അവകാശങ്ങള്‍ നേടിയെടുക്കാതെ അനന്തപുരി വിടില്ല; സെക്രട്ടേറിയറ്റ് ഉപരോധിച്ച് സമരം കടുപ്പിച്ചതോടെ ആശ വര്‍ക്കര്‍മാരുടെ ഒരാവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍; ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് ഉത്തരവ്; സമരവിജയമെന്ന് ആശമാര്‍; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വി ഡി സതീശന്‍ അടക്കം പ്രതിപക്ഷ നേതാക്കള്‍
ആശ വര്‍ക്കര്‍മാരുടെ ഒരാവശ്യം കൂടി സര്‍ക്കാര്‍ അംഗീകരിച്ചു
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍, സെക്രട്ടേറിയറ്റ് ഉപരോധിച്ച് സമരം കടുപ്പിച്ചതിനിടെ, ഒരു ആവശ്യം കൂടി സര്‍ക്കാര്‍ അംഗീകരിച്ചു. ആശമാരുടെ ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ തീരുമാനം സമരവിജയമെന്നാണ് ആശ വര്‍ക്കര്‍മാര്‍ പ്രതികരിച്ചത്.
സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ആശാവര്‍ക്കര്‍മാര്‍ 36 ദിവസമായി തുടരുന്ന പ്രതിഷേധത്തിന്റെ രീതി മാറ്റിയാണ് സെക്രട്ടേറിയറ്റ് ഉപരോധവുമായി സമരം കടുപ്പിച്ചത്. വിവിധ ജില്ലകളില്‍ നിന്ന് ആശാവര്‍ക്കര്‍മാര്‍ എത്തി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. സമരം പൊളിക്കാന്‍, സക്കാരും തൊഴിലാളി സംഘടനകളും നടത്തിയ നീക്കത്തെ തുടര്‍ന്നാണ് ആശ വര്‍ക്കര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
അവകാശങ്ങള്‍ നേടിയെടുക്കാതെ അനന്തപുരി വിടില്ലെന്ന മുദ്രാവാക്യവും സെക്രട്ടേറിയറ്റിന് മുന്നില്‍ കേട്ടു. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനു കാരണം ആശമാരല്ലെന്നും ഭരണാധികാരികളുടെ ധൂര്‍ത്താണെന്നും സമരക്കാര്‍ ആരോപിച്ചു.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.കെ. രമ, ബാബു ദിവാകരന്‍ തുടങ്ങിയവരടക്കം ഒട്ടേറെ നേതാക്കളെത്തി. പ്രകടനത്തിനൊടുവില്‍ ആശമാര്‍ സെക്രട്ടേറിയറ്റിനു മുന്നിലെ റോഡില്‍ പൊരിവെയിലില്‍ കിടന്നു പ്രതിഷേധിച്ചു. ആശമാരുടെ സമരവേദിക്കു സമീപം അങ്കനവാടി ജീവനക്കാര്‍ കൂടി സമരം ആരംഭിച്ചതോടെ സെക്രട്ടറിയേറ്റ് പരിസരം സമരച്ചൂടിലായി.
സമരത്തിന്റെ ന്യായ യുക്തത എല്‍ഡിഎഫ് കണ്‍വീനറോ ഇടതുപക്ഷമോ മനസിലാകുന്നില്ലെന്നാണ് ആശാ വര്‍ക്കര്‍മാര്‍ പറയുന്നത്. നിലവില്‍ കിട്ടുന്ന ഓണറേറിയം 21,000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, ആശമാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപം നല്‍കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനാണ് ഇവര്‍ ദിവസങ്ങളായി രാപകല്‍ സമരം നടത്തുന്നത്. ആശമാര്‍ക്ക് പുറമെ വിവിധ സംഘടനകളും ഉപരോധത്തില്‍ പങ്കാളികളായി എത്തിയിട്ടുണ്ട്
ഉപരോധത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രധാന കവാടം അടച്ചുപൂട്ടിയിട്ടുണ്ട്. തിരുവനന്തപുരം ഡിസിപി ഭരത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇന്ന് വിവിധ ജില്ലകളില്‍ ആശാവര്‍ക്കര്‍മാര്‍ക്കായി പാലിയേറ്റീവ് പരിശീലന പരിപാടി ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാന്‍ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നും അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവയ്ക്കണമെന്നുമാണ് സമരസമിതിയുടെ ആവശ്യം.
അതേ സമയം, ആശമാരുടെ സമരം അവസാനിപ്പിക്കാന്‍ ആശമാര്‍ തന്നെ വിചാരിക്കണം എന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ പ്രതികരണം. സര്‍ക്കാരുമായി ചര്‍ച്ചയുണ്ടാകില്ലെന്ന് ഞങ്ങള്‍ പറയുന്നില്ലെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ എങ്ങനെ ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യങ്ങള്‍ ആശമാരെ ബോധ്യപ്പെടുത്തിയാല്‍ പോലും അവര്‍ക്കത് മനസിലാകുന്നില്ല. അത് അംഗീകരിക്കാനും അവര്‍ തയാറാവുന്നില്ല. സമരത്തിന് പിന്നില്‍ മറ്റാരോ ആണെന്നും അതുകൊണ്ടാണങ്ങനെ സംഭവിക്കുന്നതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.