800 വര്‍ഷത്തിനിടെ ആദ്യമായി വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ശവകുടീരം തുറക്കുന്നു; പുരാതന കത്തോലിക്കാ ആചാരത്തിന്റെ ഭാഗമായി കല്ലറ തുറക്കാന്‍ അനുമതി നല്‍കി സഭ; ശവകുടീരത്തില്‍ നിന്ന് മാറ്റിയ അസ്ഥികള്‍ പേപ്പല്‍ അള്‍ത്താരയുടെ ചുവട്ടില്‍ സ്ഥാപിക്കും
800 വര്‍ഷത്തിനിടെ ആദ്യമായി വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ശവകുടീരം തുറക്കുന്നു
റോം: 800 വര്‍ഷത്തിനിടെ ആദ്യമായി ഒരു വിശുദ്ധന്റെ ഭൗതികാവശിഷ്ടം അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ നിന്ന് നീക്കം ചെയ്ത് പ്രദര്‍ശനത്തിന് വെയ്ക്കാന്‍ ഒരുങ്ങുന്നു. ഒരു പുരാതന കത്തോലിക്കാ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം ഒരു കാര്യം ചെയ്യാന്‍ സഭ അനുമതി നല്‍കിയിട്ടുള്ളത്. 2026 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 22 വരെയാണ് ഈ ചടങ്ങ് നടക്കുന്നത്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങളാണ് ഇറ്റലിയിലെ അദ്ദേഹത്തിന്റെ നാമം വഹിക്കുന്ന ബസിലിക്കയില്‍, വിശുദ്ധര്‍ക്ക് നല്‍കുന്ന ഒരു പരമ്പരാഗത ആരാധനയും ആദരവും നല്‍കുന്നതിനായി പ്രദര്‍ശിപ്പി്ക്കുന്നത്.
പുരാതന ഗ്രന്ഥങ്ങള്‍ അനുസരിച്ച്, ഏകദേശം 1,870 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമന്‍ ചക്രവര്‍ത്തിയെ ആരാധിക്കാന്‍ വിസമ്മതിച്ചതിന് ജീവനോടെ ചുട്ടുകൊല്ലപ്പെട്ട വിശുദ്ധ പോളികാര്‍പ്പിന്റെ രക്തസാക്ഷിത്വത്തിന് ശേഷമാണ് ആദരം നല്‍കുന്ന ഈ ആരാധനാ രീതി ആരംഭിച്ചത്. വിശുദ്ധ പോളികാര്‍പ്പിന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ അസ്ഥികള്‍ ശേഖരിച്ച് വളരെ ആദരവോടെ പരിചരിച്ചിരുന്നു. വിശ്വാസത്തിനും ത്യാഗത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ചവരെ ആദരിക്കുന്ന സഭയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിന് ഇതോടെ തുടക്കമായിരുന്നു.
വിശുദ്ധ ഫ്രാന്‍സിസിന്റെ ഭൗതികദേഹം ക്രിപ്റ്റിലെ ശവകുടീരത്തില്‍ നിന്ന് മാറ്റി ബസിലിക്കയുടെ താഴത്തെ പള്ളിയിലെ പേപ്പല്‍ അള്‍ത്താരയുടെ ചുവട്ടില്‍ സ്ഥാപിക്കും. വിശുദ്ധ ഫ്രാന്‍സിസിന്റെ അസ്ഥികള്‍ ബസിലിക്കയ്ക്ക് താഴെ ഒരു സീല്‍ ചെയ്ത ഗ്ലാസ് പാത്രത്തിനുള്ളില്‍ നിയന്ത്രിതമായ തോതില്‍ നൈട്രജന്‍ നിറച്ച അന്തരീക്ഷത്തിലാണ് സംരക്ഷിക്കപ്പെടുന്നത്. ഭൗതികാവശിഷ്ടങ്ങളില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് അസ്ഥികൂട ശകലങ്ങളാണ്.
കൈകളുടെയും കാലുകളുടെയും അസ്ഥികളും വാരിയെല്ലുകളും തലയോട്ടിയുടെ കഷണങ്ങളുമാണ് സംരക്ഷണ കവചത്തിനുള്ളില്‍ ഭക്തിപൂര്‍വ്വം ക്രമീകരിച്ചിരിക്കുന്നത്. 1818-ല്‍ അദ്ദേഹത്തിന്റെ ശവകുടീരം ആദ്യമായി തുറന്നപ്പോള്‍ ദൃക്സാക്ഷികള്‍ പറഞ്ഞത് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിശുദ്ധന്റെ അസ്ഥികൂടം കേടുകൂടാതെ കാണപ്പെട്ടു എന്നാണ്. ഭൗതിക ദേഹം കമ്പിളിയില്‍ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്.
വത്തിക്കാന്റെ ഔദ്യോഗിക മാധ്യമമായ വത്തിക്കാന്‍ ന്യൂസ് പറയുന്നത് വിശുദ്ധ ഫ്രാന്‍സിസിന്റെ 800-ാം ചരമ വാര്‍ഷികം ഓര്‍മ്മയുടെയും പുതുക്കലിന്റെയും സമയമായിരിക്കും എന്നാണ്. 'വിശുദ്ധ ഫ്രാന്‍സിസ് ജീവിക്കുന്നു' എന്നതാണ് ഈ പരിപാടിയുടെ മുദ്രാവാക്യം. ദൈവത്തിന്റെ എല്ലാ സൃഷ്ടികളോടും സ്നേഹമുള്ളതും ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സേവിക്കുന്ന ഫ്രാന്‍സിസ്‌കന്‍ ക്രമത്തിന്റെ സ്ഥാപകനുമായ വിശുദ്ധ ഫ്രാന്‍സിസ്, മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും പരിസ്ഥിതിയുടെയും ഇറ്റലിയുടെയും രക്ഷാധികാരിയാണ്.
സമ്പന്നമായ കുടുംബത്തില്‍ ജനിച്ച വിശുദ്ധ ഫ്രാന്‍സിസ് കുടുംബത്തിന്റെ സമ്പത്ത് ഉപേക്ഷിച്ച്, ലാളിത്യം, വിനയം, സേവനം എന്നിവയുടെ ജീവിതം സ്വീകരിച്ച്, ദാരിദ്ര്യം, കാരുണ്യം, ദൈവഭക്തി എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ഫ്രാന്‍സിസ്‌കന്‍ സഭ സ്ഥാപിച്ചു. അദ്ദേഹത്തിന്റേതായി നിരവധി അത്ഭുത പ്രവര്‍ത്തികള്‍ പുറത്തു വന്നിരുന്നു. 1226 ല്‍ നാല്‍പ്പത്തിനാലാമത്തെ വയസിലാണ് വിശുദ്ധ ഫ്രാന്‍സിസ് അന്തരിച്ചത്. 1228-ല്‍ ഗ്രിഗറി ഒമ്പതാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.