രക്ഷപ്പെടാന്‍ ഷീല്‍ഡ് കൊണ്ടു തടഞ്ഞു; കടുവയുടെ അടിയില്‍ ഷീല്‍ഡ് പൊട്ടി; എന്നേക്കാളും ഉയരത്തില്‍ പൊങ്ങി തലയ്ക്ക് അടിച്ചു; ഹെല്‍മറ്റ് തെറിച്ചു പോയി; മനുവിന്റെ ദേഹത്തേക്ക് പാഞ്ഞു കയറുന്നത് കണ്ട് വെടിവച്ച ആരോമല്‍; എല്ലാം കണ്ട് സ്തബ്ദനായ ഡോക്ടര്‍; ഗ്രാമ്പിയില്‍ 'പുലിമുരുകന്‍'!
ഇടുക്കി: ഗ്രാമ്പിയിലെ കടുവയെ വെടിവച്ചു കൊല്ലുമ്പോള്‍ നാട്ടുകാര്‍ ആശ്വാസത്തിലാണ്. ആ കടുവയെ അവിടെ നിന്നും മാറ്റണമെന്നതായിരുന്നു ആവശ്യം. എന്നാല്‍ മാറ്റാനുള്ള ശ്രമം കടുവയുടെ മരണമായി. ഗ്രാമ്പിയില്‍ മയക്കുവെടി വെയ്ക്കുന്നതിനിടെ കടുവയുടെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് വനപാലകരായ മനുവും ആരോമലും രക്ഷപ്പെട്ടത്. രണ്ടുപേരും കുമളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃഗവേട്ടക്കാരുടെ കെണിയില്‍വീണാണ് കടുവയ്ക്ക് പരിക്കേറ്റത് എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് ഈ മേഖലയില്‍ മൃഗവേട്ടയുണ്ടെന്ന് വനം വകുപ്പ് കണ്ടെത്തുന്നു. മയക്കു വെടിവയ്ക്കാനുള്ള ശ്രമത്തിനിടെയാണ് കടുവയെ വെടിവയ്‌ക്കേണ്ടി വന്നത്. പുലിമുരുകന്‍ സിനിമയില്‍ കടുവയെ നായകന്‍ തളയ്ക്കുന്ന മലയാളി ആവേശത്തോടെ കണ്ടു. ഇതിന് സമാനമായ സാഹചര്യമാണ് ഗ്രാമ്പിയിലുണ്ടായത്.
കടുവയെ മയക്കുവെടി വെച്ചപ്പോള്‍ ആദ്യത്തെ വെടി കൊണ്ടില്ലെന്ന് ഡിഎഫ്ഒ എന്‍. രാജേഷ് പറയുന്നു. മൃഗത്തിന്റെ ദേഹത്ത് മയക്കുവെടി കൊണ്ടുകഴിഞ്ഞാല്‍ സാധാരണ 15 മിനിറ്റ് സമയമെടുക്കും പ്രവര്‍ത്തിച്ച് തുടങ്ങാന്‍. അത്രയുംനേരം കാത്തിരുന്നിട്ടും കടുവ അനങ്ങുന്നുണ്ടായിരുന്നില്ല. തുടര്‍ന്നാണ് രണ്ടാമതൊരു വെടികൂടി വെയ്ക്കാന്‍ തീരുമാനിച്ചത്. രണ്ടാമത്തെ മയക്കുവെടി കൊണ്ടയുടന്‍ കടുവ ചാടിവരികയായിരുന്നെന്ന് ഡിഎഫ്ഒ പറഞ്ഞു. ഡോക്ടറുടെ നേരെയാണ് ചാടിയതെന്നും അദ്ദേഹത്തെ രക്ഷിക്കാനാണ് മനു എന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഷീല്‍ഡുകൊണ്ട് പ്രതിരോധിച്ചതെന്നും എന്‍. രാജേഷ് പറഞ്ഞു. മനുവിന്റെ ഷീല്‍ഡില്‍ അടിച്ച കടുവ അത് വലിച്ചുകീറുകയായിരുന്നു. കടുവയുടെ രണ്ടാമത്തെ അടി മനുവിന്റെ ഹെല്‍മറ്റിലായിരുന്നു. അത് പൊട്ടി താഴെ വീണു. മൂന്നാമത്തെ അടി മനുവിന്റെ തലയ്ക്ക് അടിക്കാന്‍ തുടങ്ങുമ്പോള്‍ കടുവയെ വെടി വയ്‌ക്കേണ്ടി വന്നു. വെടിയേറ്റ കടുവ ചത്തു. സ്വയരക്ഷയ്ക്കായാണ് വെടിവെയ്‌ക്കേണ്ടിവന്നതെന്ന് ഡിഎഫ്ഒ പറയുന്നു. കാരണമായി മനുഷ്യ ജീവനാണ് എല്ലാ ജീവന്റെയും മുകളില്‍ വിലയുള്ളതെന്ന് ഡിഎഫ് ഒ പറയുന്നു. ഇത് തന്നെയാണ് മനുവും ആരോമലും വിശദീകരിക്കുന്നതും.
കടുവയെ മയക്കുവെടി വെയ്ക്കുന്ന ദൗത്യസംഘത്തിന്റെ മുന്‍നിരയിലാണ് മനുവുണ്ടായിരുന്നത്. തൊട്ടുപിന്നില്‍ ആരോമലും ഡോക്ടറും. കടുവ തേയിലക്കാടിനുള്ളില്‍ ഏത് പൊസിഷനിലായിരുന്നു കിടന്നിരുന്നതെന്ന് അറിയാന്‍ സാധിച്ചിരുന്നില്ലെന്ന് മനു പറഞ്ഞു. ആദ്യത്തെ വെടി കൊണ്ടോ ഇല്ലയോ എന്ന് കാണാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വീണ്ടും ഒരു വെടികൂടി വെയ്ക്കാന്‍ തീരുമാനിച്ചു. വെടികൊണ്ടതും കടുവ നേരെ വന്നു. തേയിലത്തോട്ടത്തിന് നടുവിലായിരുന്നതിനാല്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറാനും സാഹചര്യമില്ലായിരുന്നു. തന്റെ പിന്നിലായി ആരോമലും ഡോക്ടറും നില്‍ക്കുന്നതിനാല്‍ ഒഴിഞ്ഞുമാറിയാലും അവരില്‍ ആര്‍ക്കെങ്കിലും ആക്രമണമേല്‍ക്കും. ജീവനുതന്നെ ഭീഷണിയുണ്ടാകും എന്ന ബോധ്യമുണ്ടായിരുന്നതുകൊണ്ട് കടുവയെ തടുക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലായിരുന്നുവെന്ന് മനു പറഞ്ഞു.
'കടുവയില്‍നിന്ന് രക്ഷപ്പെടാന്‍ ഷീല്‍ഡ്‌കൊണ്ടാണ് തടഞ്ഞത്. കടുവയുടെ അടികൊണ്ട് ഷീല്‍ഡ് പൊട്ടി. പിന്നെ എന്നേക്കാളും ഉയരത്തില്‍ പൊങ്ങി തലയ്ക്ക് അടിക്കുകയായിരുന്നു. അടികൊണ്ട് ഹെല്‍മറ്റ് തെറിച്ചുപോയപ്പോള്‍ ശരിക്കും പേടിയായി. പിന്നൊന്നും ഓര്‍മയില്ല. കുറച്ചുനേരം കഴിഞ്ഞാണ് ബോധത്തിലേക്ക് വന്നത്. അപ്പോഴേക്കും കടുവയെ കൊണ്ടുപോയിരുന്നു. ഹെല്‍മറ്റ് ഉള്ളതുകൊണ്ടാണ് വലിയ പ്രശ്‌നമുണ്ടാകാതിരുന്നത്. കടുവ ദേഹത്തുകയറിയെങ്കിലും ഷീല്‍ഡ് ഉള്ളതുകൊണ്ടാണ് രക്ഷപ്പെട്ടത്. ശരീരത്തിന് വേദനയും ക്ഷീണവുമുണ്ടെന്ന് മനു പറയുന്നു. ഹെല്‍മറ്റ് തെറിപ്പിച്ചശേഷം വീണ്ടും മനുവിന്റെ ദേഹത്തേക്ക് പാഞ്ഞുകയറിയപ്പോഴാണ് വെടിവെയ്‌ക്കേണ്ട സാഹചര്യമുണ്ടായതെന്ന് ആരോമല്‍ വിശദീകരിച്ചു. സ്വയരക്ഷ കരുതിയാണ് വെടിവെച്ചത്. ദൗത്യസംഘം ചെല്ലുമ്പോള്‍ കടുവ അവശനായി കിടക്കുകയായിരുന്നു. അദ്ഭുതകരമായാണ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടതെന്നും ആരോമല്‍ ആശ്വാസം പ്രകടിപ്പിച്ചു.
ദൗത്യസംഘം ചെല്ലുമ്പോള്‍ കടുവ അവശനായി കിടക്കുകയായിരുന്നു. പല്ലുകളും നഖങ്ങളും കൊഴിഞ്ഞ അവസ്ഥയിലായിരുന്നു കടുവ. അവശനിലയിലാണ് കടുവ ജനവാസ മേഖലയിലേക്കെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. ചൊവ്വാഴ്ചയാണ് കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം.