കനത്ത പ്രഹരം നല്‍കിയിട്ടും തീരാതെ ഇറാന്റെ മിസൈല്‍ ശേഖരം; അയല്‍രാജ്യങ്ങളെ ലക്ഷ്യമാക്കി കുടുതല്‍ മിസൈലുകള്‍ അയച്ചു ഇറാന്‍; ആക്രമണം കടുപ്പിച്ചു ഇസ്രായേലും; യുദ്ധം തുടരുമെന്ന സൂചന നല്‍കി ട്രംപും നെതന്യാഹുവും; അടിയും തിരിച്ചടിയുമായി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും സമാധാന ചര്‍ച്ചകള്‍ അകലെ; പശ്ചിമേഷ്യയില്‍ കടുത്ത ആശങ്ക; പ്രതിസന്ധിയില്‍ ഗള്‍ഫിലെ മലയാളികളും

കനത്ത പ്രഹരം നല്‍കിയിട്ടും തീരാതെ ഇറാന്റെ മിസൈല്‍ ശേഖരം

Update: 2026-03-04 01:23 GMT

ടെഹ്‌റാന്‍/ടെല്‍അവീവ്: പ്രഹരമേറ്റിട്ടും തളരാതെ ഇറാന്റെ മിസൈല്‍ ശേഖരം; തിരിച്ചടി കടുപ്പിച്ച് യുഎസും ഇസ്രായേലും. പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി ആക്രമണ-പ്രത്യാക്രമണങ്ങള്‍ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മേഖല യുദ്ധഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. 'ഓപ്പറേഷന്‍ എപിക് ഫ്യൂരി' എന്ന് പേരിട്ട സംയുക്ത സൈനിക നീക്കത്തിലൂടെ ഇറാന്റെ ഹൃദയഭാഗങ്ങളില്‍ ഇസ്രായേല്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തി. എന്നാല്‍, അയല്‍രാജ്യങ്ങളിലെ യുഎസ് സൈനിക നിലയങ്ങള്‍ക്കും എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും നേരെ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ട് ഇറാന്‍ തിരിച്ചടിക്കുകയാണ്. യുദ്ധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സൂചിപ്പിച്ചു ട്രംപും നെതന്യാഹുവും രംഗത്തുവന്നതോടെ ഗള്‍ഫില്‍ ആകെ സ്തംഭനാവസ്ഥയാണ്.

ഇറാന്‍ പ്രസിഡന്റിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇറാന്റെ ഇടക്കാല നേതൃത്വം യോഗം ചേര്‍ന്ന കെട്ടിടമാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കെര്‍മാനിലുണ്ടായ വ്യോമാക്രമണത്തില്‍ ഇറാന്റെ 11 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ടെഹ്റാനിലും കരാജിലും ഇസ്ഫഹാനിലും സ്‌ഫോടനങ്ങളുണ്ടായി. ഇറാന്റെ ദേശീയടെലിവിഷനായ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ്ങിന്റെ (ഇറിബ്) ടെഹ്‌റാനിലെ ആസ്ഥാനം ആക്രമിക്കപ്പെട്ടു. സംപ്രേഷണം തടസ്സപ്പെട്ടിട്ടില്ലെന്നും ആര്‍ക്കും പരിക്കില്ലെന്നും ഇറിബ് പറഞ്ഞു.

ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തിന് ആക്രമണത്തില്‍ കേടുപറ്റി, മെഹ്‌റാബാദ് വിമാനത്താവളവും ആക്രമിക്കപ്പെട്ടു. ഇറാനിലെ ബുഷഹ്‌റിലെ ആണവനിലയത്തിന്റെ പ്രവര്‍ത്തനം റഷ്യ നിര്‍ത്തി. ഇറാന്റെ ആക്രമണത്തെത്തുടര്‍ന്ന് റിയാദിലെ യു.എസ്. സ്ഥാനപതികാര്യാലയം അടച്ചു. കുവൈത്ത്, ബഹ്റൈന്‍, ഇറാഖ്, ഖത്തര്‍, ജോര്‍ദാന്‍, യു.എ.ഇ. തുടങ്ങി 12-ഓളം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സ്ഥാനപതികാര്യാലയങ്ങളിലുള്ള അത്യാവശ്യമല്ലാത്ത ജീവനക്കാരോട് രാജ്യം വിടാന്‍ യു.എസ്. നിര്‍ദേശിച്ചു. ഇസ്രയേലിലെ നയതന്ത്രജീവനക്കാരെ നേരിട്ടൊഴിപ്പിക്കാനോ അവരോട് സ്വന്തം നിലയ്ക്ക് രാജ്യം വിടാന്‍ നിര്‍ദേശിക്കാനോ ആകാത്ത സ്ഥിതിയാണെന്ന് യു.എസ്. സ്ഥാനപതികാര്യാലയം പറഞ്ഞു.

ഖത്തര്‍ തലസ്ഥാനമായ ദോഹയിലും ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലും ഇറാന്‍ ആക്രമണമുണ്ടായി. യു.എ.ഇ.യില്‍ ആമസോണിന്റെ രണ്ട് ഡേറ്റാസെന്ററുകള്‍ ആക്രമിക്കപ്പെട്ടു. ബഹ്റൈനിലെ ആമസോണ്‍ കേന്ദ്രത്തിനുനേരെയും ഡ്രോണെത്തി. ഇവയെല്ലാം നിര്‍വീര്യമാക്കി. വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് പോരാളികളുടെ ക്യാമ്പിലും ഇറാന്റെ മിസൈല്‍ പതിച്ചു.

ഇറാന്റെ പ്രധാന സൈനിക വിഭാഗമായ ഐ.ആര്‍.ജി.സിയുടെ ബൂശഹ്ര്‍ കേന്ദ്രം ആക്രമിക്കപ്പെട്ടു. ഇവിടെ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനകം 1039 ആക്രമണങ്ങള്‍ നടന്നതായും 504 കേന്ദ്രങ്ങളില്‍ ബോംബ് പതിച്ചതായും ഇറാന്‍ റെഡ്ക്രസന്റ് അറിയിച്ചു. ആക്രമണം ഉടന്‍ അവസാനിപ്പിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും വ്യക്തമാക്കി. യുദ്ധം തുടങ്ങിയത് യു.എസും ഇസ്രായേലുമാണെന്നും അതിനാല്‍ അവര്‍തന്നെ ആക്രമണം അവസാനിപ്പിക്കട്ടെയെന്ന് ഇറാനും അറിയിച്ചതോടെ, വരുംനാളുകളില്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ശക്തമാകുമെന്ന് ഉറപ്പായി..

ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍തന്നെ തിരിച്ചടി തുടങ്ങിയ ഇറാന്‍ ചൊവ്വാഴ്ച പ്രത്യാക്രമണം കടുപ്പിച്ചു. കഴിഞ്ഞദിവസം, സൗദി അറേബ്യയിലെ റഅ്‌സ് തനൂറ എണ്ണ ശുദ്ധീകരണ ശാലക്കുനേരെ ആക്രമണം നടത്തിയ ഇറാന്‍ ചൊവ്വാഴ്ച റിയാദിലെ യു.എസ് എംബസി ലക്ഷ്യമിട്ടും ഡ്രോണുകള്‍ പായിച്ചു. സംഭവത്തില്‍ എംബസിയില്‍ ചെറിയ തോതിലുള്ള തീപിടിത്തമുണ്ടായി. കുവൈത്തിലും യു.എസ് എംബസിക്കുനേരെ ആക്രമണശ്രമമുണ്ടായി.

ബഹ്‌റൈനിലെ യു.എസ് സൈനിക നിലയത്തിനുനേരെ മിസൈല്‍ പായിച്ച ഇറാന്‍ അവിടെ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് തകര്‍ത്തതായി അവകാശപ്പെട്ടു. ഒമ്പത് ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ചൊവ്വാഴ്ച പ്രത്യാക്രമണം നടത്തിയിട്ടുണ്ട്. ഇസ്രായേലിലേക്കും ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തി. നാല് ദിവസത്തിനിടെ, ഇസ്രായേലില്‍ 11 പേരാണ് ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇറാന്റെ പ്രത്യാക്രമണം രൂക്ഷമായ സാഹചര്യത്തില്‍, കുവൈത്തിലെയും റിയാദിലെയും എംബസികള്‍ അടക്കാന്‍ യു.എസ് തീരുമാനിച്ചു. 14 ഗള്‍ഫ് രാജ്യങ്ങളിലെയും പൗരന്മാരോട് മടങ്ങാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് നിര്‍ദേശിച്ചിട്ടുണ്ട്. ജര്‍മനി, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും സമാന നടപടികള്‍ പ്രഖ്യാപിച്ചു.

ഇസ്രായേല്‍ സൈന്യം ലബനാനില്‍

കഴിഞ്ഞദിവസം, ലബനാന്‍ തലസ്ഥാനമായ ബൈറൂത്തില്‍ വ്യോമാക്രമണം നടത്തിയ ഇസ്രായേല്‍, ചൊവ്വാഴ്ച അവിടെ കരയുദ്ധത്തിനും തുടക്കംകുറിച്ചു. ഇതോടെ, ദക്ഷിണ ബൈറൂത്തില്‍നിന്ന് കൂട്ടപ്പലായനം ആരംഭിച്ചു. ഇതിനകം, 30,000ത്തിലധികം പേര്‍ നഗരം വിട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ 52 ഗ്രാമങ്ങള്‍ ഇസ്രായേല്‍ സൈന്യം ഒഴിപ്പിച്ചു. 30 ഗ്രാമങ്ങള്‍കൂടി ഒഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. കരയാക്രമണത്തിന് സമാന്തരമായി വ്യോമാക്രമണവും തുടരുന്നുണ്ട്. ഇതിനകം 60ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ബ്രിട്ടന്‍ പിന്മാറിയോ?

'ഓപറേഷന്‍ എപിക് ഫ്യൂരി'യില്‍ ബ്രിട്ടന്റെ പങ്കാളിത്തം സംബന്ധിച്ച് സഖ്യ രാഷ്ട്രങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്ന ദിവസംകൂടിയായിരുന്നു ഇന്നലെ. ബ്രിട്ടീഷ് സേനയും ഇറാന്‍ ദൗത്യത്തില്‍ പങ്കുചേരുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. സൈപ്രസിലെ ബ്രിട്ടന്റെ സൈനിക കേന്ദ്രത്തിനുനേരെ കഴിഞ്ഞദിവസം ഇറാന്‍ ആക്രമിക്കുകയും ചെയ്തതോടെ ബ്രിട്ടീഷ് സൈനികാക്രമണം ആസന്നമെന്ന് വിലയിരുത്തപ്പെട്ടു.

എന്നാല്‍, സഖ്യ സേനക്കൊപ്പമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കിയത് ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കളില്‍ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. പഴയതുപോലെ ബ്രിട്ടന്റെ സഹായം ലഭിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. തങ്ങളുടെ സൈനിക നിലയം ഇറാന്‍ ആക്രമണത്തിന് വിട്ടുനല്‍കില്ലെന്ന് സ്‌പെയിനും വ്യക്തമാക്കി. ഇറാനുനേരെയുള്ള ആക്രമണത്തെ ബെല്‍ജിയവും അപലപിച്ചതോടെ, നിലവിലെ ഇറാന്‍ ദൗത്യത്തില്‍ യു.എസിന് യൂറോപ്പിന്റെ പിന്തുണ വേണ്ടത്ര ലഭിച്ചില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ആക്രമണത്തെ റഷ്യയും അപലപിച്ചിരുന്നു.

എണ്ണവില 200 ഡോളറിലേക്ക്? ഹോര്‍മുസിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ചൈന

'മേഖലയിലെ ഒരു തുള്ളി എണ്ണ പോലും പുറത്തുപോകാന്‍ അനുവദിക്കില്ല' എന്ന ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ജനറല്‍ സര്‍ദാര്‍ ജബ്ബാരിയുടെ മുന്നറിയിപ്പ് ആഗോള വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് തടയുകയും എണ്ണ പൈപ്പ് ലൈനുകള്‍ തകര്‍ക്കുകയും ചെയ്താല്‍ വില 200 ഡോളര്‍ കടക്കുമെന്നാണ് ഭീഷണി. ചരക്കുനീക്കം തടസ്സപ്പെടാതിരിക്കാന്‍ ചൈന ഇടപെടല്‍ നടത്തിക്കഴിഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കത്തില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ബന്ധപ്പെട്ടകക്ഷികള്‍ ഉടന്‍ വെടിനിര്‍ത്തണമെന്നും പറഞ്ഞു.

പ്രവാസി മലയാളിക്ക് നെഞ്ചിടിപ്പ്

യുദ്ധം ഗള്‍ഫ് രാജ്യങ്ങളിലേക്ക് പടരുന്നത് ലക്ഷക്കണക്കിന് മലയാളികളെയാണ് നേരിട്ട് ബാധിക്കുന്നത്. റിയാദിലും കുവൈത്തിലും ദോഹയിലും മനാമയിലും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പ്രവാസികള്‍ കടുത്ത ആശങ്കയിലാണ്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതും എംബസികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നു.

Tags:    

Similar News