ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം കുഴിച്ച കുഴിയില്‍ വീണു; ആ മുന്‍ ദേവസ്വം പ്രസിഡന്റിന് എന്തു പറ്റും? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടും; അടുത്ത ജൂണില്‍ സ്ഥാനമൊഴിയുന്ന തരത്തില്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് വരും; സ്വര്‍ണ്ണ പാളി 2019ന് ശേഷവും ഇളക്കാന്‍ നോക്കി; ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകം
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണ പാളി വിവാദത്തില്‍ സംശയം നീളുന്നത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിലേക്ക്. എന്നാല്‍ ഈ പ്രസിഡന്റിനെതിരെ തല്‍കാലം അന്വേഷണം ഉണ്ടാകില്ല. രാഷ്ട്രീയ വിവാദം ഭയന്ന് കരുതലോടെ മാത്രമേ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടൂ. അതിനിടെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാനും സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടു വന്നേക്കും. എന്‍ എസ് എസിന്റെ കൂടി താല്‍പ്പര്യം പാലിച്ചാണ് ഓര്‍ഡിനന്‍സ്. ദേവസ്വം ബോര്‍ഡിന്റെ കാലാവധി നാലു വര്‍ഷമാക്കുന്നതും പരിഗണനയിലുണ്ട്. ഇതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
അതിനിടെ ശബരിമലയിലെ സ്വര്‍ണപ്പാളി 2019ന് ശേഷവും ഇളക്കി മാറ്റാന്‍ ശ്രമം നടന്നുവെന്ന് രേഖകള്‍ പറയുന്നു. ഇതിന്റെ ഭാഗമായി 2023-ല്‍ കത്തിടപാടുകള്‍ നടന്നു. 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആധുനികമായ രീതിയില്‍ സ്വര്‍ണംപൂശി എത്തിച്ചുവെന്ന് പറയുന്ന സ്വര്‍ണപ്പാളിയാണ് വീണ്ടും അദ്ദേഹത്തിന്റെ തന്നെ ഇടപെടലില്‍ ഇളക്കി മാറ്റാന്‍ ശ്രമം നടന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിച്ചുവെന്നാണ് വിവരം. എന്നാല്‍ ഇതില്‍ ഇടപെട്ട ഒരു ഉദ്യോഗസ്ഥന്റെ പങ്കും സംശയത്തിന്റെ നിഴലിലാണ്. ഇതിനൊപ്പമാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ചര്‍ച്ചകളിലേക്ക് വരുന്നത്.
2019 സ്വര്‍ണം പൂശാനായി സ്വര്‍ണപ്പാളി കൊണ്ടുപോകുമ്പോള്‍ 42 കിലോ ഉണ്ടായിരുന്നു. തിരിച്ചെത്തിച്ചപ്പോള്‍ 38 കിലോ ആയി കുറഞ്ഞത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. ഇതിന് പിന്നാലെയാണ് അതിന് ശേഷവും സ്വര്‍ണപ്പാളി അഴിച്ചെടുക്കാന്‍ നീക്കം നടത്തിയിരുന്നുവെന്ന വിവരം പുറത്ത് വരുന്നത്. ഉണ്ണി കൃഷ്ണന്‍ പോറ്റിയെയാണ് സംശയം. ഇദ്ദേഹത്തെ ശനിയാഴ്ച ചോദ്യം ചെയ്‌തേയ്ക്കും. ഈ വിവാദത്തിനിടെയാണ് തിരുവിതാംകൂര്‍ ദേവസ്വം നിയമത്തില്‍ ഭേഭഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം. പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി നീട്ടി നല്‍കും വിധമാണ് ഭേദഗതി. ബോര്‍ഡിന്റെ കാലാവധി ജൂണ്‍ മുതല്‍ അടുത്ത ജൂണ്‍ വരെയാക്കും. ശബരിമല സീസണിന് മുമ്പാണ് നിലവില്‍ കാലാവധി അവസാനിക്കുന്നത്.
പുതിയ ഭരണസമിതിക്ക് ശബരിമല നിയന്ത്രണത്തിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഭേദഗതി. നിയമസഭ സമ്മേളനത്തിന് ശേഷം ഓര്‍ഡിനന്‍സ് കൊണ്ടുവരും. ശബരിമല സ്വര്‍ണപാളി വിവാദത്തിലെ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശുന്നതിനും അന്നദാനത്തിന്റെ പേരിലും വ്യാപക പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട് സ്വര്‍ണ പാളി ബെംഗളൂരൂവില്‍ കൊണ്ടുപോയതും പണപിരിവിന്റെ ഭാഗമെന്നാണ് സംശയം. മറ്റ് സംസ്ഥാനങ്ങളില്‍ പണപ്പിരിവ് നടത്തിയതടക്കം കൂടുതല്‍ ഗുരുതരമായ കാര്യങ്ങളാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കര്‍ണ്ണാടക സ്വദേശികളായ സമ്പന്നരായ അയ്യപ്പഭക്തരില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ നേരത്തെതന്നെ ഉണ്ടായിരുന്നു. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വര്‍ണ്ണപാളി ശബരിമല ശ്രീകോവില്‍ വാതില്‍ എന്ന പേരില്‍ ബംഗലൂരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ എത്തിച്ച് പൂജിച്ച വാര്‍ത്തകളും പുറത്ത് വന്നിരുന്നു. അതിനിടെ, സ്വര്‍ണ പാളി വിവാദത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. കോടതി അവര്‍ക്ക് മുന്നില്‍ വന്ന കാര്യങ്ങള്‍ വച്ചാണ് സംസാരിച്ചത്. സന്നിധാനത്തെ സ്വര്‍ണവുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് ബോര്‍ഡിന്റെ പക്കലുണ്ട്. 18 ലോക്കറുകളിലായി സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ട്.
ഇതില്‍ 467 കിലോഗ്രാം സ്വര്‍ണം മോണിറ്റൈസേഷനായി റിസര്‍വ് ബാങ്കിന് നല്‍കിയിട്ടുണ്ട്. ഇതിന്റെയെല്ലാം കൃത്യമായ രേഖകള്‍ ഉണ്ട്. എന്നാല്‍ ഈ രേഖകള്‍ ഹൈക്കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റി. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം കുഴിച്ച കുഴിയില്‍ വീണതാണെന്നും അയാളുടെ കാര്യം തീരുമാനമാകുമെന്നും പ്രശാന്ത് പറഞ്ഞു.