ലക്ഷ്യം മോഷണമല്ല; സെയ്ഫ് അലിഖാനെ വീട്ടില്‍ വച്ചു കുത്തിയത് ബംഗ്ലാദേശുകാരനോ? താനെ ഹിരാനന്ദാനി എസ്റ്റേറ്റിലെ മെട്രോ നിര്‍മാണ സ്ഥലത്തിനു സമീപത്തെ ലേബര്‍ ക്യാംപില്‍ നിന്ന് അറസ്റ്റ്; മുഹമ്മദ് അലിയാനെ പിടികൂടിയത് മുംബൈ പോലീസിന് ആശ്വാസം
മുംബൈ: നടന്‍ സെയ്ഫ് അലി ഖാനു വീട്ടില്‍ വച്ച് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മഹാരാഷ്ട്രയിലെ താനെയില്‍നിന്നു ഞായറാഴ്ച പുലര്‍ച്ചെയാണു ബിജെ എന്ന മുഹമ്മദ് അലിയാനെ അറസ്റ്റ് ചെയ്തത്. 'വിജയ് ദാസ്' എന്നുകൂടി പേരുള്ള ഇയാള്‍, നടന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയെന്ന കുറ്റസമ്മത മൊഴി നല്‍കി. മുംബൈ പോലീസിന് ആശ്വാസമാണ് ബിജെയുടെ അറസ്റ്റ്. ഇയാള്‍ വിദേശിയാണോ എന്നും സംശയമുണ്ട്.
മുംബൈയിലെ പബ്ബില്‍ ജോലിക്കാരനാണു പ്രതി. താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ മെട്രോ നിര്‍മാണ സ്ഥലത്തിനു സമീപത്തെ ലേബര്‍ ക്യാംപില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ബാന്ദ്രയിലെത്തിച്ച് ചോദ്യം ചെയ്തു. രാവിലെ കോടതിയില്‍ ഹാജരാക്കും. വ്യാജ തിരിച്ചറിയല്‍ രേഖയുള്ളതിനാല്‍ അക്രമി ഇന്ത്യക്കാരനാണോ ബംഗ്ലദേശ് പൗരനാണോ എന്നും അന്വേഷിക്കുന്നുണ്ട്. വിശദ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സെയ്ഫിന്റെ വീട്ടില്‍നിന്ന് അക്രമി പടികള്‍ ഇറങ്ങുന്ന സിസിടിവി ദൃശ്യം മുംബൈയിലും സമീപ സ്ഥലങ്ങളിലും പൊലീസ് പോസ്റ്റര്‍ പതിച്ചിരുന്നു. ഇതില്‍ നിന്നാണ് പ്രതിയിലേക്കുള്ള സൂചനകള്‍ കിട്ടിയത്.
സെയ്ഫ് അലിഖാനെ കുത്തിയ പ്രതി പ്രദേശം നേരത്തേ നിരീക്ഷിച്ചിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചതോടെ സി.സി.ടി.വി. ക്യാമറകള്‍ ഒഴിവാക്കാന്‍ ഫയര്‍ എക്‌സിറ്റ് പടികള്‍ കയറുകയായിരുന്നു. കൃത്യമായ ആസൂത്രണമില്ലാതെ ഇതിനു സാധിക്കില്ലെന്നാണ് പോലീസിന്റെ നിഗമനം. പ്രതിയെ പിടിക്കാന്‍ 20 സംഘങ്ങളെയും നിയോഗിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണു ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ മോഷണത്തിനെത്തിയ ഒരാള്‍ സെയ്ഫിനെ കുത്തിയത്. ആക്രമണത്തില്‍ കഴുത്തിലും നട്ടെല്ലിനു സമീപവും ഉള്‍പ്പെടെ നടന് ആഴത്തില്‍ കുത്തേറ്റു. പബ്ബിലെ വെയിറ്ററാണ് അറസ്റ്റിലായ മുഹമ്മദ് ആലിയാന്‍.
ഉടനെ ഓട്ടോറിക്ഷയില്‍ ലീലാവതി ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സെയ്ഫിനെ അക്രമി ആവര്‍ത്തിച്ച് കുത്തുന്നത് താന്‍ കണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പോലീസിന് മൊഴി നല്‍കിയിരിക്കുകയാണ് ഭാര്യ കരീന കപൂര്‍. വീട്ടില്‍ നുഴഞ്ഞുകയറിയ വ്യക്തി ആക്രമണകാരിയായിരുന്നു. സെയ്ഫിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായിരുന്നു തങ്ങളുടെ മുന്‍ഗണന. വിലപിടിപ്പുള്ള വസ്തുക്കളൊന്നും അക്രമി വീട്ടില്‍ നിന്ന് കൊണ്ടുപോയിട്ടില്ലെന്നും കരീന ബാന്ദ്ര പോലീസിന് മുന്നില്‍ വ്യക്തമാക്കി.
സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തില്‍ വെച്ച് നടന്‍ ആക്രമിക്കപ്പെടുന്നത്. ഗുരുതരപരിക്കേറ്റ് ലീലാവതി ആശുപത്രിയില്‍ ചികിത്സയിലുള്ള താരം അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. നട്ടെല്ലില്‍നിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
സംഭവം നടന്ന ദിവസം പ്രതിയെന്ന് സംശയിക്കുന്ന ആള്‍ക്കായി ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. പ്രതി ബാന്ദ്രയില്‍ നിന്ന് മഹാരാഷ്ട്രയിലെ തന്നെ വാസയ് വിരാറിലേക്ക് രാവിലെ പോകുന്ന ആദ്യ ട്രെയിനില്‍ കയറിയതായും പൊലീസ് സംശയിച്ചിരുന്നു. അതിനാല്‍ സംഭവം നടന്ന ദിവസം മുതല്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
വെള്ളിയാഴ്ച പ്രതിയെന്ന സംശയിക്കുന്ന ആളെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി എത്തിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ളതിനാലാണ് ഇയാളേയും ചോദ്യം ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലിനിടെ ഇയാള്‍ അല്ല അക്രമകാരി എന്ന് മനസിലാവുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന വിശദീകരണവുമായി മുംബൈ പൊലീസ് രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് യഥാര്‍ത്ഥ പ്രതിയെ പിടികൂടിയത്.