'സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിച്ചത് യൂണിഫോമും ബാഗും ഉള്‍പ്പെടെ; വസ്ത്രം ധരിക്കാത്ത സ്ത്രീകളുടെ മൃതദേഹവും; ആത്മഹത്യയോ മുങ്ങിമരണമോ എന്ന് കരുതി; ലൈംഗികാതിക്രമം നടന്നതിന്റെ പാടുകള്‍ കണ്ടതോടെ സംശയം തോന്നി; 10 വര്‍ഷത്തിനിടെ കത്തിച്ചത് 100 യുവതികളെ'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി
ബെംഗളൂരു: പത്ത് വര്‍ഷത്തിനിടെ കര്‍ണാടകയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടികളുടെയും യുവതികളുടെയും നൂറോളം മൃതദേഹങ്ങള്‍ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ ശുചീകരണ തൊഴിലാളി. ധര്‍മസ്ഥല ക്ഷേത്ര ഭരണസമിതിയ്ക്ക് കീഴിലാണ് ഇയാള്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്. താനും കുടുംബവും കൊല്ലപ്പെടുമെന്ന ഭയം ദിവസവും വേട്ടയാടപ്പെടുന്നുണ്ടെന്നും ദളിത് ശുചീകരണ തൊഴിലാളി പറയുന്നു.
1998 നും 2014 നും ഇടയില്‍ ധര്‍മസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങളാണ് താന്‍ കത്തിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും ആകാത്ത സ്ഥിതിയിലായതാണ് വെളിപ്പെടുത്തലിന് പിന്നിലെന്നാണ് അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി പുറത്തുവിട്ട കത്തില്‍ വിശദമാക്കുന്നത്. ദക്ഷിണ കര്‍ണാടകയില്‍ ദീര്‍ഘകാലമായി ശുചീകരണ തൊഴിലാളിയായിരുന്ന വ്യക്തിയാണ് വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. ഓജസ്വി ഗൗഡ, സച്ചിന്‍ ദേശ്പാണ്ഡെ എന്നീ അഭിഭാഷകരുടെ സഹായത്തോടെയാണ് ഇയാള്‍ കത്ത് പുറത്ത് വിട്ടിട്ടുള്ളത്. ധര്‍മസ്ഥലയിലെ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു ഇയാള്‍. കുഴിച്ച് മൂടിയവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അടക്കമുള്ളവരെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ പറയുന്നത്.
സംഭവത്തില്‍ ധര്‍മസ്ഥല പൊലീസ് വിവരങ്ങള്‍ ഒളിച്ച് വയ്ക്കല്‍ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ധര്‍മസ്ഥലയില്‍ 1995 മുതല്‍ 2014 വരെയാണ് ഇയാള്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തത്. ക്രൂരമായ രീതിയിലുള്ള കൊലപാതകങ്ങള്‍ക്കും സാക്ഷിയാവേണ്ടി വന്നതായും ഇയാള്‍ വിശദമാക്കിയിരിക്കുന്നത്. ഈ മൃതദേഹങ്ങള്‍ മറവ് ചെയ്യാനും നിര്‍ബന്ധിതനായെന്നും ശുചീകരണ തൊഴിലാളി അവകാശപ്പെടുന്നത്. കുടുംബത്തിന് ഭീഷണി നേരിട്ടതോടെ 2014ല്‍ സമീപ സംസ്ഥാനത്തേക്ക് രക്ഷപ്പെട്ട ഇയാള്‍ നിലവില്‍ പൊലീസ് സംരക്ഷണം തേടിയാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഈ കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്നും മൃതദേഹങ്ങള്‍ കുഴിച്ചെടുക്കണമെന്നുമാണ് ഇയാള്‍ പൊലീസിനോട് ആവശ്യപ്പെടുന്നത്.
കുറ്റബോധം തോന്നുകയും ഇരകള്‍ക്ക് നീതി കിട്ടണമെന്ന ആഗ്രഹത്തിലുമാണ് ഒരു പതിറ്റാണ്ടിനുശേഷം ഇയാള്‍ പൊലീസിനെ സമീപിച്ചത്. വെളിപ്പെടുത്തലിനു ശേഷം തനിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും ഇയാള്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌കരിക്കാന്‍ തന്റെ സൂപ്പര്‍വൈസറാണ് ഉത്തരവിട്ടിരുന്നത്. പൊലീസില്‍ പറയുമെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നും ഇയാള്‍ പറയുന്നു.
''വെളിപ്പെടുത്തല്‍ നടത്തിയ വ്യക്തി ആരെന്ന് പറയരുതെന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കോടതിയില്‍നിന്ന് ആവശ്യമായ അനുമതി നേടിയ ശേഷം ഞങ്ങള്‍ കേസ് റജിസ്റ്റര്‍ ചെയ്തു'' ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് അരുണ്‍ പറഞ്ഞു. യൂണിഫോമും ബാഗും ഉള്‍പ്പെടെയാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിച്ചത്. വസ്ത്രം ധരിക്കാത്ത സ്ത്രീകളുടെ മൃതദേഹങ്ങളാണ് കണ്ടിരുന്നത്. ആത്മഹത്യയോ മുങ്ങിമരണമോ ആയിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ചില മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമം നടന്നതിന്റെ പാടുകളും മറ്റും കണ്ടുതുടങ്ങിയതോടെയാണ് സംശയം തോന്നിയതെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.
''ഒരു സംഭവം എന്നെ എന്നന്നേക്കുമായി വേട്ടയാടുന്നു. 2010 ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍ പമ്പില്‍നിന്ന് ഏകദേശം 500 മീറ്റര്‍ അകലെ 12നും 15നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. അവള്‍ സ്‌കൂള്‍ യൂണിഫോം ധരിച്ചിരുന്നു. അവളുടെ പാവാടയും അടിവസ്ത്രവും മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല. ലൈംഗികാതിക്രമം നടന്നതിന്റെയും കഴുത്തു ഞെരിച്ചതിന്റെയും അടയാളങ്ങള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. ഒരു കുഴി കുഴിച്ചു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം സ്‌കൂള്‍ ബാഗിനൊപ്പം കത്തിക്കാന്‍ നിര്‍ബന്ധിതനായി'' മുന്‍ ശുചീകരണ തൊഴിലാളി പറഞ്ഞു.
ആദ്യ തവണ മൃതദേഹം മറവ് ചെയ്യാന്‍ വിസമ്മതിച്ചതിന് പിന്നാലെ സൂപ്പര്‍ വൈസര്‍ ക്രൂരമായി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മൃതദേഹങ്ങളില്‍ ചിലത് ഡീസല്‍ ഉപയോഗിച്ച് കത്തിച്ച് കളയുകയും മറ്റ് ചിലത് ധര്‍മസ്ഥല ഗ്രാമത്തില്‍ പലയിടത്തായി മറവ് ചെയ്യേണ്ടി വന്നുവെന്നാണ് വെളിപ്പെടുത്തല്‍. വിസമ്മതിച്ചതിന് പിന്നാലെ കുടുംബത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നു ഇതോടെയാണ് ഗ്രാമത്തില്‍ നിന്ന് ഒളിച്ച് പോയത്. ശക്തരായ ആളുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ശുചീകരണ തൊഴിലാളി ആരോപിക്കുന്നത്. പൊലീസ് സംരക്ഷണം നല്‍കിയാല്‍ കൊലപാതകം ചെയ്തത് ആരാണെന്ന് വ്യക്തമാവുന്നില്ലെന്നും അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി വിശദമാക്കിയത്.
മറവ് ചെയ്ത മൃതദേഹങ്ങളില്‍ ഏറിയ പങ്കും യുവതികളുടേതാണെന്നും. ലൈംഗിക പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. അന്ത്യ കര്‍മ്മങ്ങള്‍ പോലും ചെയ്യാതെ മറവ് ചെയ്യാത്തതിനാല്‍ മരിച്ചവരുടെ ആത്മാക്കള്‍ തന്നെ വേട്ടയാടുന്നുവെന്നാണ് ഇയാള്‍ വിശദമാക്കിയത്. മരിച്ചവര്‍ക്ക് മാന്യമായ രീതിയിലുള്ള അന്തിമ സംസ്‌കാരത്തിനുള്ള അവസരം ഒരുങ്ങാനാണ് വെളിപ്പെടുത്തലെന്നും ഇയാള്‍ വിശദമാക്കുന്നത്. വെളിപ്പെടുത്തലില്‍ കോടതി അനുമതി തേടി അന്വേഷണത്തിന് ഒരുങ്ങുകയാണ് കര്‍ണാടക പൊലീസ്.