കണ്ണീര്‍കടലായി എടവനക്കാട്; പ്രിയപ്പെട്ട ജസ്ലിയയ്ക്ക് വിട നല്‍കി ജന്മനാട്! 'ആര്‍ക്കും ഇനി ഇത് സംഭവിക്കരുത്'; അന്ന് ജോലിക്ക് പോയില്ലെങ്കില്‍ ജോലി പോകുമോ എന്ന ഭയമായിരുന്നു അവള്‍ക്ക്' എന്ന് കണ്ണീരോടെ സഹപാഠികള്‍; ജസ് ലിയയെ ഇടിച്ച കാര്‍ കണ്ടെത്തി; ഡോക്ടറായ പ്രതി കസ്റ്റഡിയിലെന്ന് സൂചന
ജസ്ലിയ ജോണ്‍സണ്‍ ഇനി ഓര്‍മ്മ
കൊച്ചി: ജീവിതത്തിന്റെ പടവുകള്‍ ഓരോന്നായി കയറാന്‍ കൊതിച്ച പത്തൊമ്പതുകാരി ജസ്ലിയ ജോണ്‍സണ്‍ ഇനി ഓര്‍മ്മ. എന്നാല്‍ ആ ഓര്‍മ്മകള്‍ക്ക് മരണമില്ല, കാരണം അവള്‍ ഇന്ന് നാലുപേരിലൂടെ ഈ ലോകത്ത് ശ്വസിക്കുന്നു. അങ്കമാലി മോണിംഗ് സ്റ്റാര്‍ കോളേജിലെ ബി കോം വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്ലിയയുടെ അപ്രതീക്ഷിത വിയോഗം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തുമ്പോഴും, അവളുടെ കുടുംബം എടുത്ത മാതൃകാപരമായ തീരുമാനം നാല് കുടുംബങ്ങള്‍ക്കാണ് വെളിച്ചമായത്.
കണ്ണീരോടെ വിടവാങ്ങല്‍: 'ഞങ്ങളുടെ ജസ്ലിയ പോയി...'
ഇന്ന് രാവിലെ അങ്കമാലി മോണിംഗ് സ്റ്റാര്‍ കോളേജില്‍ ജസ്ലിയയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ കലാലയത്തില്‍ കണ്ണീര്‍ പൊഴിക്കാത്തവരില്ല. 'അന്ന് ജോലിക്ക് പോയില്ലെങ്കില്‍ ജോലി പോകുമോ എന്ന ഭയമായിരുന്നു അവള്‍ക്ക്' എന്ന് സഹപാഠികള്‍ ഓര്‍ത്തെടുക്കുമ്പോള്‍ കണ്ടുനിന്നവരുടെയും കണ്ണുകള്‍ നിറഞ്ഞു.
സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പ്രിയപ്പെട്ടവള്‍ക്ക് അന്ത്യോപചാരമര്‍പ്പിച്ചു. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ജസ്ലിയയുടെ ജന്മനാടായ എടവനക്കാട്ടേക്ക് കൊണ്ടുപോയി. അവിടെ വെച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
അമിതവേഗതയില്‍ വന്ന കാര്‍ കവര്‍ന്നത് ഒരു കുടുംബത്തിന്റെ സ്വപ്നം
കഴിഞ്ഞ മാസം 28-നായിരുന്നു ജസ്ലിയയുടെ ജീവിതം മാറ്റിമറിച്ച ആ അപകടം. പഠനത്തോടൊപ്പം കുടുംബത്തെ സഹായിക്കാന്‍ ഡോമിനോസില്‍ പാര്‍ട്ട് ടൈം ജോലിക്കും ജസ്ലിയ പോയിരുന്നു. അന്ന് ജോലി കഴിഞ്ഞ് മടങ്ങവെ, റോഡിലൂടെ നടന്നുപോവുകയായിരുന്ന ജസ്ലിയയെ അമിതവേഗതയില്‍ വന്ന ഒരു കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജസ്ലിയയെ ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
തീരാനഷ്ടത്തിലും തളരാതെ; അവയവദാനമെന്ന മഹത്കര്‍മ്മം
മകളുടെ മരണം ഏല്‍പ്പിച്ച ആഘാതത്തിനിടയിലും ജസ്ലിയയുടെ പിതാവ് ജോണ്‍സണ്‍ എടുത്ത തീരുമാനം ഏറെ ധീരമായിരുന്നു. തന്റെ മകള്‍ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന ഉറച്ച നിലപാടില്‍ അദ്ദേഹം അവയവദാനത്തിന് സമ്മതം മൂളി. ജസ്ലിയയുടെ അവയവങ്ങള്‍ നാലുപേര്‍ക്കാണ് പുതുജീവന്‍ പകരുന്നത്. ജസ്ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കാണ് നല്‍കിയത്. ഒരു വൃക്ക കൊച്ചി അമൃത ആശുപത്രിയിലെ രോഗിക്കും രണ്ടാമത്തെ വൃക്ക കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗിക്കുമാണ് കൈമാറിയത്. കൂടാതെ, ജസ്ലിയയുടെ നേത്രപടലങ്ങള്‍ (കോര്‍ണിയ) അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേക്കാണ് നല്‍കിയത്. ഇത്തരത്തില്‍ നാല് വ്യക്തികള്‍ക്ക് ജസ്ലിയയുടെ അവയവദാനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചു.
നമുക്ക് എന്ത് ചെയ്യാന്‍ കഴിയും?
'ഇനി ആര്‍ക്കും ഒന്നും സംഭവിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?' എന്ന ജാസ്ലിയയുടെ സുഹൃത്തുക്കളുടെ ചോദ്യം അധികൃതര്‍ക്കും പൊതുസമൂഹത്തിനും നേരെയുള്ളതാണ്. റോഡുകളിലെ അമിതവേഗതയും അശ്രദ്ധയും ഇനിയൊരു ജസ്ലിയയുടെ കൂടി ജീവന്‍ കവരാതിരിക്കാന്‍ കര്‍ശനമായ ട്രാഫിക് നിയമങ്ങളും ബോധവല്‍ക്കരണവും അനിവാര്യമാണ്.
ഹിറ്റ് ആന്‍ഡ് റണ്‍: വാഹനം കണ്ടെത്തി
അങ്കമാലിയില്‍ ജസ്ലിയ ജോണ്‍സണ്‍ എന്ന പെണ്‍കുട്ടിയെ ഇടിച്ച് കടന്നു കളഞ്ഞ സംഭവത്തില്‍ വാഹനം കണ്ടെത്തിയെങ്കിലും അപകടമുണ്ടാക്കിയ ഡ്രൈവര്‍ ഡോ. സിറിയക്കിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഫെബ്രുവരി 28-ന് വൈകീട്ട് ഏഴരയോടെ അങ്കമാലി ഹോം സയന്‍സ് കോളേജിന് സമീപത്തുവെച്ചാണ് ഈ ദാരുണമായ അപകടം അരങ്ങേറിയത്. കാറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്ലിയയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര XUV 700 വാഹനമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഈ വാഹനം ഓടിച്ചിരുന്നത് ജോര്‍ജ് തോമസിന്റെ മകനായ ഡോ. സിറിയക്ക് ആയിരുന്നു. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ ഡോ. സിറിയക്ക് കടന്നുകളയുകയായിരുന്നു.
അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനുള്ള തീവ്രമായ അന്വേഷണം പൊലീസ് ഊര്‍ജിതപ്പെടുത്തിയിരുന്നു. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ആലപ്പുഴയിലെ തുറവൂരില്‍ നിന്നാണ് മഹീന്ദ്ര XUV 700 കാര്‍ കണ്ടെത്താനായത്. വാഹനം നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
