പരീക്ഷിച്ചത് എലികളില്‍; മനുഷ്യരില്‍ 90 ശതമാനവും പരാജയപ്പെടുക പതിവ്; രോഗാണുക്കള്‍ മൂലമല്ലാത്ത അര്‍ബുദത്തിന് വാക്സിന്‍ സാധ്യമല്ല; ഒരു വ്യക്തിയുടെ എംആര്‍എന്‍എ കൊണ്ട് നിര്‍മ്മിച്ചത് അയാളുടെ ചികിത്സക്കേ ഉപകരിക്കൂ; ലോകം ആഘോഷിച്ച റഷ്യയുടെ കാന്‍സര്‍ വാക്സിന്‍ പുടിന്റെ തള്ളോ?
റഷ്യയുടെ കാന്‍സര്‍ വാക്സിന്‍ പുടിന്റെ തള്ളോ?
കേരളത്തില്‍ മാത്രമല്ല, ലോകവ്യാപകമായി തന്നെയും, ആഘോഷിക്കപ്പെട്ട വാര്‍ത്തയാണ്, റഷ്യയില്‍ കാന്‍സറിന് വാക്സിന്‍ കണ്ടെത്തിയെന്നത്. വന്‍കുടലിലെ കാന്‍സറിന് (കോളന്‍ കാന്‍സര്‍) എതിരെയുള്ള റഷ്യയുടെ എന്‍ട്രോമിക്സ് എന്ന എംആര്‍എന്‍എ വാക്സിന്‍ പ്രീ ക്ലിനിക്കല്‍ ട്രയല്‍ വിജയം കണ്ടതാണ് വ്യാപകമായി ചര്‍ച്ചയായത്. മലയാള മാധ്യമങ്ങളാവട്ടെ ഒരു പരിധികൂടി കടന്ന്് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ അര്‍ബുദത്തെ നമുക്ക് കുത്തിവെപ്പിലൂടെ പരിഹരിക്കാം എന്നുവരെ എഴുതിവിട്ടു. എന്നാല്‍ വിഖ്യാത സയന്‍സ് ജേണലുകള്‍ മറ്റൊരു റിപ്പോര്‍ട്ടാണ് നമുക്ക് നല്‍കുന്നത്. ലോകം ആഘോഷിച്ച റഷ്യയുടെ കാന്‍സര്‍ വാക്സിന്‍ പെരുപ്പിച്ച കഥയാണെന്നാണ് വസ്തുതകള്‍ പഠിച്ചാല്‍ മനസ്സിലാവുക.
ഒന്നാമത്, കാന്‍സറിന് പൂര്‍ണ്ണമായും പ്രതിരോധവാക്സിന്‍ സാധ്യമല്ല എന്നാണ് ദ ലാന്‍സെറ്റ് അടക്കമുള്ള സയന്‍സ് ജേണലുകള്‍ പറയുന്നത്. ഏതാണ്ട് 250 ലധികം വിധം കാന്‍സറുകള്‍ ഇപ്പോള്‍ മനുഷ്യനില്‍ കണ്ടെത്തിയിട്ടുണ്ട്്. ഇതില്‍ ഓരോന്നിനും ഓരോ കാരണമാണ്. ഇതില്‍ രോഗാണു വഴിയുണ്ടാവുന്ന ഏതാനും കാന്‍സറുകളെ മാത്രമേ വാക്‌സിന്‍ വഴി പ്രതിരോധിക്കാന്‍ കഴിയൂ. ഹ്യൂമന്‍ പാപ്പിലോമ വൈറസ് അഥവാ എച്ച്പിവി വാക്സിന്‍ എന്നത് അത്തരത്തിലൊന്നാണ്. ഇത് സെര്‍വിക്കല്‍ കാന്‍സറിനും തൊണ്ടയിലെ ചില കാന്‍സറുകള്‍ക്കും പ്രതിരോധമായി ഉപയോഗിക്കാറുണ്ട്. ഹെപ്പറ്ററ്റിസ് ബി വാക്‌സിന്‍ കരളിലെ അര്‍ബുദത്തെ പ്രതിരോധിച്ചേക്കും. പക്ഷേ ഇതെല്ലാം രോഗം വരുന്നതിന് മുമ്പുള്ള പ്രതിരോധം എന്ന നിലയിലാണ്. സെര്‍വിക്കല്‍ കാന്‍സറിന് അടിപെട്ട ഒരാള്‍ക്ക് എച്ച്പിവി വാക്‌സിന്‍ കുത്തിവെച്ചിട്ട് കാര്യമില്ല. അവിടെ ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍, ഇമ്മ്യുണോ തെറാപ്പി എന്നിവയൊക്ക ആവശ്യമായി വരും.
പരീക്ഷിച്ചത് എലികളില്‍
മാത്രമല്ല ഒരു ഒരു വ്യക്തിയുടെ കാന്‍സര്‍ കോശത്തിലെ എംആര്‍എന്‍എ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വാക്സിന്‍ അയാളുടെ കാന്‍സര്‍ ചികിത്സക്ക് മാത്രമേ ഉപകരിക്കൂ.ഏതാണ്ട് 120 ലധികം എംആര്‍എഎ കാന്‍സര്‍ വാക്സിനുകള്‍ ഇന്ന് ക്ലിനിക്കല്‍ ട്രയലുകളില്‍ ഉണ്ട്. അതില്‍ ഒന്നു മാത്രമാണ് റഷ്യന്‍ വാക്സിന്‍. ക്ലിനിക്കല്‍ ട്രയലുകളില്‍ ഫേസ് -0, ഫേസ് -1,ഫേസ് -2,ഫേസ് -3,ഫേസ് -4 എന്നിവ കഴിയേണ്ടതുണ്ട്. ഇതില്‍ ഏറ്റവും ചെറിയ ഒരു ഗ്രൂപ്പില്‍ (39പേര്‍ ) മാത്രമാണ് പരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഇനിയും കിടക്കുന്നു എത്രയോ കടമ്പകള്‍. അതിന്റെ മുന്‍പാണ് പൂട്ടിന്റെ തള്ള് എന്നാണ് ശാസ്ത്രപ്രചാരകര്‍ ചൂണ്ടിക്കാട്ടുന്നത്.
റഷ്യ കാന്‍സറിനെ പ്രതിരോധിക്കുന്ന വാക്‌സിന്‍ കണ്ടുപിടിച്ചു, ക്‌ളിനിക്കല്‍ ട്രയലില്‍ വിജയിച്ചു എന്നൊക്കെ വാര്‍ത്ത കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി പ്രചരിക്കുന്നുണ്ട്. റഷ്യയുടെ എന്‍ട്രോമിക്സ് എന്ന എംആര്‍എന്‍എ വാക്സിന്‍ പ്രീ ക്ലിനിക്കല്‍ ട്രയലില്‍ മാത്രമാണ് വിജയം കണ്ടത്. ഈ ഘട്ടത്തില്‍ വന്‍കുടലിലെ ട്യൂമര്‍ 60-80 ശതമാനം കുറഞ്ഞുവെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.
ഒരു തെറാപ്യൂട്ടിക്ക് വാക്സിന്‍ എന്ന നിലയിലാണ് കമ്പനി അവതരിപ്പിക്കുന്നത്. അതായത് പ്രതിരോധം മാത്രമല്ല ചികിത്സയും ലക്ഷ്യമിടുന്നു. പ്രീ-ക്ലിനിക്കല്‍ എന്നാല്‍ മനുഷ്യന്‍ അല്ലാതെയുള്ള, എലികളിലടക്കമുള്ള പരീക്ഷണമാണ്. മനുഷ്യരിലെ കാന്‍സര്‍ എലികളിലെ കാന്‍സറിനെക്കാള്‍ സവിശേഷവും സങ്കീര്‍ണ്ണവുമാണ്. പ്രീ-ക്‌ളിനിക്കല്‍ ട്രയലില്‍ വിജയിച്ച 90 ശതമാനം കാന്‍സര്‍ മരുന്നുകളും രോഗികളില്‍ പരിശോധിക്കുന്ന ഘട്ടത്തില്‍ പരാജയപ്പെടുന്നതായാണ് കാണുന്നത്. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നേതൃത്വത്തില്‍ കൊടിയ പ്രചാരണം നടക്കുന്നത്.
പുടിന്റെ പ്രതിഛായ മെച്ചപ്പെടുത്താനുള്ള കൊടിയ തള്ളുകള്‍ മാത്രമാണ് ഇവയെന്ന് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. നേരത്തെ കോവിഡ് വാക്സിന്റെ സമയത്തും റഷ്യ ഇതുപോലെ അവകാശവാദം ഉന്നയിച്ചിരുന്നു. പക്ഷേ ഇന്ന് റഷ്യന്‍ വാക്സില്‍ ലോകത്തിലെ ഉത്തരവാദിത്വപ്പെട്ട രാജ്യങ്ങള്‍ ആരും ഉപയോഗിക്കുന്നില്ല. ഫൈസര്‍,, മെര്‍ക്, നൊവാക്സ് ഇന്നിങ്ങനെയുള്ള കമ്പനികളാണ് അമേരിക്കയിലും, ജര്‍മ്മനിയിലുമൊക്ക വാക്സിനുകള്‍ നിര്‍മ്മിക്കുന്നതും, വാക്സിന്‍ ഗവേഷണങ്ങള്‍ നടത്തുന്നതും. എന്നാല്‍ റഷ്യയിലും, ചൈനയിലും എല്ലാം ഇരുമ്പ് മറക്കുള്ളിലാണ് ഇന്നും.റഷ്യയില്‍ വാക്സിന്‍ /മരുന്ന് ഗവേഷണങ്ങള്‍ക്ക് നല്ല യൂണിവേഴ്‌സിറ്റികളോ, വിശ്വാസ്യതയുള്ള ഗവേഷണസ്ഥാപനങ്ങളോ കുറവാണ് എന്നതാണ് യാഥാര്‍ത്ഥ്യം