്കെതിരായ അതിക്രമരംഗം, ദേശീയപതാകയെക്കുറിച്ചുള്ള പരാമര്‍ശം എന്നീ രണ്ട് ഭാഗങ്ങള്‍ക്ക് ഉള്‍പ്പെടുന്ന രണ്ട് മിനിറ്റ് മാത്രമാണ് മാറ്റാന്‍ നിര്‍ദേശമുണ്ടായിരുന്നത്. സംഘപരിവാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സെന്‍സര്‍ ബോര്‍ഡിലുണ്ടായിരുന്നു.
സുപ്രീയ മേനോന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
12 മണിക്കൂറിനുള്ളില്‍ എമ്പുരാന്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തും. ഇതൊരു അസാധാരണ യാത്രയായിരുന്നു. പൃഥ്വിരാജ്.. നിന്റെ കഠിനാധ്വാനം ഞാന്‍ കണ്ടിട്ടുണ്ട് എഴുത്ത്, പുനര്‍ലേഖനം, ചര്‍ച്ചകള്‍, തയ്യാറെടുപ്പുകള്‍, ലൊക്കേഷന്‍ പരിശോധനകള്‍ പിന്നെ ഭൂഖണ്ഡങ്ങള്‍ കടന്നുള്ള ചിത്രീകരണം അതില്‍ നേരിട്ട കാലാവസ്ഥാ പ്രശ്നങ്ങള്‍...
കൃത്യതയോടെ ടീം നടപ്പാക്കിയ ഒരു വമ്പന്‍ പ്രവര്‍ത്തനമായിരുന്നു ഇത്. പക്ഷേ, വ്യക്തമായ കാഴ്ചപ്പാടും നേതൃത്വവുമാണ് ഇതിനെല്ലാം കാരണമെന്ന് ഞാന്‍ ധൈര്യമായി പറയും. 2006-ല്‍ നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ മുതല്‍, മലയാള സിനിമയെ പുതിയ ഉയരങ്ങളിലെത്തിക്കണമെന്ന നിന്റെ സ്വപ്നത്തെക്കുറിച്ച് നീ എന്നോട് പറഞ്ഞിരുന്നു, ഇപ്പോള്‍ ആ നിമിഷത്തിന്റെ അടുത്തെത്തിയിരിക്കുന്നു! നാളെ എന്ത് സംഭവിച്ചാലും, ഈ ചിത്രീകരണത്തിന്റെ അവസാന ദിവസം എടുത്ത ഈ ചിത്രത്തില്‍ കാണുന്നതുപോലെ, ലക്ഷ്യങ്ങളിലേക്ക് നീ മുന്നോട്ട് പോകുമ്പോള്‍ ഞാന്‍ എപ്പോഴും നിന്നെ പിന്തുണയ്ക്കുകയും നിനക്കായി കരഘോഷം ഉയര്‍ത്തുകയും ചെയ്യും.
നീ ഇല്ലുമിനാറ്റി അല്ല, എന്റെ അഹങ്കാരി, താന്തോനി, തന്റേടി ഭര്‍ത്താവാണ്! നിന്റെ സ്വപ്നങ്ങളുടെ ധൈര്യത്തെ എത്രയോ പേര്‍ പരിഹസിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ആ നിന്ദകരോടെല്ലാം എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ'ആളറിഞ്ഞു കളിക്കെടാ''! പോസ്റ്റിന് താഴെ നിരവധി ആരാധകര്‍ കമന്റുകളുമായി എത്തി. ആളറിഞ്ഞു കളിക്കെടാ എന്ന ഡയലോഗ് ആരാധകര്‍ ഏറ്റെടുത്തു. നിരവധിപേര്‍ അതേ ഡയലോഗ് കമന്റായി പങ്കുവെച്ചു.