ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ ഖമേനിയുടെ കൊട്ടാരം തവിടുപൊടി; ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡറും കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍; ടെഹ്‌റാനില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ചു ഇറാന്‍ അധികൃതര്‍; തലകുനിക്കില്ലെന്ന നിലപാടില്‍ ഇറാന്‍; ശത്രുവിനെ പരാജയപ്പെടുത്തുന്നതുവരെ ഇറാന്റെ സൈനിക നടപടി തുടരും ഐ.ആര്‍.ജി.സി

ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ ഖമേനിയുടെ കൊട്ടാരം തവിടുപൊടി

Update: 2026-02-28 12:55 GMT

ടെല്‍അവീവ്: ശനിയാഴ്ച നടന്ന ആക്രമണങ്ങളില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡര്‍ മുഹമ്മദ് പാക്പൂര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാളായ പാക്പൂര്‍ 260 ദിവസമാണ് ഐആര്‍ജിസി കമാന്‍ഡറായിരുന്നത്. മുന്‍ കമാന്‍ഡര്‍ ഹുസൈന്‍ സലാമിയുടെ വധത്തെ തുടര്‍ന്നാണ് പാക്പൂരിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ മുഹമ്മദ് പാക്പൂര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.

ഇസ്രയേലിനും യുഎസിനും എന്തെങ്കിലും തെറ്റായ കണക്കുകൂട്ടലുകള്‍ ഉണ്ടെങ്കില്‍ അതൊഴിവാക്കണമെന്ന് ജനുവരിയില്‍ മുഹമ്മദ് പാക്പൂര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്ക് എക്കാലത്തെയും കൂടുതല്‍ സജ്ജമായി നില്‍ക്കുന്നതായും പാക്പൂര്‍ പറഞ്ഞു. ഇറാനില്‍ നടന്ന യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെയും ലക്ഷ്യമിട്ടതായി ഒരു മുതിര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇറാനിയന്‍ പ്രക്ഷോഭകരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ ഇല്ലാതാക്കുന്നതിനാണ് സൈനിക നടപടികളെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഖമനേയിയുടെ കൊട്ടാരം പൂര്‍ണമായി തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖമനേയി അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണങ്ങളില്‍ ഇറാനിലെ എല്ലാ പ്രധാന നേതാക്കളെയും ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടുണ്ട്. ജനങ്ങളോട് ടെഹ്‌റാനില്‍ നിന്നു ഒഴിഞ്ഞു പോകാന്‍ ഇറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് മിസൈന്‍ ആക്രമണം നടത്തിയാണ് ഇറാന്‍ പ്രതികരിച്ചത്. തലകുനിക്കില്ലെന്ന് പ്രഖ്യാപിച്ചു. അബുദാബി, റിയാദ്, മനാമ, ദോഹ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ വ്യോമ, നാവിക താവളങ്ങളിലായിരുന്നു ആക്രമണം. തലകുനിക്കില്ലെന്നും അതാണ് പാരമ്പര്യമെന്നും പ്രഖ്യാപിച്ച് കൊണ്ടാണ് ഇറാന്റെ തിരിച്ചടി.

ശത്രുവിനെ നിര്‍ണ്ണായകമായി പരാജയപ്പെടുത്തുന്നതുവരെ ഇറാന്റെ സൈനിക നടപടി തുടരുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വ്യക്തമാക്കി. മധ്യേഷ്യയിലെ എല്ലാ ഇസ്രയേല്‍- യുഎസ് സൈനിക കേന്ദ്രങ്ങള്‍ ഇറാനിയന്‍ മിസൈലുകളുടെ ശക്തമായ ആക്രമണത്തിന് ഇരയായി എന്ന് ഐആര്‍ജിസി അവകാശപ്പെട്ടു.ശത്രു പരാജയപ്പെടുത്തുന്നതുവരെ ഇത് തുടരുമെന്ന് ഐ.ആര്‍.ജി.സി വ്യക്തമാക്കി.

മേഖലയിലുടനീളമുള്ള എല്ലാ യുഎസ് കേന്ദ്രങ്ങളും ഇറാന്റെ സൈന്യത്തിന്റെ ലക്ഷ്യങ്ങളായി കണക്കാക്കുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. അതേസമയം വടക്കുപടിഞ്ഞാറന്‍ ഇറാനിലെ സഞ്ജാനില്‍ ഒരു സ്‌ഫോടനം ഉണ്ടായതായി ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനില്‍ നിന്നുള്ള ഭീഷണി ഇല്ലാതാക്കാനാണ് സംയുക്ത ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്.

അതേസമയം ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ ഇറാന്‍ ടെഹ്റാനില്‍ 40 സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 61 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. മിനാബ് പ്രദേശത്തെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഒരു വ്യോമതാവളം സ്ഥിതി ചെയ്യുന്ന മേഖലയാണ് മിനാബ്.

ടെഹ്റാനില്‍, ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ ഔദ്യോഗിക ഓഫീസിന് സമീപത്താണ് ആദ്യത്തെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ രാജ്യവ്യാപകമായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലമേഖലകളില്‍ നിന്നും പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇറാനിലെ ഇസ്ലാമിക ഭരണത്തിനെതിരേ ശബ്ദിക്കാനുള്ള അവസരമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് ആക്രമണങ്ങള്‍ക്ക് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ട്രംപ് ലോകത്തെ അഭിസംബോധന ചെയ്തത്. വര്‍ഷങ്ങളായി നിങ്ങള്‍ അമേരിക്കയുടെ സഹായം ചോദിക്കുന്നു, നിങ്ങള്‍ക്ക് അത് ഒരിക്കലും ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് ആ സഹായത്തിന്റെ യഥാര്‍ഥ സമയമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

Tags:    

Similar News