അമേരിക്കന്‍ മണ്ണില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനവുമായി ഖലിസ്ഥാന്‍ വിഘടനവാദികള്‍; ശക്തമായ നടപടി വേണമെന്ന് തുളസി ഗബ്ബാര്‍ഡിനോട് രാജ്‌നാഥ് സിങ്; അജിത് ഡോവലുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍; നാളെ റെയ്‌സീന ഡയലോഗില്‍ സംസാരിക്കും

ഖലിസ്ഥാനെതിരെ നടപടി വേണമെന്ന് തുള്‍സി ഗബ്ബാര്‍ഡിനോട് രാജ്‌നാഥ് സിങ്

Update: 2025-03-17 14:59 GMT

ന്യൂഡല്‍ഹി: കാനഡയ്ക്ക് പിന്നാലെ അമേരിക്കന്‍ മണ്ണിലും ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ഖലിസ്ഥാന്‍ വിഘടനവാദികള്‍ സജീവമാകുന്ന വിഷയം യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ നടക്കുന്ന റെയ്‌സീന ഡയലോഗില്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡുമായി തിങ്കളാഴ്ചയായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ കൂടിക്കാഴ്ച നടത്തിയത്. സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) സംഘടന നടത്തുന്ന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രി വിശദമായി ഗബ്ബാര്‍ഡുമായി സംസാരിച്ചു. ശക്തമായ നടപടികളെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

രണ്ടര ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് ഗബ്ബാര്‍ഡ് ഇന്ത്യയിലെത്തിയത്. പ്രതിരോധ, സുരക്ഷാ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ സംവിധാനങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവലുമായും ഗബ്ബാര്‍ഡ് കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസും ഇന്ത്യയും തമ്മിലുള്ള രഹസ്യവിവരങ്ങള്‍ പങ്കിടല്‍ എങ്ങനെ മെച്ചപ്പെടുത്താമെന്നും സുരക്ഷയില്‍ കൂടുതല്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നും ഡോവലും ഗബ്ബാര്‍ഡും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ആദ്യമായാണ് ഉദ്യോഗസ്ഥതലത്തിലെ ഒരു മുതിര്‍ന്നയാള്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. റെയ്‌സീന ഡയലോഗില്‍ പങ്കെടുത്തശേഷം ജപ്പാന്‍, തായ്ലന്‍ഡ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ഗബ്ബാര്‍ഡ് സന്ദര്‍ശിക്കും. ചൊവ്വാഴ്ചയാണ് റെയ്‌സീന ഡയലോഗില്‍ ഗബ്ബാര്‍ഡ് സംസാരിക്കുന്നത്. കഴിഞ്ഞ മാസം യുഎസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയപ്പോള്‍ ഗബ്ബാര്‍ഡുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു.

അതേ സമയം ഇന്ത്യ-യുഎസ് തീരുവ തര്‍ക്കത്തിലും തുളസി ഗബ്ബാര്‍ഡ് പ്രതികരിച്ചിരുന്നു. വിഷയത്തില്‍ ഇന്ത്യയും അമേരിക്കയും ഉന്നതതലത്തില്‍ നേരിട്ട് ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്ന് തുളസി പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന തിങ്ക് ടാങ്ക് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ വാര്‍ഷിക റെയ്സിന പരിപാടിക്കിടെ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയും യുഎസും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള മികച്ച അവസരമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ സാധ്യതകളുണ്ട്. നെഗറ്റീവ് രീതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പോസിറ്റീവായി കാര്യങ്ങള്‍ കാണുന്നതില്‍ സന്തോഷമുണ്ട്. ഇന്ത്യയുടെയും ജനതയുടെയും താല്‍പര്യങ്ങള്‍ എന്താണെന്ന് പ്രധാനമന്ത്രി മോദി അന്വേഷിക്കുന്നു. യുഎസ് പ്രസിഡന്റ് ട്രംപ് അമേരിക്കയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കും അമേരിക്കന്‍ ജനതയുടെയും താല്‍പ്പര്യങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്നു.

സാമാന്യബുദ്ധിയുള്ളവരും പരിഹാരങ്ങള്‍ കാണാന്‍ ശേഷിയുള്ളവരുമായ രണ്ട് നേതാക്കള്‍ നമുക്കുണ്ടെന്നതാണ് ഏറ്റവും മികച്ച കാര്യം. ഇന്ത്യയിലും അമേരിക്കയിലും സ്വകാര്യ മേഖലയില്‍ അതീവ താല്‍ര്യമുള്ളതിനാല്‍ താന്‍ ആവേശത്തിലാണെന്നും തുളസി പറഞ്ഞു.

മഹാഭാരതത്തില്‍ വ്യക്തിപരവും തൊഴില്‍പരവുമായ പ്രതിസന്ധി ഘട്ടങ്ങളില്‍ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനന് നല്‍കിയ ഉപദേശങ്ങളില്‍ നിന്നാണ് താന്‍ ശക്തിയും മാര്‍ഗനിര്‍ദേശവും നേടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുദ്ധമേഖലകളില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ നമ്മള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തുതന്നെയായാലും, ഏറ്റവും നല്ല സമയങ്ങളിലും മോശം സമയങ്ങളിലും ഞാന്‍ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനന് നല്‍കിയ ഭഗവദ്ഗീതയിലെ ഉപദേശങ്ങളാണ് ആശ്രയിക്കുന്നതെന്നും ഗബ്ബാര്‍ഡ് പറഞ്ഞു.

Tags:    

Similar News