സംഘപരിവാര്‍ അണികളുടെ മനസ്സില്‍ ഇടംപിടിച്ച യുവനേതാവിനെ ചവിട്ടി പുറത്താക്കി ബിജെപി; ഗ്രൂപ് വൈരത്തില്‍ മനംനൊന്ത് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ്സില്‍; വോട്ടെടുപ്പിന് തൊട്ടു മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തലിന്റെ സാധ്യത വര്‍ധിപ്പിച്ച് അട്ടിമറി നീക്കം: പ്രചാരണത്തിന്റെ അവസാന നാളുകളില്‍ മുഖ്യവിഷയമായി യുവമോര്‍ച്ച നേതാവ്

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ്സില്‍

Update: 2024-11-16 05:17 GMT

പാലക്കാട്: 'സമവായമല്ല പരിഹാരമാണ് എനിക്ക് വേണ്ടത്, അതിന്റെ സമയം കഴിഞ്ഞു', മുറിവേറ്റ മനസുമായാണ് സന്ദീപ് വാര്യര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മനസ്സ തുറന്നത്. തനിക്ക് നിരവധി അപമാനങ്ങള്‍ നേരിടേണ്ടിവന്നെന്നും ആത്മാഭിമാനത്തിന് മുറിവേറ്റെന്നും അദ്ദേഹം പറഞ്ഞു. ഒറ്റ ഫോണ്‍ കോളില്‍ തീര്‍ക്കാമായിരുന്ന പ്രശ്‌നം വഷളാക്കി. തനിക്ക് നിരവധി അപമാനങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ആത്മാഭിമാനത്തിന് മുറിവേറ്റെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'പാര്‍ട്ടി നടപടി ഭയപ്പെടുന്നില്ല. ഒരു തരത്തിലും ഭയപ്പെടാന്‍ ഉദ്ദേശിക്കുന്നില്ല', അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനോടുള്ള ഈര്‍ഷ്യയും അദ്ദേഹം മറച്ചുവച്ചില്ല. പാലക്കാട്ട് പ്രചാരണത്തില്‍ സജീവമാകണമെന്ന് ആവശ്യപ്പെട്ടതിനപ്പുറം പരാതികള്‍ക്ക് പരിഹാരം കാണാന്‍ തയ്യാറായില്ല. തന്നെ വല്ലാതെ വേദനിപ്പിച്ച കാര്യമാണത്. ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ആരും തയ്യാറായില്ല. വിഷയങ്ങളുണ്ടാകുമ്പോള്‍ അത് പരിഹരിക്കുക എന്നതാണ് നേതൃത്വം ചെയ്യേണ്ടത്. അതി്‌ന് അദ്ദേഹം ശ്രീലങ്കന്‍ ക്രിക്കറ്റ് നായകനായിരുന്ന അര്‍ജ്ജുന രണതുംഗയുടെ ലീഡര്‍ഷിപ്പ് ക്വാളിറ്റി വരെ എടുത്തുപറഞ്ഞു.

'ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്‍ ഓസ്‌ട്രേലിയയില്‍ ഒരു മാച്ചില്‍ കളിക്കുന്ന സമയത്ത് തുടര്‍ച്ചയായി അദ്ദേഹത്തിനെതിരേ നോബോള്‍ വിളിക്കുന്ന സ്ഥിതിയുണ്ടായി. വര്‍ണവെറിയുടെ ഭാഗമായിരുന്നു അത്. അര്‍ജുന രണതുംഗ എന്ന ക്യാപ്റ്റന്‍ അപ്പോള്‍ കാണിച്ച ഒരു മാതൃകയുണ്ട്. എല്ലാ കളിക്കാരെയും വിളിച്ച് കളിനിര്‍ത്തി പുറത്തേക്ക് പോകുകയാണ് അദ്ദേഹം ചെയ്തത്. സ്വന്തം കരിയര്‍ പോലും അപകടത്തിലായി ആജീവനാന്ത വിലക്ക് പോലും വരാവുന്ന തീരുമാനമായിട്ടും അദ്ദേഹം അത് ചെയ്തു. അതാണ് ലീഡര്‍ഷിപ് ക്വാളിറ്റി. ഈ നേതൃഗുണം ഞാന്‍ ഏറെ ബഹുമാനിക്കുന്ന പലരില്‍ നിന്നും ഉണ്ടായില്ല. സഹപ്രവര്‍ത്തകന്റെ വിഷമഘട്ടത്തില്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ നില്‍ക്കരുത്'.

കെ സുരേന്ദ്രന്‍ അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയ നാള്‍ മുതലാണ് സന്ദീപ് വാര്യര്‍ പാര്‍ട്ടിയില്‍ അവഗണിക്കപ്പെടാന്‍ തുടങ്ങിയത്. ചാനല്‍ ചര്‍ച്ചകളില്‍ സജീവമായതോടെ, സന്ദീപ് വാര്യര്‍ ജനകീയനായി. സന്ദീപിന്റെ ജനകീയതയില്‍ സുരേന്ദ്രന്‍ അടക്കമുളള നേതാക്കള്‍ക്ക് അസഹിഷ്ണുതയായി. ആള്‍ അത്രയ്ക്ക് വളരേണ്ടതില്ല എന്ന തീരുമാനം വന്നതോടെ, പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യവും വന്നു. പിന്നീട് താന്‍ മുന്‍കൈയെടുത്താണ് സന്ദീപിനെ ബിജെപിയിലേക്ക് മടക്കി കൊണ്ടുവന്നതെന്ന് സുരേന്ദ്രന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അത് സഹാചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.

കണ്‍വന്‍ഷനില്‍ പരസ്യമായി നേരിട്ട അപമാനം വലിയ മുറിവായി

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്്ണകുമാറിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചത് വലിയ ഷോക്കായി. മൂന്നുദിവസമാണ് വിഷമിച്ച്് വീട്ടിലിരുന്നത്. ഇതെ കുറിച്ച് സന്ദീപ് കുറിച്ചത് ഇങ്ങനെഛ കണ്‍വെന്‍ഷനില്‍ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യര്‍ പിണങ്ങിപ്പോയി എന്നാണ് വാര്‍ത്ത. അങ്ങനെ വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവന്‍ പേര്‍ക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍.

പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാന്‍ സാധിക്കില്ല. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയില്‍ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാന്‍ കഴിയില്ല. Sorry to say that.

പാലക്കാട്ടെ ബിജെപിയില്‍ സന്ദീപിന് നിരന്തര അവഗണന നേരിട്ടു. അപമാനിതനായതിനാല്‍ പാലക്കാട്ട് പ്രചാരണത്തിനിറങ്ങില്ലെന്നും സി.കൃഷ്ണകുമാര്‍ സ്ഥിരം സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തെ ഒഴിവാക്കലുകള്‍ ഉള്‍പ്പെടെ ഒരുപാട് പരിപാടികളില്‍നിന്ന് തന്നെ മാറ്റിനിര്‍ത്തി. പ്രധാനമന്ത്രിയോ മറ്റ് കേന്ദ്രമന്ത്രിമാരോ വരുന്ന പരിപാടികള്‍ തന്നെ അറിയിച്ചില്ല. അഖിലേന്ത്യാ പ്രസിഡന്റ് വന്ന പരിപാടിയും എന്നെ അറിയിച്ചില്ല. ജില്ലയുടെ പ്രധാനപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പില്‍പോലും ഇടംനല്‍കിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


താന്‍ നേരിട്ട വിഷമം പാര്‍ട്ടിയിലെ മുതിര്‍ന്ന ആളുകളെ അറിയിച്ചിരുന്നു. അവര്‍ വരും എന്നെ ആശ്വസിപ്പിക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കൃഷ്ണകുമാറിനേക്കാള്‍ പ്രായം കുറഞ്ഞയാള്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ സാമീപ്യം ആഗ്രഹിച്ച നിമിഷങ്ങള്‍ ജീവിതത്തിലുണ്ടായിരുന്നു. ഇനി ഓടിയെത്തണമെന്നില്ല. പ്രതികരിക്കാന്‍ കുറേ ദിവസങ്ങളായി സമ്മര്‍ദമുണ്ടായിരുന്നു. അപ്പോഴൊക്കെ താന്‍ മൗനം പാലിച്ചു. എന്നാല്‍ ആ മൗനത്തിന് വലിയ വില നല്‍കേണ്ടിവരുമെന്ന് തനിക്ക് തോന്നി. അസത്യമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതികരിക്കാം എന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

"എന്റെ അമ്മ അഞ്ചാറ് വര്‍ഷം കിടപ്പിലായിരുന്നു. ആ സമയത്ത് സംഘത്തിന്റെ കാര്യാലയം നിര്‍മിക്കാനായി അമ്മ സ്ഥലം നല്‍കാന്‍ തയാറായി. എന്നിട്ടും സംസ്ഥാനത്തെ സി. കൃഷ്ണകുമാര്‍ അടക്കമുള്ള പ്രധാനപ്പെട്ട നേതാക്കള്‍ ഇവിടെ വന്നില്ല. പാര്‍ട്ടിയുടേതായി ഒരു റീത്ത് പോലും വെച്ചില്ല-അദ്ദേഹം പറഞ്ഞിരുന്നു.


അതേസമയം, കേരളത്തിലെ ബിജെപിയില്‍നിന്ന് ഒരാള്‍ പോയിട്ട് എന്ത് ചെയ്യാനെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം. സന്ദീപിന്റെ നിലപാട് പാര്‍ട്ടിയെ ബാധിക്കില്ല, തിരഞ്ഞെടുപ്പ് സമയത്തല്ല പരാതി പറയേണ്ടത്. നാളെ മാധ്യമങ്ങള്‍ സന്ദീപിനെ ഉപേക്ഷിക്കുമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.


അതിനിടെ സന്ദീപിന് സ്വാഗതം ചെയ്ത് സിപിഎം രംഗത്തെത്തിയെങ്കിലും താന്‍ ഇത്രയും നാള്‍ എതിര്‍ത്ത സിപിഎമ്മിലേക്ക് പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഏതായാലും സന്ദീപിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി മാറിയേക്കും. അതു തിരഞ്ഞെടുപ്പിന് നാലുനാള്‍ മാത്രം അവശേഷിക്കെ.

Tags:    

Similar News