അഞ്ച് അറബ് രാജ്യങ്ങളുടെ പരമാധികാരം ഇറാന്‍ ലംഘിച്ചു; ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും; ശക്തമായി അപലപിച്ച് സൗദി അറേബ്യ; മിസൈല്‍ ആക്രമണങ്ങളെ തടഞ്ഞതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം; മിസൈലുകളെ വിജയകരമായി പ്രതിരോധിച്ചെന്ന് കുവൈത്ത് സായുധ സേന; ഷെല്‍ട്ടറുകള്‍ പ്രഖ്യാപിച്ച് ബഹ്റൈന്‍; ആക്രമണ വിവരങ്ങള്‍ പുറത്തുവിട്ടു ഗള്‍ഫ് രാജ്യങ്ങള്‍
അഞ്ച് അറബ് രാജ്യങ്ങളുടെ പരമാധികാരം ഇറാന്‍ ലംഘിച്ചു
റിയാദ്: യു.എ.ഇ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നീ അഞ്ച് അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേല്‍ ഇറാന്‍ നടത്തിയ കടന്നുകയറ്റത്തെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യങ്ങളുടെ പരമാധികാരത്തിന്റെയും മേലുള്ള ഇത്തരം നഗ്‌നമായ ലംഘനങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കി.
ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഇറാന്റെ ആക്രമണത്തെ നേരിടാന്‍ ഈ അഞ്ച് സഹോദര രാജ്യങ്ങള്‍ക്കും സൗദി അറേബ്യ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുരക്ഷാ നടപടികള്‍ക്കായി സൗദിയുടെ എല്ലാവിധ കഴിവുകളും സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു. ഇന്ന് ഉച്ചയോടെ സൗദി തലസ്ഥാനമായ റിയാദ് നഗത്തിന്റെ കിഴക്കുഭാഗമയ തുമാമയില്‍ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒന്നിലധികം തവണ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മിസൈല്‍ ആക്രമണങ്ങളെ തടഞ്ഞതായി ഖത്തര്‍
ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഖത്തറില്‍ മിസൈല്‍ ആക്രമണ ഉണ്ടായി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യു.എസ് സൈനിക താവളമായ ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസിനെ അടക്കം ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. രാജ്യത്ത് രണ്ട് തവണകളായാണ് ആക്രമണമുണ്ടായത്. അതേസമയം, ഖത്തറിനു നേരെ ഉണ്ടായ മിസൈല്‍ ആക്രമണങ്ങളെ ഖത്തര്‍ വിജയകരമായി പ്രതിരോധിച്ചു. സുരക്ഷാ മുന്‍കരുതലുകളും ജാഗ്രതയും ഏകോപിതമായ പരിശ്രമത്തിലൂടെയും എല്ലാ ആക്രമണങ്ങളെയും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം വിശദമാക്കി.
ദോഹക്ക് മുകളിലൂടെ പറന്നെത്തിയ ബാലിസ്റ്റിക് മിസൈലുകളെ മിസൈല്‍വേധ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഖത്തര്‍ തകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈല്‍ അവശിഷ്ടങ്ങള്‍ ജനവാസമില്ലാത്ത മേഖലകളിലാണ് പതിച്ചത്.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി താല്‍ക്കാലികമായി വ്യോമപാത അടച്ചിരുന്നു. താമസക്കാരും പൗരന്മാരും ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൗരന്‍മാരുടെയും താമസക്കാരുടെയും സുരക്ഷക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി.
മിസൈലുകളെ പ്രതിരോധിച്ചെന്ന് കുവൈത്ത് സായുധ സേന
കുവൈത്ത് വ്യോമാതിര്‍ത്തിയില്‍ മിസൈലുകള്‍ കണ്ടെത്തിയതായും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ അവ വിജയകരമായി നേരിട്ടതായും കുവൈത്ത് സായുധ സേന അറിയിച്ചു. നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടപടികള്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കിയ ജനറല്‍ കമാന്‍ഡ്, സംഭവവുമായി ബന്ധപ്പെട്ട് കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രാദേശിക സുരക്ഷാ സാഹചര്യം പരിഗണിച്ച് കുവൈത്ത് വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.വിമാനങ്ങളും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുന്‍കരുതല്‍ നടപടിയായാണ് തീരുമാനം.സ്ഥിതി ബന്ധപ്പെട്ട ഏജന്‍സികളുമായി ചേര്‍ന്ന് തുടര്‍ച്ചയായി നിരീക്ഷിക്കുന്നതായും പുതിയ അറിയിപ്പുകള്‍ ഔദ്യോഗികമായി നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം രാജ്യത്ത് മുന്നറിയിപ്പ് സൈറണുകള്‍ മുഴക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ശാന്തത പാലിക്കണമെന്നും, ഗ്യാസ് വൈദ്യുതി സ്രോതസ്സുകള്‍ ഓഫ് ചെയ്യണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുമ്പോള്‍ ലിഫ്റ്റുകള്‍ക്ക് പകരം പടികള്‍ ഉപയോഗിക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സൈറണ്‍ മുഴങ്ങുമ്പോള്‍ പരിഭ്രാന്തരാകാതെ ശാന്തതയും സംയമനവും പാലിക്കണം. ഗ്യാസ്, വൈദ്യുതി കണക്ഷനുകള്‍ ഉടന്‍ തന്നെ ഓഫ് ചെയ്യുക. അപകടസാധ്യതയുള്ള വസ്തുക്കള്‍, പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യുകയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും വേണം, അടിയന്തര ഘട്ടങ്ങളില്‍ കെട്ടിടങ്ങളിലെയും ഫ്‌ലാറ്റുകളിലെയും ലിഫ്റ്റുകള്‍ ഉപയോഗിക്കരുത്, എമര്‍ജന്‍സി എക്‌സിറ്റ് വഴിയോ പടികള്‍ വഴിയോ പുറത്തേക്ക് ഇറങ്ങുക, അടിയന്തിര ഘട്ടത്തില്‍ ബേസ്മെന്റുകളോ അല്ലെങ്കില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷിതമായ അഭയകേന്ദ്രങ്ങളെയോ ആശ്രയിക്കുക, ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രം വിശ്വസിക്കുക, സിവില്‍ ഡിഫന്‍സ് നല്‍കുന്ന തുടര്‍ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
നിരവധി സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ഷെല്‍ട്ടറുകളുടെ പട്ടിക പുറത്തിറക്കി ബഹ്റൈന്‍
യുഎഇയിലെ അബുദാബിയിലും ബഹ്‌റൈനിലും ഖത്തറിലും യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം നടന്നതിന് പിന്നാലെ രാജ്യത്തെ ഷെല്‍ട്ടറുകളുടെ പട്ടിക പുറത്തിറക്കി ബഹ്റൈന്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രതിസന്ധി, ദുരന്തനിവാരണ ഡയറക്ടറേറ്റാണ് പട്ടിക പുറത്തിറക്കിയത്.
ബഹ്‌റൈനിലെ ജുഫൈര്‍ മേഖലയിലെ യുഎസ് നാവിക താവളത്തില്‍നിന്ന് വന്‍തോതില്‍ പുക ഉയരുന്നുണ്ട്. ഇവിടെ വന്‍ സ്‌ഫോടനമാണ് ഉണ്ടായത്. തുടര്‍ന്ന് വീണ്ടും മിസൈലുകള്‍ എത്തിയപ്പോള്‍ അത് പ്രതിരോധ സംവിധാനത്തില്‍ പ്രതിരോധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൗരന്മാര്‍ എത്രയുംപെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്ന നിര്‍ദേശം ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്ന് ഖത്തറും മുന്നറിയിപ്പ് നല്‍കി. സൈനിക താവളങ്ങള്‍ക്കടുത്ത് പോകരുതെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അബുദാബിയില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ട്.
