ചെമ്പില്‍ തങ്കപ്പാളി ഒട്ടിച്ചിരിക്കുന്ന രീതിയിലാണ് വിജയ് മല്യ സ്പോണ്‍സര്‍ ചെയ്തത്; തിരികെ വന്നത് അതിന്റെ മോള്‍ഡില്‍ ഉണ്ടാക്കിയ മറ്റൊന്ന്; തങ്കത്തിന് വേണ്ടിയല്ല പാളികള്‍ തട്ടിയെടുത്തത്; ഇത് അയ്യപ്പന്റെ മുന്നില്‍ വര്‍ഷങ്ങളോളം ഇരുന്നത്; ഈ പാളികള്‍ കൈവശം വച്ചാല്‍ വലിയ ഐശ്വര്യം വരും എന്ന് പറഞ്ഞ് കോടികള്‍ക്ക് വില്‍ക്കാം; നടന്നത് വിശ്വാസകച്ചവടമോ? അട്ടമിറി നടന്നത് 2019ല്‍; ഉണ്ണികൃഷ്ണന്‍ പോറ്റി ദുരൂഹതകളുടെ സ്‌പോണ്‍സര്‍
തിരുവനന്തപുരം: ശബരിമലയില്‍ ദുരൂഹത തീരുന്നില്ല. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ പാളികള്‍ തട്ടിയെടുത്തുവെന്ന് ആരോപണം ഉയരുകയാണ്. 2019ല്‍ നവീകരണത്തിന് കൊണ്ടുപോയ പാളിയല്ല തിരികെ കൊണ്ടുവന്നതെന്നുമാണ് വെളിപ്പെടുത്തല്‍. തൂക്കത്തില്‍ കുറവുണ്ടായതിനും അളവില്‍ വ്യത്യാസം വന്നതിനും കാരണം ഇതാണെന്നും ചിത്രങ്ങള്‍ പരിശോധിച്ചാല്‍ തട്ടിപ്പ് വ്യക്തമാകുമെന്നും തട്ടാവിള കുടുംബാംഗം മഹേഷ് പണിക്കര്‍ ആരോപിച്ചു. ശബരിമലയില്‍ പഞ്ചലോഹ വിഗ്രഹം നിര്‍മിച്ചത് തട്ടാവിള കുടുംബമാണ്. 'ചെമ്പില്‍ തങ്കപ്പാളി ഒട്ടിച്ചിരിക്കുന്ന രീതിയിലാണ് വിജയ് മല്യ സ്പോണ്‍സര്‍ ചെയ്തത്. അതല്ല തിരികെ വന്നിരിക്കുന്നത്. അതിന്റെ മോള്‍ഡ് എടുത്ത് മറ്റൊന്ന് ഉണ്ടാക്കിയിരിക്കുകയാണ്. തങ്കത്തിന് വേണ്ടിയല്ല പാളികള്‍ തട്ടിയെടുത്തിരിക്കുന്നത്. ഇത് അയ്യപ്പന്റെ മുന്നില്‍ വര്‍ഷങ്ങളോളം ഇരുന്നതാണ്, ഈ പാളികള്‍ കൈവശം വച്ചാല്‍ വലിയ ഐശ്വര്യം വരും എന്ന് പറഞ്ഞ് കോടികള്‍ക്ക് വില്‍ക്കാം. ഇവിടെ നടന്നിരിക്കുന്നത് വിശ്വാസകച്ചവടമാണ്. ഇതെക്കുറിച്ച് അന്വേഷണം വേണം'- മഹേഷ് പണിക്കര്‍ പറഞ്ഞു. ശബരിമലയില്‍ ദ്വാരപാലക ശില്പങ്ങള്‍ക്ക് സമര്‍പ്പിച്ച സ്വര്‍ണംപൂശിയ താങ്ങുപീഠങ്ങള്‍ കണ്ടെത്തിയെങ്കിലും സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നീക്കങ്ങളില്‍ അടിമുടി ദുരൂഹത തുടരുന്നു. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.
ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം പൂശിയ പീഠം കാണാതായ സംഭവത്തിലെ അന്വേഷണം സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്ക് നീളുകയാണ്. 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലാണ് ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയത്. ആ കാലത്തുതന്നെ ദ്വാരപാലക ശില്‍പ്പങ്ങള്‍ക്ക് പീഠംകൂടി നിര്‍മിച്ചിരുന്നു. ഇവ ജീവനക്കാരനായ കോട്ടയം ആനിക്കാട് സ്വദേശി വാസുദേവന്‍ വഴി ശബരിമലയിലേക്ക് എത്തിച്ചെങ്കിലും അളവിലുള്ള വ്യത്യാസം കാരണം സ്ഥാപിക്കാനായില്ല. പിന്നീട് എവിടെയാണെന്നത് അറിയില്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നത്. വാസുദേവന്‍തന്നെ ഇത് സൂക്ഷിക്കുകയായിരുന്നുവെന്നും സ്വര്‍ണപ്പാളി വിവാദം വന്നതോടെ സഹോദരി മിനിദേവിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു എന്നുമാണ് വിവരം. പീഠങ്ങള്‍ മഹസറിലോ റൂമിലോ ഇല്ലാതായതോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്ക് സംശയമുന നീണ്ടു. സന്നിധാനത്ത് പൂജാരിമാരെ സഹായിക്കാനാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിയത്.
ദ്വാരപാലക ശില്പങ്ങള്‍ക്ക് സമര്‍പ്പിച്ച സ്വര്‍ണംപൂശിയ താങ്ങുപീഠങ്ങള്‍ കണ്ടെത്തിയെങ്കിലും സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരേ ആരോപണം ശക്തമാണ്. അഴിച്ചെടുത്ത ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ എത്തിച്ചത് ഒരുമാസം കഴിഞ്ഞാണെന്ന് 2019-കാലത്ത് തിരുവാഭരണ കമ്മിഷണറായിരുന്ന ആര്‍.ജി.രാധാകൃഷ്ണനും വെളിപ്പെടുത്തിയിരുന്നു. '2019-ഓഗസ്റ്റിലാണ് ഞാന്‍ തിരുവാഭരണ കമ്മിഷണറായി ചുമതലയേറ്റത്. ജൂലായില്‍ തന്നെ ഇത് അഴിച്ചെടുത്ത് കൊണ്ടുപോയിരുന്നു. ഒരു മാസത്തിന് ശേഷമാണ് ഇത് ചെന്നൈയിലെത്തിയത്. ഇത്രയും ദിവസം ഇത് എവിടെയായിരുന്നു എന്നതിന് രേഖകളില്ല. ചെമ്പ് പാളികള്‍ ഇളക്കി തൂക്കം നോക്കീ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണം പൂശുന്നതിനായി കൈമാറണമെന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിട്ടുണ്ട്. എ.പദ്മകുമാറാണ് അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ദേവസ്വത്തിലിരിക്കുന്ന വസ്തു എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ നല്‍കിയതെന്ന് അറിയില്ല' ആര്‍.ജി.രാധാകൃഷ്ണന്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹേഷ് പണിക്കരുടെ വെളിപ്പെടുത്തല്‍.
ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണ്ണമാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അതിന് എവിടെയും തെളിവില്ല. ദേവസ്വംബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറണമെന്ന് ഇറക്കിയ ഉത്തരവില്‍ ചെമ്പ് എന്നാണ് പറഞ്ഞിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശബരിമലയില്‍ പീഠങ്ങള്‍ നല്‍കിയെന്നും അവിടെനിന്ന് കാണാതായെന്നുമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിലപാട്. കാണാതായെന്നു പറഞ്ഞ പീഠങ്ങള്‍ ഉണ്ണികൃഷ്ണന്റെ സഹോദരിയുടെ വീട്ടില്‍നിന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയതോടെ ദുരൂഹത കൂടി. ഇതിന് പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തല്‍ വരുന്നത്. ആറന്മുള സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുന്ന ശബരിമലയിലെ സ്വര്‍ണം ഉള്‍പ്പെടെയുള്ളവയുടെ സൂക്ഷിപ്പുകാരന്‍ തിരുവാഭരണം കമ്മിഷണറാണ്. വഴിപാടായി കിട്ടുമ്പോഴും വിശേഷദിവസങ്ങളില്‍ പൂജയ്ക്ക് കൊണ്ടുപോകുമ്പോഴും അറ്റകുറ്റപ്പണിക്കു നല്‍കുമ്പോഴും തൂക്കം ഉള്‍പ്പെടെയുള്ളവ മഹസറായി രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. ഇതെല്ലാം അട്ടിമറിക്കപ്പെട്ടു. ദേവസ്വം ബോര്‍ഡിലുള്ളവരുടെ സഹായമില്ലാതെ ഇതൊന്നും നടക്കില്ലെന്നതാണ് വസ്തുത.
ശബരിമലയിലെ സ്‌ട്രോങ്‌റൂം റിട്ട. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ പരിശോധിച്ച് എല്ലാ വസ്തുക്കളുടെയും കണക്കെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ദ്വാരപാലക ശില്‍പ്പപാളികളും പീഠവും സ്വര്‍ണം പൂശുന്നതിനായി കൊണ്ടുപോയശേഷം കാണാതായതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. സ്വര്‍ണപ്പാളി വിഷയത്തില്‍ വീഴ്ച വരുത്തിയത് ആരെല്ലാമെന്ന് ശബരിമല ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ അന്വേഷിക്കണം. അന്വേഷണ വിവരങ്ങള്‍ രഹസ്യമായിരിക്കണം. അന്വേഷണ പുരോഗതി ഒക്ടോബര്‍ 28ന് വിലയിരുത്തുമെന്നും കോടതി അറിയിച്ചു. കാണാതായ പീഠങ്ങള്‍ സ്‌പോണ്‍സറായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സഹോദരി മിനിദേവിയുടെ തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് പിടിച്ചെടുത്തതായി ചീഫ് വിജിലന്‍സ് ഓഫീസര്‍ അറിയിച്ചിരുന്നു. സ്‌പോണ്‍സറുടെ ഇ മെയിലില്‍ പരാമര്‍ശിക്കുന്ന പഴയ ദ്വാരപാലക ശില്‍പ്പങ്ങളും പീഠവും ശബരിമലയിലെ സ്‌ട്രോങ്റൂമില്‍ കണ്ടെത്താനായില്ല. രജിസ്റ്ററില്‍ വിവരങ്ങളില്ല. 1999ല്‍ ശ്രീകോവില്‍ മേല്‍ക്കൂരയടക്കം മോടിയാക്കുന്നതിന് എത്ര സ്വര്‍ണം ഉപയോഗിച്ചുവെന്നത് രേഖകളില്‍ ഇല്ലെന്നും 30 കിലോയിലധികം വേണ്ടിവന്നുവെന്നാണ് വിവരമെന്നും അറിയിച്ചു.
ിശ്വാസികള്‍ നല്‍കുന്ന ആഭരണങ്ങളുടെയും സ്വര്‍ണനാണയങ്ങളുടെയും വിവരങ്ങള്‍ രജിസ്റ്ററിലുണ്ട്. ഇവ ലോക്കറിലും ചാക്കില്‍ക്കെട്ടിയും സ്‌ട്രോങ്റൂമില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു. പീഠങ്ങള്‍ കാണാതായതില്‍ ഗുരുതരവീഴ്ചയുണ്ടെന്ന് കോടതി വിമര്‍ശിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം മൂല്യനിര്‍ണ്ണയത്തിനായി ജസ്റ്റിസ് കെ ടി ശങ്കരനെ നിയോഗിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് അഞ്ച് ദിവസംമുന്പാണ് സ്വര്‍ണംപൂശിയ പീഠങ്ങള്‍ കാണാനില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപിച്ചത്. ഇതില്‍ ഗൂഢാലോചനയുണ്ടോയെന്നും പരിശോധിക്കും. ഇത്തവണയും സ്വര്‍ണപ്പാളി ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കായി എത്തിക്കാമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ അത് അനുവദിക്കാനാവില്ലെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു.