ക്രൈസ്തവ സമുദായം നേരിടുന്ന നിരവധിയായ പ്രശ്നങ്ങളില്‍ ഒപ്പം നിന്ന് പരിഹാരം നേടുവാന്‍ സഹായിക്കുന്നവര്‍ക്കൊപ്പമാണ് തങ്ങളെന്ന് തുറന്നു പറഞ്ഞ ഫാ ഫിലിപ്പ് കവിയില്‍; സമുദായം ആരുടേയും വോട്ടു ബാങ്കല്ലെന്ന് അന്നിഗ്ദ്ധമായി പ്രഖ്യാപിച്ച ആര്‍ജ്ജവം; എംഎല്‍എ സജീവ് ജോസഫിന് തോന്നിയത് ബിജെപിക്കാരനായ അച്ചനെന്നും; ഉള്ളിക്കലിലെ തെറ്റിധാരണ മാറുമ്പോള്‍; കോണ്‍ഗ്രസ് നേതാവിനെ വരച്ച വരയില്‍ നിര്‍ത്തി തലശ്ശേരി രൂപത
തലശേരി: തലശേരി അതിരൂപതയിലെ ഉളിക്കല്‍ ഇന്‍ഫന്റ് ജീസസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ നടത്തിയ പ്രസംഗം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയും അദേഹത്തിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത അഡ്വ.സജീവ് ജോസഫ് എംഎല്‍എയക്കെതിരെ ഉയര്‍ന്നത് കടുത്ത പ്രതിഷേധം.
നിലപാട് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് തലശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പിന്നാലെ ആ പ്രശ്‌നം പറഞ്ഞ് ഒത്തൂതീര്‍പ്പാക്കി. ഫാ. ഫിലിപ്പ് കവിയില്‍ നടത്തിയ പ്രസംഗം കേട്ട ശേഷം അച്ഛന്‍ ബിജെപിക്കാരനായോ എന്ന തരത്തില്‍ സജീവ് ജോസഫ് നടത്തിയ പ്രതികരണമാണ് വിവാദമായത്. വക്കഫ് ബില്ലിലും മറ്റും കോണ്‍ഗ്രസുമായി അഭിപ്രായ ഭിന്നതയിലാണ് സഭ. ഇതിനിടെയാണ് സജീവ് ജോസഫും വിവാദത്തില്‍ പെട്ടത്. ഈ സാഹചര്യത്തിലാണ് പ്രശ്‌നം അതിവേഗം പരിഹരിച്ചത്. ഇരിക്കൂറിലെ വമ്പന്‍ വോട്ട് ബാങ്കായ സഭ പരസ്യ നിലപാട് എടുത്തതോടെയാണ് പ്രശ്‌ന പരിഹാരത്തിന് സജീവ് ജോസഫ് മുന്നിട്ടിറങ്ങിയത്.
ഫാ. ഫിലിപ്പ് കവിയില്‍ നടത്തിയ പ്രസംഗവും അതേത്തുടര്‍ന്ന് സജീവ് ജോസഫ് എംഎല്‍എ നടത്തിയ പരാമര്‍ശവും സംബന്ധിച്ച തെറ്റിദ്ധാരണകള്‍ പരിഹരിച്ചതായി തലശേരി അതിരൂപത അറിയിച്ചിട്ടുണ്ട്. സമുദായ ശക്തീകരണം എന്ന വിഷയത്തെക്കുറിച്ച് ഉളിക്കല്‍ പള്ളിയില്‍ വച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് ഫാ. ഫിലിപ്പ് കവിയില്‍ സംസാരിച്ചത്. പ്രസംഗത്തെക്കുറിച്ച് ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ് നടത്തിയ പരാമര്‍ശം ചില നവമാധ്യമങ്ങള്‍ ഏറ്റെടുത്ത് വിവാദത്തിന് തിരികൊളുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ അതിരൂപതാ കേന്ദ്രം ഇടപെട്ട് പരിഹരിച്ചുവെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും അതിരൂപത അറിയിച്ചു. ജനപ്രതിനിധി എന്ന നിലയില്‍ സജീവ് ജോസഫിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കുമുള്ള ആദരവ് അതിരൂപതയും പങ്കുവയ്ക്കുന്നു. കൂട്ടായ്മയിലും സാഹോദര്യത്തിലും നമുക്ക് പ്രവര്‍ത്തിക്കാമെന്നും തലശേരി അതിരൂപത വ്യക്തമാക്കി.
നാടുനീളെ ലഹരിയുടെ ഒഴുക്ക് തുടരുകയും മലയോര കര്‍ഷകര്‍ മുന്‍പെങ്ങും ഇല്ലാത്ത വിധം കാട്ടുമൃഗങ്ങളുടെ ക്രൂരതകള്‍ക്ക് ഇരയാകുകയും വില കൊടുത്തു വാങ്ങിയ ഭൂമിയില്‍ നിന്നും കുടിയിറക്ക് ഭീഷണി നേരിടുന്ന പട്ടിണി പാവങ്ങള്‍ നിലനില്‍പ്പിന് വേണ്ടി പോരാടുകയും ചെയ്യുമ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുന്നത് കൈസ്തവ സമുദായമാണ്. ഇത്തരം പ്രശ്നങ്ങളില്‍ ഭരണകൂടങ്ങളുടെ കണ്ണു തുറപ്പിക്കുവാന്‍ കക്ഷി രാഷ്ടീയത്തിനതീതമായി എല്ലാവരും ഒന്നിച്ചു നില്‍ക്കണം എന്ന ആഹ്വാനമാണ് റവ.ഡോ. ഫിലിപ്പ് കവിയില്‍ നടത്തിയിട്ടുള്ളത്. ക്രൈസ്തവ സമുദായം നേരിടുന്ന നിരവധിയായ പ്രശ്നങ്ങളില്‍ ഒപ്പം നിന്ന് പരിഹാരം നേടുവാന്‍ സഹായിക്കുന്നവര്‍ക്കൊപ്പമാണ് തങ്ങളെന്നാണ് ഫാ. ഫിലിപ്പ് കവിയില്‍ വ്യക്തമാക്കിയത്. സമുദായം ആരുടേയും വോട്ടു ബാങ്കല്ലെന്ന് അന്നിഗ്ദ്ധമായി തുറന്നു പറഞ്ഞ ഫാ. ഫിലിപ്പ് കവിയിലിന്റെ ആര്‍ജവത്വത്തെ കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത കമ്മിറ്റി അഭിനന്ദിക്കുകയും ചെയ്തു. ഈ പറഞ്ഞതിനെ ബിജെപിക്ക് വേണ്ടിയുള്ള ആഹ്വാനമായി സജീവ് ജോസഫ് വ്യാഖ്യാനിക്കുകയായിരുന്നു.
'സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക' എന്ന തത്വം പ്രായോഗിക തലത്തില്‍ നടപ്പിലാക്കേണ്ട രാഷ്ട്രീയ നേതൃത്വത്തിലുള്ളവര്‍ അധികാര ഗര്‍വ്വിന്റെയും ദാര്‍ഷ്ട്യത്തിന്റെയും ഭാഷയില്‍ സംസാരിക്കുന്നത് തങ്ങള്‍ ഇരിക്കുന്ന പദവിയുടെ മഹത്വം മനസിലാക്കാത്തത് കൊണ്ടാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഓര്‍മ്മിപ്പിച്ചിരുന്നു. ഒരു രാഷ്ടീയെ പാര്‍ട്ടിയുടേയോ കക്ഷി രാഷ്ട്രീയത്തിന്റെയോ പേരു പറയാതെ ദേവാലയത്തിനുള്ളില്‍ നടത്തിയ ഒരു പ്രസംഗത്ത രാഷ്ട്രീയ ലക്ഷ്യത്തോടെ കണ്ട് പ്രതികരിച്ച ഇരിക്കൂര്‍ എം.എല്‍.എ അഡ്വ. സജീവ് ജോസഫ് എത്രയും വേഗം തെറ്റ് തിരുത്തുവാന്‍ തയ്യാറാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പിന്നാലെയാണ് വിഷയത്തില്‍ ഒത്തൂതീര്‍പ്പ് സാധ്യമായത്.