കണ്ണീര്‍ക്കടലായി കൊല്ലം സായി; ജയിച്ചു കയറിയ വൈഷ്ണവിയും സാന്ദ്രയും മരണത്തിന് കീഴടങ്ങിയത് എന്തിന്? ഇരുവരുടെയും പോക്കറ്റുകളില്‍ ആത്മഹത്യാക്കുറിപ്പുകള്‍; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങള്‍; ഇരട്ട ആത്മഹത്യയില്‍ നടുക്കം മാറാതെ കായിക ലോകം
കണ്ണീര്‍ക്കടലായി കൊല്ലം സായി
കൊല്ലം: പഠനത്തിലും കായികരംഗത്തും ഒരുപോലെ തിളങ്ങിനിന്നവര്‍. ഹോസ്റ്റല്‍ മുറികളിലും, കളിക്കളങ്ങളിലും എന്നും ചിരിച്ച മുഖത്തോടെ മാത്രം കണ്ടിരുന്നവര്‍. പ്രിയപ്പെട്ട കൂട്ടുകാരുടെ അപ്രതീക്ഷിത വേര്‍പാട് താങ്ങാനാകാത്ത നടുക്കത്തിലാണ് കൊല്ലം സായിയിലെ കായികതാരങ്ങള്‍. ബുധനാഴ്ച നടന്ന കബഡി മത്സരത്തില്‍ വിജയിച്ച് ആവേശത്തോടെ ഹോസ്റ്റലില്‍ തിരിച്ചെത്തിയവര്‍ വ്യാഴാഴ്ച പുലര്‍ച്ചെ നിശ്ചലരായി മാറിയ വാര്‍ത്ത വിശ്വസിക്കാനാകാതെ വിതുമ്പുകയാണ് ഇവിടം. മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ തങ്ങളോട് തമാശകള്‍ പങ്കുവെച്ച പ്രിയ സുഹൃത്തുക്കളുടെ വിയോഗം, കണ്ടുനിന്ന ആരുടെയും കരളലിയിക്കുന്ന ദൃശ്യമായിരുന്നു സായ് ഹോസ്റ്റലില്‍.
കായിക കേരളത്തെ നടുക്കി കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് സമീപത്തെ സായ് (SAI) ഹോസ്റ്റലില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനിയും കബഡി താരവുമായ വൈഷ്ണവി (15), കോഴിക്കോട് സ്വദേശിനിയും അത്‌ലറ്റിക് താരവുമായ സാന്ദ്ര (18) എന്നിവരാണ് ജീവിതം അവസാനിപ്പിച്ചത്. കല്ലുവാതുക്കലില്‍ നടന്ന കബഡി മത്സരത്തില്‍ വിജയിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇരുവരും ദാരുണമായ അന്ത്യം വരിച്ചത്.
പരിശീലനത്തിന് എത്താതിരുന്നതോടെ തിരച്ചില്‍; കണ്ടത് നടുക്കുന്ന കാഴ്ച
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് പതിവ് പരിശീലനത്തിന് സമയമായിട്ടും ഇരുവരെയും മൈതാനത്ത് കണ്ടില്ല. തുടര്‍ന്ന് സാന്ദ്രയുടെ മുറിയില്‍ അന്വേഷിച്ചെത്തിയ അധികൃതര്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തി. വാതില്‍ ബലം പ്രയോഗിച്ചു തുറന്നപ്പോള്‍ കണ്ടത് രണ്ട് ഫാനുകളിലായി പുതപ്പില്‍ തൂങ്ങിനില്‍ക്കുന്ന രണ്ട് കൗമാരക്കാരെയാണ്.
ബുധനാഴ്ച നടന്ന കബഡി ടൂര്‍ണമെന്റില്‍ വൈഷ്ണവിയുടെ ടീം വിജയിച്ചിരുന്നു. രാത്രി പത്തരയ്ക്ക് വീട്ടുകാരെ വിളിച്ച് താന്‍ വിജയിച്ച വിവരം വൈഷ്ണവി സന്തോഷത്തോടെ പങ്കുവെച്ചിരുന്നു. യാതൊരുവിധ അസ്വാഭാവികതയും അപ്പോള്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവ് വേണു പറയുന്നു. സാന്ദ്രയും കഴിഞ്ഞ അത്‌ലറ്റിക് മീറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമായിരുന്നു.
നിര്‍ണ്ണായകമായി ആത്മഹത്യാക്കുറിപ്പുകള്‍
മരിച്ച ഇരുവരുടെയും പോക്കറ്റുകളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കുറിപ്പിലെ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിന്റെ അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍, മറ്റ് അന്തേവാസികള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും സിറ്റി പോലീസ് കമ്മിഷണറും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങള്‍
കുട്ടികളുടെ മരണത്തിന് പിന്നില്‍ ഹോസ്റ്റല്‍ അധികൃതരുടെ പീഡനമാണെന്ന ആരോപണവുമായി ഒളിമ്പ്യന്‍ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. മാനേജ്മെന്റിന്റെ മോശം പെരുമാറ്റമാണ് ഇത്തരം സംഭവങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതെന്നും മുന്‍പും സായ് കേന്ദ്രത്തില്‍ സമാനമായ രീതിയില്‍ ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.
കായികതാരങ്ങള്‍ക്ക് കൗണ്‍സിലിങ്
സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ശിശുക്ഷേമ സമിതി വിലയിരുത്തി. ഹോസ്റ്റലിലെ മറ്റ് കുട്ടികള്‍ മാനസികമായി തളരാതിരിക്കാന്‍ സമിതിയുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ് നല്‍കുമെന്ന് ജില്ലാ സെക്രട്ടറി ഡി. ഷൈന്‍ദേവ് അറിയിച്ചു. സിപിഐ(എം) ജില്ലാ നേതാക്കളും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികളും സ്ഥലത്തെത്തി സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വൈഷ്ണവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സാന്ദ്രയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. സായ് റീജനല്‍ ഡയറക്ടര്‍ വിഷ്ണു സുധാകരന്‍ സ്ഥലത്തെത്തി മൊഴിയെടുപ്പ് ഉള്‍പ്പെടെയുള്ള ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
