ഇനി അക്രത്തിനും വഖാറിനും റമീസ് രാജയ്ക്കും അക്തറിനും ഇന്ത്യയില്‍ കമന്ററി പറയാന്‍ എത്താനാകില്ല; പാസ് പോര്‍ട്ടില്‍ എസ് വി ഇ എസ് സ്റ്റിക്കറുണ്ടെങ്കില്‍ ഒരു വര്‍ഷ കാലവധിയില്‍ സാര്‍ക്ക് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കൂട്ടായ്മയിലെ ഏത് സ്ഥലവും സന്ദര്‍ശിക്കാം; ഇന്ത്യ ഈ സംവിധാനം റദ്ദാക്കുമ്പോള്‍ സംഭവിക്കുന്നത്
ന്യൂഡല്‍ഹി: ഇന്ത്യയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പണമുണ്ടാക്കുന്ന ക്രിക്കറ്റര്‍മാരും വ്യവസായികളും അഭിനേതാക്കളും ഗായകരും പാകിസ്ഥാനില്‍ ഏറെയുണ്ട്. വസിം അക്രമും വഖാര്‍ യൂനസും റമീസ് രാജയും ഷോയിബ് അക്തറുമെല്ലാം ഇന്ത്യന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ ക്രിക്കറ്റര്‍മാരാണ്. കമന്ററിയിലൂടെ ലക്ഷങ്ങളുടെ വരുമാനം ഉണ്ടാക്കുന്നവര്‍. ഇനി ഏതായാലും അവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ തഴിയില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ ചര്‍ച്ചയായ വാക്കാണ് സാര്‍ക്ക് വിസ. പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്കുള്ള വിസ ഇളവ് ഇന്ത്യ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
സാര്‍ക് വിസ എക്സംഷന്‍ സ്‌കീമിന്റെ (എസ്വിഇഎസ്) ഭാഗമായി ഇന്ത്യയില്‍ സഞ്ചരിക്കാന്‍ പാക്കിസ്താന്‍ പൗരന്മാരെ അനുവദിക്കില്ല. ഇന്ത്യയിലുള്ളവര്‍ 48 മണിക്കൂറിനകം രാജ്യംവിടണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തേ അനുവദിച്ച വിസ റദ്ദാക്കുകയും ചെയ്യും. മെഡിക്കല്‍ വിസ കൈവശമുള്ളവര്‍ക്ക് ഏപ്രില്‍ 29 വരെ മാത്രം താമസത്തിന് അനുമതിയുണ്ടാകും. മറ്റുള്ളവര്‍ ഏപ്രില്‍ 27നകം ഇന്ത്യ വിടണമെന്നും നിര്‍ദ്ദേശം. ഇതിനൊപ്പമാണ് സാര്‍ക്ക് വിസാ ആനുകൂല്യവും വേണ്ടെന്ന് വച്ചത്. ഈ സാധ്യത ഉപയോഗിച്ചാണ് ക്രിക്കറ്റര്‍മാര്‍ അടക്കം ഇന്ത്യയില്‍ സ്ഥിര യാത്രകള്‍ സാധ്യമാക്കിയത്.
എല്ലാ വിധ വിസയും വെട്ടിച്ചുരുക്കിയതോടെ ക്രിക്കറ്റര്‍മാര്‍ക്കും ഇന്ത്യയില്‍ നിന്നുള്ള അന്ന വഴി മുട്ടും. ഒരു കാലത്ത് അത്യുന്നതങ്ങളിലായിരുന്നു പാക് ക്രിക്കറ്റ്. പാകിസ്ഥാനിലേക്കുള്ള യാത്രകള്‍ ഇന്ത്യന്‍ ടീം വേണ്ടെന്ന് വച്ചതോടെ തന്നെ പാക് ക്രിക്കറ്റിന്റെ കഷ്ടകാലം തുടങ്ങി. അത് തകര്‍ന്നടിഞ്ഞു. പാക് ഹോക്കിയും അങ്ങനെയായി. അപ്പോഴും കമന്ററി പറയാന്‍ താരങ്ങള്‍ ഇന്ത്യയിലേക്ക് എത്തി. ഇനി അതും നടക്കില്ല.
എന്താണ് സാര്‍ക് വിസ എക്സംപ്ഷന്‍ സ്‌കീം?
സാര്‍ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഓഫ് റീജണല്‍ കോ-ഓപ്പറേഷന്‍) രാജ്യങ്ങളില്‍നിന്നുള്ള 24 വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് അംഗരാജ്യങ്ങളിലേക്കു യാത്രചെയ്യുന്നതിന് വിസയിളവ് നല്‍കുന്ന പദ്ധതിയാണിത്. 1988-ല്‍ ഇസ്ലാമാബാദില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയിലാണ് ഈ സ്‌കീം സംബന്ധിച്ച ആശയം ഉടലെടുത്തത്.
സര്‍ക്കാര്‍ പ്രമുഖര്‍, ഹൈക്കോടതി ജഡ്ജിമാര്‍, എംപിമാര്‍, പാര്‍ലമെന്റേറിയന്മാര്‍, സംരംഭകര്‍, മാധ്യമപ്രവര്‍ത്തകര്‍, കായികതാരങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്കാണ് ഇതിന് യോഗ്യത. ഇവര്‍ക്ക് സാധാരണ വിസ ഇല്ലാതെതന്നെ സാര്‍ക്ക് രാജ്യങ്ങളില്‍ സ്വതന്ത്രമായി യാത്ര അനുവദിക്കുന്നതാണ് എസ്വിഇഎസ്. സാര്‍ക് രാജ്യങ്ങളിലെ വ്യക്തികള്‍തമ്മിലുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള പദ്ധതി നിലവില്‍വന്നത് 1992-ലാണ്. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്താന്‍, ശ്രീലങ്ക എന്നിവയാണ് സാര്‍ക് അംഗരാജ്യങ്ങള്‍.
ഓരോ രാജ്യങ്ങളും അര്‍ഹതപ്പെട്ടവര്‍ക്ക് പാസ്‌പോര്‍ട്ടിനൊപ്പം എസ്വിഇഎസ് സ്റ്റിക്കറുകള്‍ പതിച്ച് നല്‍കും. ഈ സ്റ്റിക്കറുകളുടെ കാലാവധി ഒരു വര്‍ഷമാണ്. ഈ കാലയളവില്‍ സാര്‍ക്ക് രാജ്യങ്ങളിലേക്ക് ഇവര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം. എല്ലാം വര്‍ഷവും പുതിക്കി അവര്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം.