'ഇത് ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ..'; ആർ.എസ്.എസ് അനുഭാവമുള്ള ജയിൽ ഉദ്യോഗസ്ഥർ രഹസ്യയോഗം ചേർന്നു; ഒത്തുകൂടിയത് കുമരകത്തെ റിസോർട്ടിൽ; ജയിൽ വകുപ്പിൽ പുതിയ വിവാദം!

Update: 2025-05-01 10:49 GMT

തിരുവനന്തപുരം: ജയിൽ വകുപ്പിലെ ആർ.എസ്.എസ് അനുഭാവമുള്ള ഉദ്യോഗസ്ഥർ റിസോർട്ടിൽ രഹസ്യയോഗം ചേർന്നതായി വിവരങ്ങൾ. രാഷ്ട്രീയാടിസ്ഥാനത്തിൽ സംഘടിക്കരുതെന്ന ചട്ടം ലംഘിച്ചാണ് ഉദ്യോഗസ്ഥർ യോഗം ചേർന്നത്. കുമരകത്തെ ​റിസോർട്ടിലാണ് ഇവർ യോഗം ചേർന്നതെന്നാണ് വിവരങ്ങൾ.

ഉദ്യോഗസ്ഥരേയും തടവുകാരേയും രാഷ്ട്രീയമായി സംഘടിപ്പിക്കാൻ ലക്ഷ്യമിട്ടാണ് യോഗം ചേർന്നത്. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായില്ല.

ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുക മാത്രമാണ് ഉണ്ടായത്. സാധാരണ സ്ഥലംമാറ്റം മാത്രമാണ് ഉണ്ടായത്. യോഗത്തിൽ പങ്കെടുത്ത 18 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.17 ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരും 5 അസി. പ്രിസൺ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു. കുമരകം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മുറി എടുത്ത് നൽകിയത്.

സംസ്ഥാനത്ത വിവിധ ജയിലുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് കുമരകത്തെ ഒരു റിസോര്‍ട്ടിൽ ഒത്തുകൂടിയത്. ''ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ. കോട്ടയത്ത് തുടക്കമായിരുന്നു. ഇനി വളര്‍ന്നുകൊണ്ടേയിരിക്കും'' എന്ന അടിക്കുറിപ്പോടെ യോഗത്തിന്‍റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ജനുവരി 17നു രാത്രിയിലാണ് 13 ഡപ്യൂട്ടി പ്രിസൺ ഓഫിസർമാരും 5 അസി.പ്രിസൺ ഓഫിസർമാരും യോഗം ചേർന്നത്. തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ, തവനൂർ സെൻട്രൽ ജയിലുകളിലെയും തിരുവനന്തപുരം ജില്ലാ ജയിൽ, സ്പെഷൽ സബ് ജയിൽ, വിയ്യൂർ അതീവസുരക്ഷാ ജയിൽ, പാലാ സബ് ജയിൽ, എറണാകുളം ബോസ്റ്റൽ സ്കൂൾ എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരാണു പങ്കെടുത്തത്.

പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യം അഞ്ച് പേരെ തിരുവനന്തപുരം സോണിൽനിന്നു കണ്ണൂർ സോണിലേക്കു മാറ്റിയപ്പോൾ ബിജെപി നേതൃത്വത്തിന്റെ ഇടപെടലുണ്ടായെന്നാണു വിവരങ്ങൾ. തുടർന്ന് ഇവർക്ക് സൗകര്യപ്രദമായ പോസ്റ്റിങ് ലഭിച്ചു. പൊലീസ് സേനയിൽ ആർഎസ്എസ് സംഘം പ്രവർത്തിക്കുന്നുവെന്നു മൂന്നു വർഷം മുൻപു സിപിഐ നേതാവ് ആനി രാജ വിമർശിച്ചപ്പോൾ സിപിഎം, സിപിഐ നേതൃത്വം അവരെ തിരുത്തിയിരുന്നു.

Tags:    

Similar News