ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ണായക വെളിപ്പെടുത്തലുമായി ഇടനിലക്കാരന്‍ കല്‍പേഷ്; സ്വര്‍ണം കൈമാറിയത് ബെല്ലാരിയില്‍ ഗോവര്‍ധന്; സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് പാക്കറ്റ് വാങ്ങി; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും എസ്.ഐ.ടി ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും ചെന്നൈയില്‍ ജ്വല്ലറി ജീവനക്കാരനായ കല്‍പേഷ്
ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ണായക വെളിപ്പെടുത്തലുമായി ഇടനിലക്കാരന്‍ കല്‍പേഷ്
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേരളത്തിലെ പധാന ഇടനിലക്കാരന്‍ കല്‍പേഷ്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് താന്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് പാക്കറ്റ് വാങ്ങി നല്‍കിയെന്നും, അത് ബെല്ലാരിയില്‍ ഗോവര്‍ധന് എത്തിച്ചു നല്‍കിയെന്നും കല്‍പേഷ് ടെലിവിഷന്‍ ചാനലിനോട് വളിപ്പെടുത്തി. ചെന്നൈയിലെ ഒരു സ്വര്‍ണ്ണക്കടയിലെ ജീവനക്കാരനായ ഇയാളെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ഇതാദ്യമായാണ് പുറത്തുവരുന്നത്.
രാജസ്ഥാന്‍ സ്വദേശിയായ 31 വയസുകാരനായ കല്‍പേഷ് 2012 മുതല്‍ ചെന്നൈയിലെ ജ്വല്ലറിയിലാണ് ജോലി ചെയ്യുന്നത്. ജെയിന്‍ എന്നയാളാണ് കടയുടെ ഉടമ. ഉടമയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്ന് സ്വര്‍ണ്ണവും മറ്റ് ഉരുപ്പടികളും വാങ്ങി കൃത്യമായ ഇടങ്ങളില്‍ എത്തിക്കുക എന്നതാണ് തന്റെ ജോലിയെന്ന് കല്‍പേഷ് വ്യക്തമാക്കി. എന്നാല്‍, ഉണ്ണിക്കൃഷ്ണന്‍ പോറ്റി ആരാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം പുരോഗമിക്കവേ, കല്‍പേഷിന്റെ വെളിപ്പെടുത്തലുകള്‍ കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെ തന്നെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി.) ചോദ്യം ചെയ്തിട്ടില്ലെന്നും കല്‍പേഷ് പറഞ്ഞു. സ്വര്‍ണ്ണത്തിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ശബരിമല സന്നിധാനത്തെ സ്വര്‍ണപ്പാളികളിലെ സ്വര്‍ണം കര്‍ണാടകത്തിലെ സ്വര്‍ണവ്യാപാരിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ബെല്ലാരിയിലെ ഗോവര്‍ദ്ധനാണ് സ്വര്‍ണം വാങ്ങിയതെന്ന് വ്യക്തമായതോടെ ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം വില്‍പ്പനയ്ക്ക് കൊണ്ടുവന്നെന്നാണ് ഗോവര്‍ദ്ധന്‍ മൊഴി നല്‍കിയത്. സ്വര്‍ണം വിറ്റതായി പോറ്റിയും സമ്മതിച്ചു.
പോറ്റിയുടെ സുഹൃത്താണ് ബെല്ലാരിയിലെ റോഡം ജുവലറി ഉടമയായ ഗോവര്‍ദ്ധന്‍. ശാന്തിക്കാരനായിരിക്കെ ശ്രീറാംപുരിയിലെ അയ്യപ്പ ക്ഷേത്രത്തില്‍ വച്ചാണ് പോറ്റിയെ പരിച്ചയപ്പെടുന്നത്. ശബരിമലയിലെ കീഴ്ശാന്തിയുടെ പരികര്‍മ്മിയും പിന്നീട് സ്‌പോണ്‍സറുമായി പോറ്റി എത്തിയപ്പോഴും സൗഹൃദം തുടര്‍ന്നു. വേര്‍തിരിച്ച സ്വര്‍ണം പോറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കല്‍പ്പേഷിന് നല്‍കിയെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി.
