'കിറ്റും വാങ്ങി ഭക്ഷണവും കഴിച്ചിട്ട് തോല്‍പ്പിച്ചല്ലേ?' മല്ലപ്പള്ളിയില്‍ വോട്ടര്‍മാരെ പരസ്യമായി ശപിച്ച എസ്.വി സുബിന്റെ 'എം എം മണി' മോഡല്‍ പ്രസംഗം വിവാദത്തില്‍; ജീപ്പിന് മുകളില്‍ കയറി അഹങ്കാര പ്രകടനം; സഖാവിനെതിരെ അണികളുടെ പരാതി പ്രവാഹം; മോട്ടോര്‍ വാഹന വകുപ്പും പണികൊടുക്കും

വോട്ടര്‍മാരെ പരസ്യമായി ശപിച്ച എസ്.വി സുബിന്റെ 'എം എം മണി' മോഡല്‍ പ്രസംഗം വിവാദത്തില്‍

Update: 2025-12-29 13:53 GMT

മല്ലപ്പള്ളി: ജില്ലാ പഞ്ചായത്തില്‍ പരാജയപ്പെട്ട ശേഷം എം.എം മണി മോഡല്‍ പ്രസംഗവുമായി ഇറങ്ങിയ സി പി എം നേതാവിനെതിരെ ഏരിയ കമ്മിറ്റിയില്‍ പരാതി പ്രവാഹം. പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട സി.പിഎം കുന്നന്താനം നോര്‍ത്ത് ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറിയും ഏരിയ കമ്മറ്റിയംഗവുമായ എസ്.വി സുബിനാണ് എം.എം മണി മോഡല്‍ പ്രസംഗം നടത്തിയത്. ഇതാദ്യമായാണ് മല്ലപ്പള്ളി ഡിവിഷന്‍ യു.ഡി.എഫ് പിടിച്ചടക്കുന്നത്. ഇതേ തുടര്‍ന്നായിരുന്നു എസ് വി സുബിന്‍ വോട്ടര്‍മാരെ അധിക്ഷേപിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സംസാരിച്ചത്. ഇതേ തുടര്‍ന്നാണ് ഏരിയ നേതൃത്വത്തിന് മുമ്പില്‍ പരാതികള്‍ എത്തിയിട്ടുള്ളത്.

മല്ലപ്പള്ളി, കല്ലൂപ്പാറ, കുന്നന്താനം, കവിയൂര്‍ എന്നീ പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് മല്ലപ്പള്ളി ഡിവിഷന്‍. ഇതില്‍ കുന്നന്താനം പഞ്ചായത്തില്‍ നിന്നുള്ളയാളാണ് എസ് വി സുബിന്‍. ജില്ലാ പഞ്ചായത്തില്‍ പരാജയപ്പെട്ടെങ്കിലും കുന്നന്താനം പഞ്ചായത്തില്‍ ഇടതുപക്ഷം ഭരണം പിടിച്ചതിനെ തുടര്‍ന്ന് നടത്തിയ വിജയാഘോഷത്തിനിടെയായിരുന്നു സുബിന്റെ പ്രസംഗം. പഞ്ചായത്തിലെ എട്ടാം വാര്‍ഡ് പരിധിയായ ചെങ്ങരൂര്‍ ചിറയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. കൊവിഡ് കാലത്ത് കിറ്റുകള്‍ നല്‍കിയിട്ടും സാമൂഹിക അടുക്കളയില്‍ നിന്നും ഭക്ഷണം നല്‍കയിട്ടും തിരികെ സഹായം ഉണ്ടായില്ല. ജില്ലാ പഞ്ചായത്തില്‍ മത്സരിച്ച തനിക്ക് ഇതിന്റെ പ്രയോജനമുണ്ടായില്ല. അങ്ങോട്ട് തരുന്നത് രണ്ട് കൈയ്യും നീട്ടി വാങ്ങിയിട്ട് സഹായിക്കാതിരിക്കുന്ന വോട്ടര്‍മാരുടെ മാനസികാവസ്ഥ നല്ലതല്ലെന്നുമായിരുന്നു സുബിന്റെ പ്രസ്താവന. ഇതേ തുടര്‍ന്നാണ് പ്രാദേശിക പ്രവര്‍ത്തകരും നേതാക്കളും ഏരിയ നേതൃത്വത്തിന് മുന്നില്‍ പരാതിയുമായി എത്തിയത്.




കുന്നന്താനം പഞ്ചായത്തിലെ ഇടതുപക്ഷത്തിന്റെ വിജയത്തിന് ശേഷം മുതിര്‍ന്ന നേതാവായ എസ്.വി സുബിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ നടത്തിയ വിജയാഘോഷം അഹങ്കാര പ്രദര്‍ശനമായി മാറിയെന്ന് പരാതിയില്‍ പറയുന്നു.സുബിന്‍ നടത്തിയ പ്രസംഗം പാര്‍ട്ടി കുടുംബങ്ങള്‍ക്കും അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും നാണക്കേടും മനോവിഷമവും സൃഷ്ടിച്ചു. ഇതിന് പുറമേ വിജയത്തിന്റെ അഹങ്കാരത്തില്‍ കുന്നന്താനം കവലയിലൂടെ ജീപ്പിന്റെ മുകളില്‍ എഴുന്നേറ്റ് നിന്ന് പൊതുജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തില്‍ സഞ്ചരിച്ചതും കമ്മ്യൂണിസ്റ്റിന് ചേര്‍ന്ന രീതിയല്ലെന്നും പരാതിയില്‍ പറയുന്നു. സുബിന്‍ ജീപ്പിന് മുകളില്‍ നിന്ന് നടത്തിയ യാത്രയില്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും പരാതി ലഭിച്ചിട്ടുണ്ട്. ഇതിലും നടപടി വന്നേക്കും.

മൂന്ന് മാസത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇനി പാര്‍ട്ടി ഈ പ്രദേശത്ത് എങ്ങനെ വോട്ടര്‍മ്മാരെ സമീപിക്കുമെന്നും പരാതിയില്‍ ചോദ്യമുയര്‍ത്തുന്നുണ്ട്. തദ്ദേശത്തിരഞ്ഞെടുപ്പ് അവലോകനം നടത്താന്‍ ചേരാനിരിക്കുന്ന മല്ലപ്പള്ളി ഏരിയ കമ്മിറ്റിയില്‍ പരാതി ചര്‍ച്ചയ്‌ക്കെടുക്കുമെന്നും പറയപ്പെടുന്നു. സുബിന്റെ ചില വഴിവിട്ട രീതികള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനത്തിന് വഴി തെളിച്ചിട്ടുണ്ട്.


Tags:    

Similar News