ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹ കടത്തോ? ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പ് എടുത്ത് രാജ്യാന്തര വിപണിയില്‍ വന്‍വിലയ്ക്ക് വില്‍ക്കാന്‍ ശ്രമമുണ്ടായോ? പോറ്റിയുടേത് വിഗ്രഹകടത്തുകാരനായ സുഭാഷ് കപൂറിന്റെ ഓപ്പറേഷനുകള്‍ക്ക് സമാന നീക്കം; സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള രാജ്യാന്തര വിഗ്രഹക്കടത്തോ ?
കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള രാജ്യാന്തര വിഗ്രഹക്കടത്തോ എന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. ഉണ്ണികൃഷ്ണന്‍ പോറ്റി ലക്ഷ്യവെച്ചത് രാജ്യാന്തര വിഗ്രഹക്കടത്താണോ എന്ന സംശയമാണ് കോടതി കേസ് പരിഗണിക്കവേ ചോദിച്ചത്. രാജ്യാന്തര വിഗ്രഹക്കടത്തുകാരനായ സുഭാഷ് കപൂറിന്റെ ഓപ്പറേഷനുകള്‍ക്ക് സമാനമായ നീക്കമാണ് പോറ്റി നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു
വാതിലിന്റെയും, കട്ടിളപ്പടിയുടെയും, ദ്വാരപാലക ശില്‍പത്തിന്റെയും പകര്‍പ്പ് എടുത്ത് നിയമ വിരുദ്ധമായാണ്.ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സന്നിധാനത്ത്് അനിയന്ത്രിതമായ സ്വാതന്ത്ര്യം നല്‍കിയെന്നും കോടതി പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പ് എടുത്ത് അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കാന്‍ ശ്രമമുണ്ടായോ എന്നും, ഇതിന് വന്‍ വിലയിട്ടിരുന്നോ എന്നും കോടതി ചോദിച്ചു. ശാസ്ത്രീയ പരിശോധനകള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ നിന്ന് സ്വര്‍ണ്ണ സാമ്പിളുകള്‍ ശേഖരിക്കാനും, എത്രത്തോളം സ്വര്‍ണ്ണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്താനും കോടതി നിര്‍ദ്ദേശിച്ചു. ശ്രീകോവിലില്‍ പുതിയ വാതില്‍ സ്ഥാപിച്ചതിലും അന്വേഷണം നടത്താന്‍ എസ്.ഐ.ടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കട്ടിളപ്പാളികളുടെയും ദ്വാരപാലക ശില്‍പങ്ങളുടെയും പകര്‍പ്പ് എടുക്കുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണ സന്നിധാനത്ത് എത്തിയിരുന്നതായും, അന്ന് ഇയാള്‍ക്ക് യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിജയ് മല്യ സംഭാവന നല്‍കിയ വാതില്‍പാളി ഉള്‍പ്പെടെ കടത്താന്‍ ശ്രമം നടന്നോ എന്ന സംശയവും കോടതി ഉയര്‍ത്തി. വിജയ് മല്യ നല്‍കിയ വാതില്‍പാളി അഷ്ടാഭിഷേകം കൗണ്ടറിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. 24 കാരറ്റ് സ്വര്‍ണ്ണം പൂശിയ ഈ വാതില്‍പാളി, വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതിന് ശേഷമാണ് മാറ്റിയത്. പിന്നീട് ഇത് സ്‌ട്രോങ് റൂമിലേക്ക് മാറ്റിയെന്നും കോടതി വ്യക്തമാക്കി. അഷ്ടാഭിഷേകം കൗണ്ടറിന് സമീപത്തുനിന്ന് കണ്ടെത്തിയ വാതില്‍പാളികള്‍ യഥാര്‍ത്ഥമായിരുന്നോ എന്ന കാര്യത്തിലും കോടതിക്ക് സംശയമുണ്ട്.
ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ എസ്.ഐ.ടി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ശ്രീകോവിലില്‍ പുതിയ വാതില്‍ വച്ചതിലൂടെയും പോറ്റിയെ മുന്‍നിര്‍ത്തി വലിയ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ചെന്നൈയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമാകണമെന്നും കോടതി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ പോറ്റിക്ക് അമിത സ്വാതന്ത്ര്യം നല്‍കിയെന്നും, പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും കോടതി വിമര്‍ശിച്ചു.
സ്വര്‍ണ്ണക്കൊള്ളയുടെ ഭാഗമായ എല്ലാവരിലേക്കും അന്വേഷണം എത്തണമെന്നും, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി എസ്.ഐ.ടിക്ക് നിര്‍ദ്ദേശം നല്‍കി. ദേവന്റെ സ്വത്ത് സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നീക്കങ്ങളാണ് നടന്നതെന്ന് കോടതി സൂചിപ്പിച്ചു.
ദേവസ്വം ബോര്‍ഡ് നടപടികള്‍ സുതാര്യമെന്ന് പി എസ് പ്രശാന്ത്
അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് ബുക്കില്‍ അവ്യക്തതയില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ബോര്‍ഡ് നടപടികള്‍ സുതാര്യമാണ്. ബോര്‍ഡ് സ്വീകരിച്ച നിലപാടും സുതാര്യമാണ്. 1998 മുതല്‍ 2025 വരെയുളള കാലഘട്ടങ്ങളിലെ അന്വേഷണം നടത്തണം എന്നത് അന്നത്തേയും എന്നത്തേയും നിലപാട്. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. വിഷയത്തില്‍ കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കും. ഉത്തരവ് പരിശോധിച്ച ശേഷം കൃത്യമായ മറുപടി ബോര്‍ഡ് നല്‍കുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഹൈക്കോടതിയുടെ വിമര്‍ശനം ശ്രദ്ധിച്ചില്ലെന്നായിരുന്നു മന്ത്രി വി.എന്‍. വാസവന്റെ പ്രതികരണം. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും പ്രത്യേക അന്വേഷണ സംഘം എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെയെന്നും വി.എന്‍. വാസവന്‍ പറഞ്ഞു. അന്വേഷണം നടക്കുന്ന കേസില്‍ കൂടുതല്‍ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
സ്വര്‍ണക്കൊള്ള കേസില്‍ നിലവിലുള്ള ദേവസ്വം ബോര്‍ഡിന് പങ്കുണ്ടോ എന്ന സംശയമാണ് ഹൈക്കോടതി ഉന്നയിച്ചത്. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് ബുക്കില്‍ പിശകുണ്ട്. 2025ല്‍ സ്വര്‍ണപ്പാളി കൈമാറിയത് മിനുട്‌സില്‍ രേഖപെടുത്തിയിട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം സമര്‍പ്പിച്ച രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മിനുട്‌സ് ബുക്കിന്റെ പകര്‍പ്പ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു.
