ആശുപത്രി ചാപ്പലില്‍ പ്രാര്‍ത്ഥന നിരതനായി ഇരിക്കുന്ന പോപ്പിന്റെ ചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍; ഒരുമാസം മുന്‍പ് ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ആയ ശേഷം പുറത്ത് വരുന്ന ആദ്യത്തെ ചിത്രം ഏറ്റെടുത്ത് വിശ്വാസികള്‍

ആശുപത്രി ചാപ്പലില്‍ പ്രാര്‍ത്ഥന നിരതനായി ഇരിക്കുന്ന പോപ്പിന്റെ ചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍

Update: 2025-03-17 04:54 GMT

റോം: അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില മെച്ചപ്പെട്ടു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍. ഫെബ്രുവരി 14 ന് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം പുറത്തുവിടുന്ന ആദ്യ ചിത്രമാണിത്.

മാര്‍പാപ്പയുടെ ചികിത്സ തുടരുന്നെന്നും വത്തിക്കാന്‍ അറിയിച്ചു. ഇതിനിടെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാമെന്ന സന്ദേശം എക്‌സിലൂടെ മാര്‍പാപ്പ പങ്കുവെച്ചിട്ടുണ്ട്. പോപ്പിന്റെ ചിത്രം പുറത്തുവന്നതോടെ വിശ്വാസികള്‍ക്കും ആശ്വാസമായിട്ടുണ്ട്.

ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സുഖം പ്രാപിച്ചു വരുന്നതായി വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. വത്തിക്കാന്‍ ഭരണകേന്ദ്രത്തിലെ വൈദികര്‍ക്കും മെത്രാന്മാര്‍ക്കും കര്‍ദിനാള്‍മാര്‍ക്കുമുള്ള ഒരാഴ്ചത്തെ നോമ്പുകാല ധ്യാനത്തില്‍ മാര്‍പാപ്പയും പങ്കെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

ഒപ്പം ഭരണകാര്യങ്ങളില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയും ചീഫ് ഓഫ് സ്റ്റാഫുമായി ആശുപത്രി മുറിയില്‍ വെച്ച് ചര്‍ച്ച ചെയ്ത് വേണ്ട നിര്‍ദേശങ്ങളും മാര്‍പാപ്പ നല്‍കുന്നുണ്ടെന്നുളള വിവരങ്ങളും ഉണ്ടായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 14-നാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മാര്‍പാപ്പയ്ക്ക് നിലവില്‍ ഓക്‌സിജന്‍ തെറാപ്പി തുടരുന്നുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. സങ്കീര്‍ണതകള്‍ പൂര്‍ണമായും ഒഴിവായിട്ടില്ലെങ്കിലും ചികിത്സയോട് നന്നായി പ്രതികരിക്കുന്നത് ശുഭസൂചനയാണെന്ന് ആരോഗ്യവിദഗ്ദര്‍ വ്യക്തമാക്കി. പോപ്പിന് നിലവില്‍ ശ്വാസതടമില്ലെന്ന് വത്തിക്കാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മാര്‍പാപ്പയുടെ രോഗമുക്തിയ്ക്കായി വത്തിക്കാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിശ്വാസികള്‍ പ്രാര്‍ത്ഥന തുടരുകയാണ്. മാര്‍പാപ്പയുടെ സ്വകാര്യത കണക്കിലെടുത്ത് ആദ്യം ആശുപത്രിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.

ആരോഗ്യനില കണക്കിലെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ വിരമിക്കുമോയെന്നതിലും തീരുമാനമായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യസ്ഥിതി മോശമായതിനാല്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്‌തേക്കാമെന്ന് വിരമിച്ച ഒരു കര്‍ദിനാള്‍ മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. മാര്‍പാപ്പയുടെ എല്ലാ പൊതുപരിപാടികളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിട്ടുണ്ട്.

Tags:    

Similar News