ഈ ഓണതല്ലോട് കൂടി ഈ വര്‍ഷത്തെ ഓണാഘോഷം ആരംഭിച്ചതായി അറിയിക്കുന്നു.. മലര്‍നാടന്‍ ഓണാശംസകള്‍...! പഹല്‍ഗാമിലെ ആക്രമണ ഉത്തരവാദിത്തം പാക് ഭീകര സംഘടന ഏറ്റെടുത്തതിന് സമാനമായി ചെഗുവേര ആര്‍മിയുടെ പോസ്റ്റ്; പോരാളി ഷാജിയ്ക്കും പറയാനുള്ളത് ആശംസ; മങ്ങാട്ടു കവലയില്‍ നിയമം കൈയ്യിലെടുത്തത് സിപിഎം തന്നെ
തിരുവനന്തപുരം: ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ ആക്രമണത്തിന്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് സിപിഎം സൈബര്‍ കൂട്ടായ്മകള്‍. ചെഗുവേര ആര്‍മ്മി അടക്കം സന്തോഷ പ്രകടനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഈ ഓണതല്ലോട് കൂടി ഈ വര്‍ഷത്തെ ഓണാഘോഷം ആരംഭിച്ചതായി അറിയിക്കുന്നു.. മലര്‍നാടന്‍ ഓണാശംസകള്‍... എന്നാണ് ചെഗുവേര ആര്‍മിയുടെ പ്രഖ്യാപനം. ഇതിന് സമാനമായ അഭിപ്രായ പ്രകടനങ്ങള്‍ വിവിധ സിപിഎം ഗ്രൂപ്പുകളില്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ തീവ്രവാദ ആക്രമണം നടത്തിയ ശേഷം അത് ഏറ്റെടുക്കുന്ന പാക് തീവ്രവാദികളുടെ മോഡലിലാണ് സിപിഎം സൈബര്‍ പോരാളികളുടെ ആക്രമണം ഏറ്റെടുക്കല്‍. ഇത് തങ്ങളാണെന്ന് വീറോടെ അവര്‍ പറയുമ്പോള്‍ കേരളത്തിലെ ക്രമസമാധാന പാലനം സിപിഎമ്മുകാര്‍ അട്ടിമറിക്കുന്നുവെന്നതിന്റെ സൂചനകള്‍ കൂടിയാണ് ഇതെല്ലാം. ഷാജന്‍ സ്‌കറിയയ്ക്ക് എന്റേയും എന്റെ പാര്‍ട്ടിയുടേയും ഓണാശംസകള്‍-എന്ന പോസ്റ്റ് പോരാളി ഷാജിയിലും എത്തി.
അതിനിടെ ഈ പോസ്റ്റുകളെ എതിര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി കോടിയാട്ടും രംഗത്തു വന്നു. ഏറെ പ്രസക്തമായ ചോദ്യമാണ് അബിന്‍ ഉയര്‍ത്തുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമ്പോള്‍ ജനാതിപത്യ വിരുദ്ധം എന്ന് അലമുറയിടുന്ന സി.പി.എം ഷാജന്‍ സ്‌കറിയയെ സ്വന്തം അനുയായികള്‍ തന്നെ പിന്തുടര്‍ന്ന് വണ്ടി ഇടിച്ചു ആക്രമിക്കുമ്പോ ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരും. എന്തരോ എന്തോ..-ഇതാണ് അബിന്‍ വര്‍ക്കിയുടെ പോസ്റ്റ്. സിപിഎം പിന്തുണയുള്ളവരാണ് അക്രമം നടത്തിയതെന്ന് വ്യക്തമായിരുന്നു. ഇതിന് വ്യക്തമായ തെളിവുകളും കിട്ടിയിട്ടുണ്ട്. ഇതിനിടെയാണ് സിപിഎം സൈബര്‍ പോരാളികള്‍ ആക്രമണ ഉത്തരവാദിത്തം ഏറ്റെടുത്തത്.
2025 ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തെ നടുക്കുന്നതായിരുന്നു. ഈ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയിബയുടെ ഒരു വിഭാഗമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടി ആര്‍ എഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നാലെ ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ നടത്തിയ അതേ അവകാശ വാദങ്ങള്‍ക്ക് സമാനമാണ് ഇപ്പോള്‍ സിപിഎം പ്രൊഫൈലുകളും നടത്തുന്നത്. ഭീകരതയുടെ മറ്റൊരു മുഖമായി ഇത് മാറുകയും ചെയ്യുന്നു. ടിപിയെ കൊന്ന ശേഷവും കുലംകുത്തിയെന്ന് വിളിച്ചവരുടെ യഥാര്‍ത്ഥ പിന്തലമുറക്കാരായി ഇവര്‍ മാറുകയാണ്. ഇടുക്കിയിലെ ക്വാറി മുതലാളിയെയാണ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരെയുള്ള ആക്രമണത്തിന്റെ ക്വട്ടേഷന്‍ ദൗത്യം ഏല്‍പ്പിച്ചത്.
മറുനാടന്‍ മലയാളി ചീഫ് എഡിറ്ററെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത് ആറംഗ ഡിവൈഎഫ് ഐ സംഘമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇടുക്കിയിലെ കല്യാണത്തില്‍ രാവിലെ മുതല്‍ ഷാജന്‍ സ്‌കറിയ സജീവമായി പങ്കെടുത്തിരുന്നു. ഇത് മനസ്സിലാക്കി നടന്ന ഗൂഡാലോചനയാണ് ആക്രമണമായി മാറിയത്. ഥാര്‍ ജീപ്പില്‍ കാത്ത് നിന്ന സംഘം ഷാജന്‍ സ്‌കറിയയെ പിന്തുടരുകയായിരുന്നു. കല്യാണം കഴിഞ്ഞ് റിസപ്ഷന്‍ ഹാളിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. വിവാഹ വേദിയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ ആരോ പിന്തുടരുന്നത് ഷാജന്‍ സ്‌കറിയയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് വിവാഹ സ്ഥലത്തു നിന്നും റിസപ്ഷന്‍ വേദിയിലേക്ക് വരുന്ന മറ്റാരോ ആണെന്നണ് കരുതിയത്. അമിത വേഗതയില്‍ സിനിമാ സ്റ്റൈലില്‍ ചെയ്സ് ചെയ്ത് മുമ്പോട്ട് കയറിയ ഥാര്‍ ഷാജന്‍ സ്‌കറിയയുടെ വാഹനത്തിന്റെ വശത്ത് ഇടിച്ച് മറിച്ചിടാനായിരുന്നു ശ്രമിച്ചത്.
കാര്‍ നിയന്ത്രണം വിട്ടു പോകാതെ ആത്മ സംയമനം വീണ്ടെടുത്ത ഷാജന്‍ സ്‌കറിയ തന്റെ കാറില്‍ വന്നിടിച്ചത് വിവാഹത്തിന് വന്നവരുടെ വാഹനമാണെന്ന് തന്നെ കരുതി. അങ്ങനെ അവരോട് കാര്യം ചോദിക്കാനായി കാറിന്റെ ഗ്ലാസ് മാറ്റി. ഇതിനിടെയാണ് ആറംഗ സംഘം അക്രമം നടത്തിയത്. ആരാണ് ആക്രമിച്ചതെന്ന് ഷാജന്‍ സ്‌കറിയെ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആക്രമണം. ഷാജന്‍ സ്‌കറിയെ വാഹനത്തില്‍ വിവാഹ വേദിയില്‍ നിന്നും പുറത്തിറങ്ങുന്നതും കാത്ത് ഥാര്‍ പുറത്തു തന്നെയുണ്ടായിരുന്നു.
സിപിഎമ്മിനോട് അനുഭാവമുള്ള ബ്രിട്ടണിലെ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിലാണ് ഈ ഗൂഡാലോചന നടന്നതെന്നാണ് സൂചന. ഇയാളുടെ നിയന്ത്രണത്തിലാണ് സിപിഎം സൈബര്‍ സംഘം എന്നതാണ് വസ്തുത.