രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കെണിയൊരുക്കിയത് വി.ഡി. സതീശന്‍; പറവൂരില്‍ പിതൃതുല്യനായി തന്നെ കാണുന്ന പെണ്‍കുട്ടിയെക്കൊണ്ട്, രാഹുലിനെതിരേ കഥകള്‍ എത്തിക്കാന്‍ സതീശന്‍ ആവശ്യപ്പെട്ടു; സൈബറാക്രമണം രൂക്ഷമായതോടെ കളി കയ്യില്‍ നിന്ന് വഴുതി പോയി; രാഹുലും കെണി ഒരുക്കിയിട്ടുണ്ടെന്ന് പി സരിന്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കെണിയൊരുക്കിയത് വി.ഡി. സതീശന്‍
പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കെണിയൊരുക്കിയതെന്ന് സിപിഎം. താന്‍ ഒതുക്കാന്‍ ശ്രമിക്കുന്ന രാഹുലിനെതിരേ വി.ഡി. സതീശന്‍ മെനഞ്ഞ കഥകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും, ഈ നീക്കം അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് വഴുതിപ്പോയതായും സിപിഎം നേതാവ് പി. സരിന്‍ ആരോപിച്ചു. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയിലാണ് പി. സരിന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുസമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ വരുമ്പോള്‍ അദ്ദേഹത്തിന്റെ എം.എല്‍.എ. സ്ഥാനം കൂടി ഒഴിവായി എടുക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. എന്നാല്‍, അങ്ങനെ സംഭവിച്ചാല്‍ രാഹുല്‍ പഠിച്ച സ്‌കൂളിലെ പ്രധാനാധ്യാപകനായ ഷാഫി, സ്‌കൂള്‍ മാനേജരായ വി.ഡി. സതീശന്‍ എന്നിവരും കുടുങ്ങുമെന്നും സരിന്‍ പറഞ്ഞു. രാഹുല്‍ എന്ന വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് ടി.സി. നല്‍കി പറഞ്ഞുവിട്ടാല്‍ മതിയെന്ന കോണ്‍ഗ്രസിന്റെ വാദത്തെ കേരള പൊതുസമൂഹം ചര്‍ച്ച ചെയ്യുമെന്നും, ഈ അപകടത്തിലേക്കാണ് കോണ്‍ഗ്രസ് സ്വയം വഴുതി വീഴുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പറവൂര്‍ മണ്ഡലത്തില്‍ പിതൃതുല്യനായി കാണുന്ന റിനി എന്ന പെണ്‍കുട്ടിയെക്കൊണ്ട്, താന്‍ ഒതുക്കാന്‍ ആഗ്രഹിക്കുന്ന രാഹുലിനെതിരേ കഥകള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ വി.ഡി. സതീശന്‍ ആവശ്യപ്പെട്ടതായും, എന്നാല്‍ റിനിയെ സൈബര്‍ ലോകത്ത് അപകീര്‍ത്തിപ്പെടുത്തുന്നതിലൂടെ സതീശന്റെ കൈയില്‍ നിന്ന് കാര്യങ്ങള്‍ വഴുതിപ്പോയെന്നും പി. സരിന്‍ വ്യക്തമാക്കി. എം.പി.യെ അര്‍ദ്ധനഗ്‌നനായും നഗ്‌നനായും ചിത്രീകരിച്ച് വ്യക്തിഹത്യ നടത്തുന്നു. ആരാണ് ആരെ പിന്നില്‍ നിന്ന് കുത്തുന്നതെന്ന് പോലും അറിയാതെ സാധാരണ പ്രവര്‍ത്തകര്‍ ഓരോരുത്തരെയും പിന്തുണക്കേണ്ടി വരുന്നു.
കേരളത്തിലെ കോണ്‍ഗ്രസിന് ഇനി പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത വിധത്തില്‍ ഒന്നൊന്നായി കഥകള്‍ പുറത്തുവരും. അങ്ങനെ പുറത്തുവരുന്ന കഥകളില്‍ നേതാക്കളുടെ മക്കളുണ്ടാകാം പെങ്ങന്മാരുണ്ടാകാം ഭാര്യമാരുണ്ടാകാം. ഇതെങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്നുപറഞ്ഞ് രാഹുലിനെ ബലിയാടാക്കിക്കളയാമെന്ന് വിചാരിച്ചാല്‍ അത് നടക്കില്ല. ബലിയാടാകാന്‍ മനസ്സില്ലെന്ന് പറഞ്ഞ് വീഴ്ത്താന്‍ രാഹുല്‍ ഒരുക്കിയ മറ്റൊരു കെണിയുണ്ട്, പി. സരിന്‍ പറഞ്ഞു. ഈ സാഹചര്യങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.