മോഷ്ടാവിന്റെ കത്തിമുനയില്‍ നിന്നും രക്ഷപെട്ട സെയ്ഫിനെ കാത്തിരുന്നത് വന്‍ തിരിച്ചടി; പട്ടൗഡി കുടുംബത്തിന്റെ 15,000 കോടി രൂപയുടെ സ്വത്ത് സെയ്ഫിന് നഷ്ടമായേക്കും; ശത്രുസ്വത്തായി പ്രഖ്യാപിച്ചു ഏറ്റെടുക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍; ബോളിവുഡ് താരത്തിന് കൈമോശം വരുന്നത് വിഭജന കാലത്ത് പാക്കിസ്ഥാനിലേക്ക് പോയ ബന്ധുക്കളുടെ സ്വത്ത്
പട്ടൗഡി കുടുംബത്തിന്റെ 15,000 കോടി രൂപയുടെ സ്വത്ത് സെയ്ഫിന് നഷ്ടമായേക്കും
ഭോപാല്‍: വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവിന്റെ കത്തിയില്‍ നിന്നും ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. അദ്ദേഹം ആശുപത്രിവാസം കഴിഞ്ഞ് ഇന്നലെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ സെയ്ഫിലേക്ക് എത്തേണ്ടിയിരുന്ന 15,000 കോടിയുടെ സ്വത്തുകള്‍ നഷ്ടമാകുമെന്ന വാര്‍ത്തയാണ് പുറത്തുവന്നത്.
പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ സെയ്ഫ് അലി ഖാന്റെ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരിക്കയാണ്. ഇതോടെ മധ്യപ്രദേശിലെ ഭോപാലില്‍ പട്ടൗഡി കുടുംബത്തിന്റെ 15,000 കോടി രൂപയുടെ സ്വത്ത് സെയ്ഫ് അലിഖാന് നഷ്ടമായേക്കും. സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വയ്ക്കുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്താണ് സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള വഴിയൊരുങ്ങുന്നത്.
ഭോപാലില്‍ കൊഹേഫിസ മുതല്‍ ചിക്ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ വസ്തുവകകള്‍. 2014ലാണ് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം സെയ്ഫ് അലി ഖാനു നോട്ടിസ് നല്‍കിയത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടിസ്. 2015ല്‍ സെയ്ഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി.
വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോയി അവിടത്തെ പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്. ഭോപാല്‍ നവാബായിരുന്ന ഹമീദുള്ള ഖാന്റെ മകള്‍ ആബിദ സുല്‍ത്താന്‍ പാക്കിസ്ഥാനിലേക്ക് ചേക്കേറിയിരുന്നു. ഇതോടെയാണ് പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്ത് വിഭാഗത്തില്‍പ്പെട്ടത്.
സെയ്ഫിന് തിരിച്ചടിയായി എനിമി പ്രോപ്പര്‍ട്ടി ആക്ട്
സെയ്ഫ് അലിഖാന് തിരിച്ചടിയായിരിക്കുന്നത് കേന്ദ്രസര്‍ക്കാറിന്റെ എനിമി പ്രോപ്പര്‍ട്ടി ആക്ട് ആണ്. സ്വാതന്ത്ര്യ ലബ്ധിക്ക് മുന്‍പും ശേഷവും പാകിസ്ഥാനിലേക്ക് കുടിയേറിയവരുടെ സ്വത്തുക്കളുടെ കണക്കെടുപ്പും വില നിര്‍ണ്ണയവും നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരമാണ് നടപടി.
കൈവശക്കാരെ ഉടന്‍ ഒഴിപ്പിക്കുകയും ബാങ്കുകളിലെ പണയപ്പെടുത്തലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. ഭൂമി കൈമാറി ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് സബ് രജിസ്ട്രാര്‍മാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റില്‍ നിന്ന് ഉടന്‍ നിര്‍ദ്ദേശം നല്‍കും. പാകിസ്ഥാനിലേക്ക് കുടിയേറിയവരുടെ അവകാശികളോ, മറ്റാള്‍ക്കാരോ സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയും കൈമാറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ തുടങ്ങിയത്.
പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയ 9,400 ശത്രുസ്വത്തുക്കള്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍. ജില്ലാതലത്തില്‍ മൂല്യനിര്‍ണ്ണയം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. 'ശത്രുസ്വത്തില്‍' 9280 എണ്ണം പാക്കിസ്ഥാന്‍ പൗരത്വം സ്വീകരിച്ചവരുടേതാണ്. 126 എണ്ണം ചൈനസ്വദേശമാക്കിയവരുടേതും.
കേരളത്തിലും ഇത്തരത്തില്‍ ശത്രുസ്വത്തുക്കളുണ്ട്. ഈ വസ്തുക്കള്‍ സംരക്ഷിക്കാന്‍ കസ്റ്റോഡിയനെ നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ലാന്‍ഡ് റവന്യൂ കമ്മിഷണറെ കസ്റ്റോഡിയനായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ 63 വ്യക്തികളുടെ പേരിലുള്ള 40.59 ഏക്കര്‍ ഭൂമിയാണ് ശത്രുസ്വത്തായി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്വത്തുക്കളുള്ളത്. പാകിസ്ഥാനിലേക്ക് കുടിയേറിയ മലയാളികളുടെ സ്വത്തുക്കള്‍ 1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ശത്രുസ്വത്തായി പ്രഖ്യാപിച്ച് ഏറ്റെടുത്തെങ്കിലും സംരക്ഷിക്കുകയോ അതിര്‍ത്തി നിര്‍ണയം നടത്തുകയോ ചെയ്തിരുന്നില്ല.
സര്‍വെ, അതിര്‍ത്തി നിര്‍ണ്ണയം, വില നിര്‍ണ്ണയം തുടങ്ങിയ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം. തുടര്‍ന്ന് കസ്റ്റോഡിയനായ ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ പേരിലേക്ക് പോക്കുവരവ് നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാവും എന്തിന് ഉപയോഗിക്കാമെന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്രം തീരുമാനിക്കുക.