ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടും എസ് വി പ്രദീപിനെ കൊന്നവര്‍ക്ക് സുഖവാസം! 2020ലെ കറുത്ത ഡിസംബര്‍ ഇനിയുണ്ടാകില്ലെന്ന് കരുതിയവരെ ഞെട്ടിച്ച് 2025ല്‍ മങ്ങാട്ടു കവലയില്‍ രാഷ്ട്രീയ-മുതലാളി മാഫിയയുടെ ക്വട്ടേഷന്‍ സംഘം വീണ്ടുമെത്തി; ഷാജന്‍ സ്‌കറിയയെ ആക്രമിച്ചവര്‍ നല്‍കുന്നത് സത്യം പറയുന്നവരെ വെറുതെ വിട്ടില്ലെന്ന സന്ദേശം
തിരുവനന്തപുരം: സത്യം വിളിച്ചു പറഞ്ഞതിന് ജീവന്‍ പോയ ഒരു മാധ്യമ പ്രവര്‍ത്തകനുണ്ട്. തിരുവനന്തപുരം കരമന-കളിയിക്കാവിള ദേശീയപാതയില്‍ സ്‌കൂട്ടറില്‍ പോകുമ്പോള്‍ അജ്ഞാത വാഹനമിടിച്ചു മാധ്യമ പ്രവര്‍ത്തകന്‍ പള്ളിച്ചല്‍ ഗോവിന്ദ ഭവനില്‍ എസ്.വി. പ്രദീപി(45)നു ദാരുണാന്ത്യം സംഭവിച്ചത് ഇന്നും ദുരൂഹമാണ്. ഭാരത് ലൈവ് ന്യൂസ് പോര്‍ട്ടലിന്റെ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്നു. പ്രദീപിന് സംഭവിച്ചത് ഭാഗ്യം കൊണ്ട് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് സംഭവിക്കാതെ പോയി. ഷാജന്‍ സ്‌കറിയെ അക്രമികളില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
സമൂഹമാധ്യമങ്ങളിലടക്കം പ്രദീപിനു ഭീഷണി ഉണ്ടായിരുന്നു. കാരയ്ക്കാമണ്ഡപം ജംക്ഷനു സമീപം 2020 ഡിസംബറില്‍ ആയിരുന്നു ആ ആപകടം. ഉച്ചയ്ക്കു 3.10 നായിരുന്നു അപകടം. പിന്നില്‍ നിന്നു വന്ന വാഹനം പ്രദീപിന്റെ സ്‌കൂട്ടര്‍ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി. തലയിലൂടെ ടയര്‍ കയറിയിറങ്ങിയ നിലയിലായിരുന്നു. ന്യൂസ് 18, മംഗളം ടിവി, കൈരളി പീപ്പിള്‍, മനോരമ ന്യൂസ്, ജയ് ഹിന്ദ്, മീഡിയ വണ്‍, കലാകൗമുദി തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച പ്രദീപ് പിന്നീട് ഒട്ടേറെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ജോലി ചെയ്ത പ്രദീപ് സോഷ്യല്‍ മീഡിയയിലൂടെ പലതും വിളിച്ചു പറഞ്ഞു. പ്രദീപിന്റെ മരണത്തോടെ അത്തരം ആക്രമണങ്ങള്‍ ഇനി കേരളത്തിലുണ്ടാകരുതെന്ന വിലയിരുത്തല്‍ സജീവമായി. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അക്രമിച്ച് കൊല്ലാനുള്ള ഡിവൈഎഫ് ഐ ശ്രമം. അഞ്ചു കൊല്ലം കഴിഞ്ഞിട്ടും പ്രദീപിന്റെ കൊലയിലെ ദുരൂഹത മാറിയിട്ടില്ല. ടിപ്പര്‍ ലോറിക്കാരന്‍ ഉണ്ടാക്കിയ സ്വാഭാവിക അപകടമായി അത് അവശേഷിക്കുന്നു.
പ്രദീപിനെ കൊന്നതിന് പിന്നിലെ മാധ്യമ ഗ്രൂപ്പിന്റെ ഗൂഡാലോചന പലവട്ടം പുറത്തു വന്നു. പ്രദീപും അവരുമായുള്ള കേസും ചര്‍ച്ചകളില്‍ എത്തി. പക്ഷേ പോലീസ് എല്ലാം സ്വാഭാവികമാക്കി. ഥാറിലെത്തിയ ഡിവൈഎഫ്‌ഐക്കാര്‍ നടത്തിയ ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ ആക്രമണവും സമാന സ്വഭാവമുള്ളതായിരുന്നു. വാഹനം മറിഞ്ഞ് ഷാജന്‍ സ്‌കറിയയ്ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ അതും പ്രദീപിന്റെ മരണത്തെ പോലെ സ്വഭാവവികമാക്കുമായിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയിലെ കരി ഓയില്‍ ഒഴിക്കലിനെ അപലപിച്ചവര്‍ പോലും ഷാജന്‍ സ്‌കറിയയ്‌ക്കെതിരെയുള്ള വധശ്രമത്തെ ആഘോഷമാക്കുന്നു. പ്രദീപിന്റെ മരണത്തേയും ഇതിന് സമാനമായി ഇവര്‍ കൊണ്ടാടിയിരുന്നുവെന്നതാണ് വസ്തുത.
പ്രദീപ് മരിച്ച സംഭവത്തില്‍ തുടരന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ തുടരന്വേഷണം നടത്തുന്നതിന് ഡി.ജി.പി നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ആര്‍. വസന്തകുമാരി നല്‍കിയ ഹരജിയിലായിരുന്നു ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഈ ഉത്തരവ്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറി സിറ്റി പൊലീസ് കമീഷണര്‍ക്ക് കൈമാറാനും നിര്‍ദേശിച്ചു. പക്ഷേ ഈ ഉത്തരവ് പോലും പാലിക്കപ്പെട്ടില്ല. പ്രദീപ് 2020 ഡിസംബര്‍ 14നാണ് കൊല്ലപ്പെട്ടത്. കൊലക്കുറ്റത്തിന് കേസ് എടുത്തെങ്കിലും പിന്നീട് മനഃപൂര്‍വമല്ലാത്ത നരഹത്യയാക്കി കേസ് ഭേദഗതി ചെയ്തു. മകനെതിരെ വധഭീഷണിയുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് കേസ് മനഃപൂര്‍വമല്ലാത്ത നരഹത്യയാക്കി മാറ്റിയതെന്ന് വസന്തകുമാരി ആരോപിച്ചിരുന്നു.
മന്ത്രി എ.കെ. ശശീന്ദ്രനെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന കേസില്‍ പ്രദീപിനെ പ്രതിചേര്‍ത്തിരുന്നു. അഴിമതിക്കാരായ രാഷ്ട്രീയക്കാരും മാഫിയയും തമ്മിലെ കൂട്ടുകെട്ടുകള്‍ പുറത്തുകൊണ്ടുവരുന്ന വാര്‍ത്തകള്‍ പ്രദീപ് ചെയ്തിരുന്നുവെന്നും ഇതേ തുടര്‍ന്ന് നിരവധി തവണ വധഭീഷണിയുണ്ടായിരുന്നുവെന്നും മാതാവ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നല്‍കിയ പരാതിയില്‍ തിരുവല്ല പൊലീസ് പ്രദീപിനെ വിളിച്ചുവരുത്തി വിശദീകരണം തേടുകയെല്ലാം ചെയ്തിരുന്നു. ഇത്തരം ദുരൂഹതകളിലേക്കൊന്നും അന്വേഷണം പോയില്ല. കേസ് മനഃപൂര്‍വമല്ലാത്ത നരഹത്യയാക്കിയ നടപടി ദുരുദ്ദേശ്യപരമാണെന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്നും വസന്തകുമാരി ആരോപിച്ചിരുന്നു. ഒരു മാധ്യമ സ്ഥാപനമായും പ്രദീപിന് വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു.
മറുനാടന്‍ മലയാളി ചീഫ് എഡിറ്ററെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത് ആറംഗ ഡിവൈഎഫ് ഐ സംഘമായിരുന്നു. ഇടുക്കിയിലെ കല്യാണത്തില്‍ രാവിലെ മുതല്‍ ഷാജന്‍ സ്‌കറിയ സജീവമായി പങ്കെടുത്തിരുന്നു. ഇത് മനസ്സിലാക്കി നടന്ന ഗൂഡാലോചനയാണ് ആക്രമണമായി മാറിയത്. ഥാര്‍ ജീപ്പില്‍ കാത്ത് നിന്ന സംഘം ഷാജന്‍ സ്‌കറിയയെ പിന്തുടരുകയായിരുന്നു. കല്യാണം കഴിഞ്ഞ് റിസപ്ഷന്‍ ഹാളിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. വിവാഹ വേദിയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ ആരോ പിന്തുടരുന്നത് ഷാജന്‍ സ്‌കറിയയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് വിവാഹ സ്ഥലത്തു നിന്നും റിസപ്ഷന്‍ വേദിയിലേക്ക് വരുന്ന മറ്റാരോ ആണെന്നണ് കരുതിയത്. അമിത വേഗതയില്‍ സിനിമാ സ്റ്റൈലില്‍ ചെയ്സ് ചെയ്ത് മുമ്പോട്ട് കയറിയ ഥാര്‍ ഷാജന്‍ സ്‌കറിയയുടെ വാഹനത്തിന്റെ വശത്ത് ഇടിച്ച് മറിച്ചിടാനായിരുന്നു ശ്രമിച്ചത്. കാര്‍ നിയന്ത്രണം വിട്ടു പോകാതെ ആത്മ സംയമനം വീണ്ടെടുത്ത ഷാജന്‍ സ്‌കറിയ തന്റെ കാറില്‍ വന്നിടിച്ചത് വിവാഹത്തിന് വന്നവരുടെ വാഹനമാണെന്ന് തന്നെ കരുതി. അങ്ങനെ അവരോട് കാര്യം ചോദിക്കാനായി കാറിന്റെ ഗ്ലാസ് മാറ്റി. ഇതിനിടെയാണ് ആറംഗ സംഘം അക്രമം നടത്തിയത്. ആരാണ് ആക്രമിച്ചതെന്ന് ഷാജന്‍ സ്‌കറിയെ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. മങ്ങാട്ട് കവലയിലായിരുന്നു ഈ സംഭവം.
തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആക്രമണം. ഷാജന്‍ സ്‌കറിയെ വാഹനത്തില്‍ വിവാഹ വേദിയില്‍ നിന്നും പുറത്തിറങ്ങുന്നതും കാത്ത് ഥാര്‍ പുറത്തു തന്നെയുണ്ടായിരുന്നു. സിപിഎമ്മിനോട് അനുഭാവമുള്ള ബ്രിട്ടണിലെ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിലാണ് ഈ ഗൂഡാലോചന നടന്നതെന്നാണ് സൂചന. ഈ വ്യവസായിയുടെ കള്ളത്തരങ്ങള്‍ മറുനാടനിലൂടെ പുറം ലോകം അറിഞ്ഞു. സിപിഎമ്മിനും ഇയാളെ തള്ളിപറയേണ്ട അവസ്ഥയുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അതിവിശ്വസ്തനായിരുന്നു ഇയാള്‍. ഗോവിന്ദന്റെ മകനെതിരേയും ആക്രമണങ്ങള്‍ നടന്നു. സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ച ശുചിത്വ സാഗരം പദ്ധതിയടക്കം പുറത്തെത്തി. ഇതിന്റെ പക സിപിഎമ്മിലേയും ഡിവൈഎഫ്ഐയിലേയും വിശ്വസ്തരെ ഉപയോഗിച്ച് നടപ്പിലാക്കുകയായിരുന്നു അയാളെന്നാണ് സൂചന. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ചവരെ അറസ്റ്റു ചെയ്യാന്‍ പോലീസ് അതിവേഗ നീക്കങ്ങള്‍ നടത്തിയിരുന്നു. സമാന ഇടപെടല്‍ ഷാജന്‍ സ്‌കറിയയെ ആക്രമിച്ചവര്‍ക്കെതിരെ ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. അല്ലാത്ത പക്ഷം മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരം വഹിക്കുന്നവര്‍ക്കുമെല്ലാം ഈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതേണ്ട സാഹചര്യവും ഉണ്ടാകും.