ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വര്‍ണ്ണപ്പാളികളും കൊള്ളയടിച്ചു; ദശാവതാരങ്ങളും രാശി ചിഹ്നങ്ങളും ആലേപനം ചെയ്ത ചെമ്പുപാളികളില്‍ നിന്ന് വിദ്ഗദമായി സ്വര്‍ണ്ണം അടര്‍ത്തിമാറ്റി; 989 ഗ്രാം കടത്തിയെന്ന് സൂചന; ഞെട്ടിക്കുന്ന വിവരങ്ങള്‍ വീണ്ടും ചര്‍ച്ചകളിലേക്ക്; ശബരിമലയിലേത് സമാനതകളില്ലാത്ത മോഷണം
തിരുവനന്തപുരം: ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പുതിയ റിപ്പോര്‍ട്ടിലൂടെ പുറത്തുവരും എന്ന് സൂചന. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളിയിലും മാത്രമല്ല, മുകളില്‍ സ്ഥാപിച്ചിരുന്ന ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വര്‍ണ്ണപ്പാളികളും കൊള്ളയടിച്ചുവെന്നാണ് കണ്ടെത്തല്‍.ദശാവതാരങ്ങളും രാശി ചിഹ്നങ്ങളും ആലേപനം ചെയ്ത ചെമ്പുപാളികളില്‍ നിന്ന് വിദ്ഗദമായി സ്വര്‍ണ്ണം അടര്‍ത്തിമാറ്റുകയായിരുന്നു. നിലവില്‍ 989 ഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നതെങ്കിലും വിഎസ്എസ്സിയില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരുന്നതോടെ കൊള്ളയുടെ വ്യാപ്തി ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ചെന്നൈയിലെ 'സ്മാര്‍ട്ട് ക്രിയേഷന്‍സ്' എന്ന സ്ഥാപനത്തിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ചാണ് പാളികളില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തത്. ഇത്തരത്തില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണ്ണത്തില്‍ ഒരു ഭാഗം പ്രതികള്‍ സ്വന്തമാക്കുകയും ബാക്കി ഭാഗം ബെല്ലാരിയിലെ ഒരു ജ്വല്ലറി ഉടമ വഴി മറിച്ചുവിറ്റതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 2019 ജൂലൈ മാസത്തിലാണ് ഈ കൊള്ള നടന്നതെന്നാണ് സൂചന. ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ മിനുക്കാനെന്ന വ്യാജേനയാണ് പ്രതികള്‍ക്ക് അവസരം ഒരുക്കിക്കൊടുത്തത്. സാധാരണ ഇത്തരം ജോലികള്‍ നടക്കുമ്പോള്‍ ദേവസ്വം വിജിലന്‍സും ഉദ്യോഗസ്ഥരും കര്‍ശന മേല്‍നോട്ടം വഹിക്കേണ്ടതുണ്ട്. എന്നാല്‍, ഈ കേസില്‍ പ്രതികള്‍ക്ക് പാളികള്‍ പുറത്തേക്ക് കടത്താന്‍ ഉദ്യോഗസ്ഥര്‍ മൗനാനുവാദം നല്‍കിയെന്നാണ് സംശയം.
സ്വര്‍ണ്ണത്തിന്റെ അളവ് രേഖപ്പെടുത്തുന്ന പഴയ കണക്കുപുസ്തകങ്ങളിലും സ്റ്റോക്ക് രജിസ്റ്ററുകളിലും കൃത്രിമം നടന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണം ഇളക്കി മാറ്റിയ ശേഷം പാളികള്‍ തിരികെ സ്ഥാപിച്ചപ്പോള്‍ അവയില്‍ സ്വര്‍ണ്ണത്തിന്റെ അളവ് കുറവാണെന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ചെന്നൈയിലെ സ്ഥാപനത്തിലേക്ക് സ്വര്‍ണ്ണപ്പാളികള്‍ കൊണ്ടുപോകാന്‍ ഔദ്യോഗിക അനുമതിയുണ്ടായിരുന്നോ എന്നതില്‍ ഇപ്പോഴും ദുരൂഹത തുടരുന്നു. ദേവസ്വം ബോര്‍ഡിലെ ചില ഉന്നതരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് നടന്നതെന്ന് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിട്ടുണ്ട്.
കൊള്ള നടന്ന കാലയളവില്‍ ചുമതലയിലിരുന്ന ദേവസ്വം കമ്മീഷണര്‍മാരുടെ പങ്കാണ് പ്രധാനമായും ഇപ്പോള്‍ പരിശോധിക്കുന്നത്. സ്വര്‍ണ്ണപ്പണികളുടെ ചുമതലയുണ്ടായിരുന്ന ദേവസ്വം മരാമത്ത് വിഭാഗത്തിലെ എഞ്ചിനീയര്‍മാര്‍ക്കും ഓവര്‍സിയര്‍മാര്‍ക്കും എതിരെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. കൊള്ളയടിക്കപ്പെട്ട സ്വര്‍ണ്ണത്തിന്റെ കൃത്യമായ അളവ് കണ്ടെത്താന്‍ വിഎസ്എസ്സിയിലെ ശാസ്ത്രീയ പരിശോധനാ ഫലം അനിവാര്യമാണ്. ഈ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത.
