'സംഘപരിവാര്‍ ഗുജറാത്തില്‍ കലാപം നടത്തി രാജ്യം ഭരിക്കുമ്പോള്‍ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് പറയുന്നുണ്ടെങ്കില്‍ അതിന് ചില്ലറ ധൈര്യം പോരാ'; പോസ്റ്റിട്ട് ബിനീഷ് കോടിയേരി; വിവാദ വിഷയത്തില്‍ എമ്പുരാന് ടിക്കറ്റ് കാന്‍സല്‍ ഭീഷണിയുമായി പരിവാര്‍ ഗ്രൂപ്പുകളും, സിനിമയുടെ വ്യാജപതിപ്പും പുറത്ത്

എമ്പുരാന് ടിക്കറ്റ് കാന്‍സല്‍ ഭീഷണിയുമായി പരിവാര്‍ ഗ്രൂപ്പുകളും

Update: 2025-03-27 09:00 GMT

തിരുവനന്തപുരം: മലയാള സിനിമയില്‍ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രമായി പുറത്തുവന്ന എമ്പുരാന്റെ റിലീസിന് പിന്നാലെ പുറത്തുവരുന്ന പ്രതികരണങ്ങള്‍ സമ്മിശ്രം. ചിത്രം മികച്ച ക്വാളിറ്റി പുലര്‍ത്തുന്നതാണെന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തില്‍ മാസ്സ് രംഗങ്ങള്‍ കുറവാണെന്ന അഭിപ്രായമുണ്ട്. ഇതിനിടെ ചിത്രത്തിലെ പ്രമേയയവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

സിനിമയിലെ ഉള്ളടക്കത്തെ പുകഴ്ത്തിക്കൊണ്ട് ബിനീഷ് കോടിയേരി രംഗത്തുവന്നു. ഗുജറാത്ത് കലാപം സിനിമയില്‍ പ്രമേയമാക്കിയ കാര്യം ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി പോസ്റ്റിട്ടത്. ''ഇന്നത്തെ ഇന്ത്യയില്‍ ഒരു ബിഗ് ബഡ്ജറ്റ് പടം സംഘപരിവാര്‍ ഗുജറാത്തില്‍ കലാപം നടത്തി രാജ്യം ഭരിക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കില്‍ അതില്‍ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് പച്ചക്ക് പറയുന്നുണ്ടെങ്കില്‍ അതിന് ചില്ലറ ധൈര്യം പോര. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍'' - എന്നാണ് ബിനിഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഈ പോസ്റ്റിന് പിന്നാലെ സിനിമയിലെ പ്രമേയത്തില്‍ വിമര്‍ശനവുമായി സൈബറിടത്തിലെ സംഘപരിവാര്‍ ഗ്രൂപ്പുകളും രംഗത്തുവന്നു. സിനിമയില്‍ ഗുജറാത്ത് കലാപത്തിന് സമാനമായ വിഷയം പരാമര്‍ശിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. ഇതോടെ പൃഥ്വിരാജ് പ്രമേയം ഒളിപ്പിച്ചു കടത്തിയെന്ന ആക്ഷേപമാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ഉയര്‍ത്തിയത്. ഇവര്‍ പൃഥ്വിരാജിനെതിരായ വിമര്‍ശനത്തിനൊപ്പം ടിക്കറ്റ് കാന്‍സല്‍ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. സൈബറിടത്തില്‍ ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.

ഇതിനിടെ പറഞ്ഞു കേട്ടപ്പോള്‍ എമ്പുരാന്‍ കാണണമല്ലോ എന്ന അഭിപ്രായവമായി സന്ദീപ് വാര്യര്‍ അടക്കമുള്ളവരും രംഗത്തുവന്നു. സിനിമയെ എതിര്‍ക്കുന്നവര്‍ക്കെതിരെയും വിമര്‍ശനങ്ങളുണ്ട്. അതേസമയം മോഹന്‍ലാല്‍ ഫാന്‍സുകാര്‍ സിനിമയില്‍ അത്ര തൃപ്തല്ല. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുമായി രംഗത്തുണ്ട്.

അതേസമയം സിനിമ ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച് ആദ്യ ഷോ കഴിഞ്ഞു മണിക്കൂറുകള്‍ പൂര്‍ത്തിയാകും മുന്നേ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ടെലിഗ്രാം ഗ്രൂപ്പുകളിലും വിവിധ വെബ്സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫില്മിസില്ല, മൂവിറൂള്‍സ്, തമിഴ്റോക്കേഴ്സ് എന്നീ വെബ്സൈറ്റുകള്‍ക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരുന്നു. 'സ്പോയ്ലറുകളോടും പൈറസിയോടും നോ പറയാം' എന്ന പോസ്റ്റും നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.


Full View


ഇതാദ്യമായല്ല തിയേറ്ററില്‍ എത്തിയ ഉടനെ ചിത്രങ്ങളുടെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സമീപ കാലത്തതായി ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളുടെയും വ്യാജ പതിപ്പുകള്‍ സിനിമ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ സിനിമാ സംഘടനകള്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വ്യാജ പതിപ്പ് പ്രചരണം ഫലപ്രദമായി തടയാനാകുന്നില്ലെന്നാണ് എമ്പുരാന്‍ സിനിമയുടെ പതിപ്പ് പുറത്തിറങ്ങിയതോടെ വ്യക്തമാകുന്നത്.

ഇന്ന് രാവിലെ ആറ് മണിക്കാണ് എമ്പുരാന്‍ സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിച്ചത്. ആദ്യ ഷോ കഴിയുമ്പോള്‍ ചിത്രത്തിന് നല്ല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങിലും എമ്പുരാന്‍ തരംഗമാണ് ഉണ്ടാക്കിയത്. അടുത്ത ദിവസങ്ങളിലായി സിനിമയുടെ നിരവധി ഷോകളാണ് തിയേറ്ററുകളില്‍ ബുക്ക് ആയിരിക്കുന്നത്. ഹോളിവുഡ് നിലവാരത്തിലുള്ള മേക്കിംഗാണ് ചിത്രത്തിന്റേതെന്നാണ് പറയുന്നത്.

Tags:    

Similar News