മണ്ണില്‍ പൊന്നു വിളയിക്കുന്ന ജൈവകര്‍ഷകര്‍ക്കായി അക്ഷയശ്രീ അവാര്‍ഡ്; അവാര്‍ഡ് ദാനത്തിനായി ഇതുവരെ ചിലവിട്ടത് രണ്ട് കോടിയിലധികം രൂപ: കേരളത്തിലെ മികച്ച കര്‍ഷകരെ തേടി സരോജിനി-ദാമോദരന്‍ ഫൗണ്ടേഷന്‍

മണ്ണില്‍ പൊന്നു വിളയിക്കുന്ന ജൈവകര്‍ഷകര്‍ക്കായി അക്ഷയശ്രീ അവാര്‍ഡ്

Update: 2025-03-17 09:48 GMT

മുഹമ്മ: ലോകം സാങ്കേതിക വിദ്യയ്ക്ക് പിന്നാലെ കുതിക്കുമ്പോള്‍ മണ്ണിന്റെ മണമുള്ള ജൈവ കര്‍ഷകര്‍ക്ക് പിന്നാലെയാണ് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി-ദാമോദരന്‍ ഫൗണ്ടേഷന്‍. കേരളത്തിലെ ഏറ്റവും മികച്ച ജൈവ കര്‍ഷകരെ കണ്ടെത്തി എല്ലാവര്‍ഷവും അവാര്‍ഡ് സമ്മാനിക്കുകയാണ് ഇവര്‍. കേരളത്തിലെ ഏറ്റവും മികച്ച കര്‍ഷകന് അക്ഷയ ശ്രീ അവാര്‍ഡായി ലഭിക്കുന്നത് രണ്ട് ലക്ഷം രൂപയാണ്. കഴിഞ്ഞ പതിനാറ് വര്‍ഷമായി കേരളത്തിലെ ജൈവകര്‍ഷകര്‍ക്കായി സരോജിനി-ദാമോദരന്‍ ഫൗണ്ടേഷന്‍ അക്ഷയ ശ്രീ അവാര്‍ഡ് സമ്മാനിക്കുന്നു. ഇതു വരെ രണ്ടു കോടി രൂപയ്ക്ക് മുകളില്‍ ഈ അവാര്‍ഡ് ദാനത്തിനായി ഫൗണ്ടേഷന്‍ ചിലവിട്ടു കഴിഞ്ഞു.

കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള ജൈവ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് അവരുടെ കൃഷിയിടം സന്ദര്‍ശിച്ച് ജൈവ കൃഷിയാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഫൗണ്ടേഷന്‍ അക്ഷയ ശ്രീ അവാര്‍ഡിനായി കര്‍ഷകരെ പരിഗണിക്കുന്നത്. ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ എസ്.ഡി ഷിബുലാലിന്റെ ഭാര്യയായ കുമാരി ഷിബുലാലിന്റെ ആഗ്രഹ പ്രകാരമാണ് ഇത്തരത്തില്‍ ജൈവ കര്‍ഷകര്‍ക്കായി ഒരു അവാര്‍ഡ് സമ്മാനിക്കുന്നത്. ഭക്ഷ്യ സുരക്ഷയെ കണക്കിലെടുത്തും ജനങ്ങളുടെ ആരോഗ്യത്തെ പരിഗണിച്ചും ആണ് കുമാരി ഷിബുലാല്‍ മികച്ച ജൈവ കര്‍ഷകന് അവാര്‍ഡ് എന്ന ആശയവുമായി മുന്നോട്ട് വരുന്നതും ജൈവ കര്‍ഷകര്‍ക്കായി ഒരു അവാര്‍ഡ് സമ്മാനിക്കുന്നതും. ഇന്‍ഫോസിസ് സഹസ്ഥാപകന്റെയും പത്‌നിയുടേയും ഈ സ്വപ്നത്തിനായി അക്ഷയ ശ്രീ അവാര്‍ഡ് കമ്മറ്റി കണ്‍വീനറായ കെ. വി ദയാല്‍ ഒപ്പമുണ്ട്.

സംസ്ഥാനത്തെ ഏറ്റവും മികച്ച കര്‍ഷകന് രണ്ട് ലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കുന്നതിനു പുറമേ ഓരോ ജില്ലയിലെ മികച്ച കര്‍ഷകര്‍ക്കും അവാര്‍ഡ് ഉണ്ട്. കൂടാതെ മികച്ച കുട്ടി കര്‍ഷക, ഔഷധ സസ്യ കൃഷി, മട്ടുപ്പാവ് കൃഷി തുടങ്ങി നിരവധി വിഭാഗങ്ങളിലായും അവാര്‍ഡ് സമ്മാനിക്കുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള നിരവധി പേരാണ് ഓരോ വിഭാഗങ്ങളിലുമായി എല്ലാ വര്‍ഷവും അവാര്‍ഡ് സ്വന്തമാക്കുന്നത്. വര്‍ഷം തോറും ആലപ്പുഴ മുഹമ്മയില്‍ നടക്കുന്ന അവാര്‍ഡ് പരിപാടിയില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള നിരവധി പേരാണ് പങ്കെടുക്കുന്നത്.

സര്‍ക്കാരിന്റെയോ മറ്റു സംഘടനകളുടെയോ വ്യക്തികളുടെയോ സഹായമില്ലാതെയാണ് സരോജിനി ഫൗണ്ടേഷന്‍ വര്‍ഷം തോറും ലക്ഷങ്ങള്‍ ചിലവിട്ട് ഇത്തരത്തില്‍ ഒരു അവാര്‍ഡ് സമ്മാനിക്കുന്നത്. വര്‍ഷം തോറും ഈ അവാര്‍ഡിന് പത്തരമാറ്റ് തിളക്കം കൂടിവരികയാണ്. കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള ജൈവ കര്‍ഷകര്‍ക്കും വലിയ ഒരു പ്രതീക്ഷയും പ്രോത്സാഹനവുമാണ് ഈ അവാര്‍ഡ്. മനുഷ്യര്‍ക്ക് നല്ല ഭക്ഷണം വിളമ്പുന്ന കര്‍ഷകന് അവാര്‍ഡ് നല്‍കി സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ പ്രോത്സാഹനവുമായി എത്തുമ്പോഴും ഇന്നും അത് ഒരു മാധ്യമത്തിലും വാര്‍ത്തയായിട്ടില്ല. കഴിഞ്ഞ 16 വര്‍ഷമായി അവാര്‍ഡ് സമ്മാനിക്കുന്നുണ്ടെങ്കിലും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളടക്കം കര്‍ഷകനു വേണ്ടിയുള്ള ഈ നല്ല വാര്‍ത്തയോട് സൗകര്യപൂര്‍വ്വം മുഖം തിരിക്കുകയാണ് പതിവ്.

ഇക്കഴിഞ്ഞ ഒന്‍പതാം തിയതിയായിരുന്നു സംഘടനയുടെ 16-ാമത് അക്ഷയ ശ്രീ അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. ആലപ്പുഴയിലെ മുഹമ്മയില്‍ നടന്ന ചടങ്ങില്‍ മലപ്പുറം സ്വദേശിനിയായ കര്‍ഷക സുഷമ പി.ടിയാണ് സംസ്ഥാനത്തെ മികച്ച കര്‍ഷകയ്ക്കുള്ള അവാര്‍ഡ് ഈ വര്‍ഷം കരസ്ഥമാക്കിയത്. സുഷമയെ കൂടാതെ 14 ജില്ലാതല ജേതാക്കള്‍ വേറെ. ജില്ലാതല കര്‍ഷകന് 50,000 രൂപയും ഉപഹാരവും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനമായി ലഭിക്കുക. സിനിമാ താരം അനൂപ് ചന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തതും ജേതാക്കള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചതും. സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി കുമാരി ഷിബുലാല്‍ രക്ഷാധികാരിയും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ എസ്.ഡി ഷിബുലാല്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി.

Tags:    

Similar News