20 മിനുട്ട് ഇടവിട്ടുളള ഊഴം 15 മിനുട്ടാക്കി കുറച്ചു: പതിനെട്ടാംപടിയില്‍ പരിശീലനം സിദ്ധിച്ച പോലീസുകാരും: മിനുട്ടില്‍ 80 പേര്‍ പടി കയറുന്നു; ഏകോപനത്തില്‍ ഭക്തനായ ശ്രീജിത്ത് എത്തുമ്പോള്‍ സന്നിധാനത്ത് ദേവസ്വം-പോലീസ് പോരും മാറുന്നു; കൂടുതല്‍ വിര്‍ച്വല്‍ ക്യൂ ബുക്കിംഗിനും സാധ്യത; ശബരിമലയില്‍ സുഖദര്‍ശനം

Update: 2024-11-17 11:28 GMT

ശബരിമല: പതിനെട്ടാം പടിയിലെ പോലീസിന്റെ ഡ്യൂട്ടി സമയം കുറയ്ക്കാനുള്ള തീരുമാനം വിജയകരമായതായി ദേവസം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. പോലീസിന്റെ മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി. എസ്. ശ്രീജിത്തുമായുള്ളള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിംഗിലെ വീഴ്ച ശബരിമലയില്‍ വലിയ പ്രശ്‌നങ്ങള്‍ കഴിഞ്ഞ സീസണില്‍ എത്തിച്ചിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിന്റെ നിലപാടുകള്‍ സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡും അനിഷ്ടത്തിലായി. എന്നാല്‍ ഇപ്പോള്‍ അത് മാറുകയാണ്. പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേഷന്‍ ചുമതലയിലാണ് ശ്രീജിത്ത്. ശ്രീജിത്തിനെയാണ് ഇത്തവണ ശബരിമല ഏകോപനം ഏല്‍പ്പിച്ചത്. തികഞ്ഞ ഭക്തനായ ശ്രീജിത്ത് മാറ്റങ്ങളും കൊണ്ടു വന്നു. ഇത് ദേവസ്വം ബോര്‍ഡും അംഗീകരിക്കുന്നു.

പതിനെട്ടാം പടിയില്‍ പോലീസിന്റെ ഡ്യൂട്ടി സമയം ഇരുപതില്‍ നിന്ന് 15 മിനിറ്റായി കുറച്ചത് കാര്യക്ഷമത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മിനിറ്റില്‍ 80 പേരെ എങ്കിലും കടത്തിവിടാന്‍ പതിനെട്ടാം പടിയില്‍ കഴിയുന്നു. അതിനാല്‍ ഭക്തര്‍ക്ക് ഏറെ നേരം വരി നില്‍ക്കേണ്ട അവസ്ഥയില്ല. വിര്‍ച്വല്‍ ക്യൂ വഴി ക്രമീകരിച്ചിരിക്കുന്നതിനാല്‍ പമ്പ മുതലേ തിക്കും തിരക്കുമില്ലാതെ സന്നിധാനത്തെത്താന്‍ കഴിയുന്നു. ഇനിയും കൂടുതല്‍ ഭക്തര്‍ക്ക് അവസരമൊരുക്കും തീരുമാനം. കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക വിര്‍്ച്വല്‍ ക്യൂ വഴി ബുക്കിംഗും അനുവദിക്കും. എല്ലാം സുഗമമായി കൊണ്ടു പോകാന്‍ ദേവസ്വം ബോര്‍ഡും പോലീസും ഒരുമിക്കും.

കഴിഞ്ഞ തവണത്തെ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നിലയ്ക്കലിലെ പാര്‍ക്കിങ് പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനായി . 7500-8000 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമുണ്ടായിരുന്നത് രണ്ടായിരത്തിനടുത്ത് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. കോടതിയില്‍ നിന്ന് ലഭിച്ച പ്രത്യേക അനുമതിയും സഹായകരമായതായി പ്രശാന്ത് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയ ഫാസ്ടാഗ് സംവിധാനം വിജയമായതിനാല്‍ തുടരും. തീര്‍ഥാടനകാലം തുടങ്ങിയ ശേഷം ശ്രദ്ധയില്‍പ്പെട്ട ജ്യോതിനഗര്‍ , നടപ്പന്തല്‍ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിലുള്ള പ്രശ്നം പരിഹരിച്ചു. പ്രത്യേകം കിയോസ്‌കുകള്‍ ഒരുക്കിയാണ് നടപ്പന്തല്‍, ബാരിക്കേഡ് എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്നത്.

യഥാസമയം പ്രസാദം ഉറപ്പാക്കുന്നതിന് ദേവസ്വം ബോര്‍ഡ് കഴിഞ്ഞ മാസം തന്നെ നടപടികള്‍ തുടങ്ങിയിരുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞദിവസം വരെ അരവണ ടിന്നുകളുടെ 40,129 എണ്ണം സ്റ്റോക്കില്‍ ഉണ്ട്. ഒന്നര ലക്ഷം അപ്പം പാക്കറ്റുകളുടെ നിര്‍മ്മാണവും നടക്കുന്നു. കലക്ടറുടെ നേതൃത്വത്തിലുള്ള വിശുദ്ധി സേന സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സുരക്ഷിതമായി സുഖകരമായ രീതിയില്‍ ദര്‍ശനം ലഭിക്കുന്ന കാഴ്ചയാണ് നടപ്പന്തലില്‍ കാണാന്‍ കഴിയുക. തിരക്ക് നിയന്ത്രണ സംവിധാനം മികവുറ്റതാണ്.

പടിപൂജയ്ക്ക് വേണ്ടി പതിനെട്ടാം പടിക്കു മുകളിലായി ഹൈഡ്രോളിക് സംവിധാനം ദേവസ്വം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തന്ത്രിമാരുമായി ആലോചിച്ചതിനുശേഷം ആണ് ഇത് സ്ഥാപിച്ചത്. ഇതോടൊപ്പം പതിനെട്ടാം പടിയില്‍ സുരക്ഷിതമായും കാര്യക്ഷമമായും പോലീസിന് ജോലി ചെയ്യുന്നതിന് പതിനെട്ടാം പടിയെ ബാധിക്കാത്ത വിധം സംവിധാനം ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലിലും ഒരുക്കിയ ജര്‍മ്മന്‍ പന്തല്‍ ഇതിനകം ഹിറ്റ് ആയിക്കഴിഞ്ഞു. പമ്പയിലെ പന്തലില്‍ മൂവായിരം പേര്‍ക്കും നിലയ്ക്കലില്‍ രണ്ടായിരം പേര്‍ക്കും വിരി വെയ്ക്കാനാകും.

കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് അടുത്താണ് നിലയ്ക്കലിലെ പന്തല്‍. മുന്‍പുണ്ടായിരുന്ന ഷെഡുകളിലും വിരി വെക്കാന്‍ സൗകര്യമുണ്ട്. സന്നിധാനത്തും ഭക്തര്‍ക്ക് വെയിലും മഴയും കൊള്ളാതെയിരിക്കാന്‍ പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. നെയ് വിളക്ക്, അഷ്ടകലശം തുടങ്ങിയ വഴിപാടുകള്‍ നടത്താനും പ്രസാദം സ്വീകരിക്കാനും പ്രത്യേക കൗണ്ടറും പുതുതായി തുടങ്ങി. സന്നിധാനത്തു തന്നെ അരച്ചെടുക്കുന്ന ശുദ്ധമായ ചന്ദനമാണ് കളഭച്ചാര്‍ത്തിന് ഉപയോഗിക്കുന്നത്. മുന്‍പ് പുറത്തു നിന്ന് ചന്ദനം എത്തിക്കുകയായിരുന്നു.

ഒരു ഭക്തന്‍ ചന്ദനം അരയ്ക്കുന്ന മൂന്ന് യന്ത്രങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചതോടെ നേരിട്ട് അരച്ചെടുക്കുകയാണിപ്പോള്‍. കുങ്കുമപ്പൂവ്, പച്ചക്കര്‍പ്പൂരം എന്നിവ ചേര്‍ത്ത് അരച്ചെടുക്കുന്ന ചന്ദനം കളഭച്ചാര്‍ത്തിനു ശേഷം ഭക്തര്‍ക്ക് പ്രസാദമായി നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

Tags:    

Similar News