ഇന്ധന വിതരണം തടസപ്പെട്ടാല്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് റഷ്യ; ഏഷ്യന്‍ ഹബ്ബുകളില്‍ നങ്കൂരമിട്ടുകിടക്കുന്ന ദശലക്ഷക്കണക്കിന് ബാരല്‍ റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്നത് പരിഗണിച്ചു കേന്ദ്രസര്‍ക്കാര്‍; ഹോര്‍മുസ് വഴിയുള്ള ടാങ്കറുകള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് ട്രംപും; ആവശ്യത്തിന് എണ്ണ ശേഖരമുണ്ട്; എണ്ണ പ്രതിസന്ധിയില്‍ ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രിയും
ഇന്ധന വിതരണം തടസപ്പെട്ടാല്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് റഷ്യ
ന്യഡല്‍ഹി: പശ്ചിമേഷന്‍ സംഘര്‍ഷവും ഗള്‍ഫ് പ്രതിസന്ധിയും ആഗോള ഇന്ധന വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണയുമായി റഷ്യ. ഇന്ത്യ വീണ്ടും റഷ്യന്‍ എണ്ണ വാങ്ങാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ത്യക്ക് എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ സന്നദ്ധത അറിയിച്ചതയാണ് റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തടസ്സപ്പെടുകയാണെങ്കില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ റഷ്യ തയ്യാറെന്ന് അറിയിച്ചു. ഏഷ്യന്‍ ഹബ്ബുകളില്‍ നങ്കൂരമിട്ടുകിടക്കുന്ന ദശലക്ഷക്കണക്കിന് ബാരല്‍ റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കും.
മുന്‍പ് യു.എസ് വ്യാപാര ചര്‍ച്ചകളെത്തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചിരുന്നു. അതേസമയം, രാജ്യത്ത് 8 ആഴ്ചത്തേക്കുള്ള ഇന്ധന ശേഖരമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യത്തങ്ങള്‍ നല്‍കുന്ന വിവരം. അടിയന്തര സാഹചര്യം നേരിടാന്‍ തന്ത്രപ്രധാന എണ്ണ സംഭരണ കേന്ദ്രങ്ങളില്‍ നിന്നുള്ള കരുതല്‍ ശേഖരം ഉപയോഗിക്കുമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ടാങ്കറുകള്‍ക്ക് യുഎസ് നാവികസേന അകമ്പടിയായി സുരക്ഷയൊരുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഊര്‍ജവിതരണത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് യുഎസ് ഉറപ്പാക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ആദ്യം ആക്രമിക്കാന്‍ പദ്ധതിയിട്ടത് ഇറാനാണെന്നും അതിന് മുന്‍പ് തങ്ങള്‍ ആക്രമിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ആവശ്യത്തിന് എണ്ണ ശേഖരമുണ്ട്, ആശങ്ക വേണ്ടെന്ന് മന്ത്രി
പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോളതലത്തിലുണ്ടായ അസംസ്‌കൃതഎണ്ണ പ്രതിസന്ധിയില്‍ ഇന്ത്യക്ക് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയുടെ പക്കല്‍ അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും ശേഖരം ആവശ്യത്തിനുണ്ടെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യമൊട്ടാകെ പെട്രോളിയം ഉത്പന്നങ്ങളുടെ ശേഖരവും വിതരണവും നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം മന്ത്രാലയത്തിനുകീഴില്‍ സജ്ജമാക്കിയിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെയും ശേഖരമുണ്ട്. എണ്ണലഭ്യത ആവശ്യത്തിന് ഉറപ്പുവരുത്താനായി എണ്ണ ഉത്പാദക സ്രോതസ്സുകളെ വിപുലപ്പെടുത്താന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ ശ്രമിച്ചുവരുന്നുണ്ട്.
ഇതിന്റെ ഫലമായി ഇന്ത്യന്‍ ഊര്‍ജക്കമ്പനികള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴിയല്ലാതെയും രാജ്യത്തേക്ക് ഊര്‍ജവിതരണം സാധ്യമാക്കുന്നതിന് പ്രയാസമില്ല. അത്തരം കാര്‍ഗോകള്‍ ഇപ്പോഴും തുടരുന്നതിനാല്‍ ഹോര്‍മുസ് കടലിടുക്കിലുണ്ടാകുന്ന തടസ്സങ്ങള്‍ ലഘൂകരിക്കാനാകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില തിങ്കളാഴ്ച പത്ത് ശതമാനം ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 82 ഡോളര്‍ വരെയെത്തി. ഒറ്റദിവസം വീപ്പയ്ക്ക് 9.13 ഡോളര്‍ വരെയാണ് ഉയര്‍ന്നത്. പിന്നീട് കുറഞ്ഞ് 79.42 ഡോളറായി.
25 ദിവസത്തേക്ക് ആവശ്യമായ എണ്ണ, എണ്ണയുത്പന്ന ശേഖരം ഇന്ത്യക്കുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം, ഇന്ത്യയുടെ പക്കല്‍ 74 ദിവസത്തേക്കാവശ്യമായ കരുതല്‍ ശേഖരമുണ്ടെന്നാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ മാസം രാജ്യസഭയില്‍ വ്യക്തമാക്കിയത്. ഏതെങ്കിലും തരത്തിലുള്ള ആഗോള പ്രതിസന്ധിയുണ്ടായാല്‍ അതിനെ തരണം ചെയ്യാനാവശ്യമായ ശേഖരമുണ്ടെന്നായിരുന്നു മന്ത്രിയുടെ വാദം.
