സൈബര്‍ ആക്രമണത്തില്‍ താനൊരു ഇരയല്ല; കോണ്‍ഗ്രസുകാര്‍ അവരുടെ വിഷമം പറയുന്നു; അത് ഉള്‍ക്കൊള്ളുന്നു; സരിന്റെ രാഷ്ട്രീയ കൂടുമാറ്റം വ്യക്തിപരം; മുന്നോട്ടു കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം സരിന് മാത്രം; നിലപാട് പറഞ്ഞ് ഡോ. സൗമ്യ സരിന്‍

Update: 2024-10-20 10:48 GMT

പാലക്കാട്: കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനത്തു നിന്നും രാജിവെച്ച് ഇടതു സ്വതന്ത്രനായി മത്സരിക്കുകയാണ് ഡോ. പി സരിന്‍. സരിന്റെ കൂടുമാറ്റം കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ എന്ന ആശങ്ക പല കോണില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ ഇതിനിടെ സരിന്റെ കൂടുമാറ്റത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഭാര്യ സൗമ്യ സരിന് സൈബര്‍ ആക്രമണം നേരിടേണ്ടിയും വ്ന്നിരുന്നു. ഇതില്‍ പ്രതികരണവുമായി സൗമ്യ തന്നെ രംഗത്തുവന്നു.

ഒരു കാലത്ത് പിന്തുണച്ചവര്‍ എതിര്‍പക്ഷത്തു നിന്നും ചീത്ത വിളിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ ആരോടും തനിക്ക് പരിഭവമില്ലെന്ന് അവര്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലെ ആക്ഷേപങ്ങള്‍ അസ്ഥിരമാണ്. സൈബര്‍ ആക്രമണത്തില്‍ താനൊരു ഇരയല്ല. ഇരവാദമുന്നയിച്ച് പിന്തുണയുമായി ആരും വരേണ്ട. ഒരു കൊടിയുടെയും പിന്തുണയും വേണ്ടെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ അവരുടെ വിഷമം പറയുന്നു.അത് അതിന്റേതായ രീതിയില്‍ ഉള്‍കൊള്ളും. സരിന്റെ രാഷ്ട്രീയ കൂടുമാറ്റം വ്യക്തിപരമാണ് പരസ്പരം ചര്‍ച്ച ചെയ്തിരുന്നു, തന്റെ നിലപാട് കൃത്യമായി പറഞ്ഞുവെന്നും അവര്‍ പറഞ്ഞു.

എടുത്ത തീരുമാനം തെറ്റാണെങ്കില്‍ അത് തിരുത്തേണ്ടതും സരിനാണ്. താന്‍ എല്ലാവരെയും പോലെ പുറത്ത് നിന്നും നോക്കിക്കാണുന്ന ഒരാള്‍ മാത്രം. സരിനെടുത്ത തീരുമാനത്തെ ബഹുമാനിക്കുന്നു, മാനസികമായി കൂടെ നില്‍ക്കും. കോണ്‍ഗ്രസിലായപ്പോഴും എതിര്‍പ്പുകള്‍ അറിയിച്ചിട്ടുണ്ട്. സരിന്‍ എവിടെ നില്‍ക്കുകയാണെങ്കിലും എതിര്‍പ്പ് അറിയിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ എനിക്ക് പറയാനുള്ളത് എന്ന കുറിപ്പോടെയാണ് സൗമ്യ സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കുവച്ചത്.

ഡോക്ടര്‍ സൗമ്യ സരിന്റെ വാക്കുകള്‍ ഇങ്ങനെ:

കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ ഭാഗമായി ഞാനുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചകളിലും മറ്റുഭാഗമാകാറുണ്ട്. ഡോ. പി. സരിന്‍ എന്റെ ജീവിതപങ്കാളിയാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയവുമായി ബന്ധമില്ലെങ്കിലും ഞാനും ഇതിന്റെ ഭാഗമായി വന്നു. ഇതുസംബന്ധിച്ച് ഞാന്‍ സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പ് പങ്കുവച്ചു. അപ്പോള്‍ ഞാന്‍ ഇരവാദം ഉന്നയിക്കുകയാണെന്നായി. അതിനൊരു ക്ലാരിറ്റി വരുത്തുന്നതിനാണ് ഈ വിഡിയോ. സൈബര്‍ ബുള്ളിയിങ് എനിക്ക് പുത്തരിയല്ല. സൈബര്‍ ബുള്ളിയിങ് വന്നതു കൊണ്ട് ഞാന്‍ സങ്കടപ്പെടുകയോ കരയുകയോ ഇല്ല. ഇര എന്നുള്ള വാക്കിനോട് തന്നെ വളരെ പ്രതിഷേധമുള്ള വ്യക്തിയാണ് ഞാന്‍.

'ഇര'എന്നുള്ള വാക്ക് ഉപയോഗിക്കുന്നത് നിസ്സഹായതയുടെ പ്രതീകമായിട്ടാണ്. നല്ലരീതിയിലും മോശം രീതിയിലും സൈബര്‍ ഇടങ്ങളില്‍ പെരുമാറുന്നവര്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ട്. മൂന്നുനാലു ദിവസം മുന്‍പു വരെ ഞാന്‍ നേരിട്ടത് ഇടതുപക്ഷത്തു നിന്നുള്ള സൈബര്‍ ബുള്ളിയിങ്ങായിരുന്നു. ഇപ്പോള്‍ നേരിടുന്നത് വലതുപക്ഷത്തുനിന്നുള്ള സൈബര്‍ ബുള്ളിയിങ്ങാണ്. നാലുദിവസം മുന്‍പ് സ്‌നേഹമായിരുന്നവരില്‍ ചിലരിപ്പോള്‍ വെറുപ്പ് കാണിക്കുന്നു. ആ സ്‌നേഹത്തിലും വറുപ്പിലും വലിയ മൂല്യമില്ലെന്നു മനസ്സിലാക്കിയ ആളാണ് ഞാന്‍. പുതുതായി കിട്ടിയ സ്‌നേഹത്തിലും വെറുപ്പിലും എനിക്കൊന്നുമില്ല. സോഷ്യല്‍മീഡിയ എന്റെ ജീവിതമല്ലെന്ന വ്യക്തമായ ബോധ്യം എനിക്കുണ്ട്.

കുറച്ചു ദിവസം മുന്‍പുവരെ എനിക്ക് സൈബര്‍ ലോകത്ത് ഒരു ഇരട്ടപ്പേരുണ്ടായിരുന്നു. 'യുഡിസി കുമാരി'. ഇടത് സൈബര്‍ പോരാളികള്‍ എന്നെ വിളിച്ചിരുന്ന പേരാണത്. എല്ലാപാര്‍ട്ടിയിലുമുള്ളവര്‍ എന്റെ സൗഹൃദവലയത്തിലുണ്ട്. പാര്‍ട്ടിയുടെ കൊടിയുടെ നിറത്തിന്റെ പേരിലല്ല എന്നെ അവര്‍ കാണുന്നത്. ഇത്തരം സൈബര്‍ ട്രോളുകള്‍ വരുമ്പോള്‍ ഞാനെന്റെ ഇടതുസുഹൃത്തുക്കള്‍ക്കൊപ്പം കണ്ടിരുന്ന് ചിരിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഈ ഇരവാദം എന്നത് എന്റെമേല്‍ ചാരരുത്. എന്റെ കമന്റ് ബോക്‌സ് ഞാന്‍ ഓഫ് ചെയ്യാറില്ല. പിന്നെ എന്തുകൊണ്ട് ഞാന്‍ ആ പോസ്റ്റിട്ടു എന്നതിനുള്ള വിശദീകരണമാണ്.

നിര്‍ധനരായ 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന്റെ വിഡിയോ ഞാന്‍ പങ്കുവച്ചു. ആ പോസ്റ്റിനു താഴെയാണ് സഭ്യമല്ലാത്ത ഭാഷയിലുള്ള കമന്റുകള്‍ എത്തിയത്. അതിനു മറുപടിയായാണ് പോസ്റ്റിട്ടത്. പക്ഷേ, വളരെ മാന്യമായ രീതിയിലുള്ള പ്രതിഷേധങ്ങളും ചിലര്‍ അറിയിച്ചു. അവരോടാണ്. 2009 മുതല്‍ സരിനും ഞാനും ജീവിത പങ്കാളികളാണ്. എന്റെയും സരിന്റെയും കാര്യത്തില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും സ്വകാര്യ ജീവിതം എന്നതു പോലെ രണ്ടുരീതിയില്‍ പൊതുജീവിതവും ഉണ്ട്. ഞങ്ങളുടെ വീട്, കുടുംബം, മകള്‍ ഇതെല്ലാം ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. രണ്ടാമത്തേത് സൊസൈറ്റി ഉള്‍പ്പെടുന്ന കാര്യങ്ങളാണ്. സരിന്റെ വഴി രാഷ്ട്രീയമാണ്. ഒരു ഡോക്ടറെന്ന നിലയില്‍ എന്റെ വഴി വേറെ തന്നെയാണ്.

പൊതുയിടത്തില്‍ ഞങ്ങള്‍ രണ്ടു വ്യക്തികള്‍ തന്നെയാണ്. ഡോക്ടര്‍ സൗമ്യ സരിന്‍ എന്നൊരു വാല് എനിക്കുണ്ടെങ്കിലും അവിടെ ഞാന്‍ ഡോക്ടര്‍ സൗമ്യയും അദ്ദേഹം ഡോക്ടര്‍ സരിനും ആണ്. ഒരുവിഷയത്തില്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കുമെങ്കിലും തീരുമാനിക്കുന്നത് അവരവരുടെ താത്പര്യങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും അനുസരിച്ചായിരിക്കും. സരിന്റെ ശരികള്‍ ചിലപ്പോള്‍ എനിക്ക് തെറ്റായി തോന്നാം. തിരിച്ച് എന്റെ ശരികള്‍ ചിലപ്പോള്‍ സരിനു തെറ്റായി തോന്നിയേക്കാം. സരിന്റെ തീരുമാനങ്ങള്‍ സരിന്റേതും എന്റെ തീരുമാനങ്ങള്‍ എന്റേതുമാണ്. ആ തീരുമാനവുമായി മുന്നോട്ടു പോകുക എന്നതാണ് ഞങ്ങള്‍ തമ്മിലുള്ള ഡീല്‍.

സരിന്‍ രാഷ്ട്രീയത്തില്‍ ഒരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അത് ആലോചിച്ചു തന്നെ എടുത്തതായിരിക്കും. എന്റെ ജീവിത പങ്കാളി എടുത്ത ഒരു തീരുമാനം അത് ശരിയോ തെറ്റോ എന്നത് കാലം തെളിയിക്കട്ടെ. ഞങ്ങളില്‍ ഒരാള്‍ ഒരു തീരുമാനം എടുത്താല്‍ അതിനൊപ്പം നില്‍ക്കുക എന്നതാണ് ഞങ്ങളുടെ രീതി. അങ്ങനെ മാത്രമേ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കൂ.

ഭാര്യയും ഭര്‍ത്താവും എന്നതൊക്കെ ശരിയാണ്. പക്ഷേ, ഓരോരുത്തര്‍ക്കും ഓരോ ശരികളുണ്ട്. ഞാന്‍ ചികിത്സിക്കുന്ന ഒരുകുട്ടിയുടെ കാര്യത്തില്‍ ഒരു പരിധിവിട്ട് സരിന് അഭിപ്രായം പറയാന്‍ സാധിക്കില്ല. കാരണം, സരിന്‍ എന്റെ മേഖലയില്‍ എക്‌സ്‌പേര്‍ട്ട് അല്ല. സരിന്‍ ഈ തീരുമാനം എടുക്കുമ്പോഴും എന്റെ അഭിപ്രായം ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. പക്ഷേ, അവസാനത്തെ തീരുമാനം അത് സരിന്റെതാണ്. തീരുമാനം എടുത്തുകഴിഞ്ഞാല്‍ അതിനൊപ്പം നില്‍ക്കുക എന്നതാണ് ഒരു ജീവിതപങ്കാളി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തം. സരിന്‍ കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോഴും ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.

അതാണ് ഞങ്ങളുടെ രീതി. ഓരോവ്യക്തിയുടെയും തീരുമാനത്തെയും ബഹുമാനിക്കാന്‍ പഠിക്കൂ. ഇരവാദവുമായി ഞാന്‍ എവിടെയും വരില്ല. അങ്ങനെയൊരു നിസ്സഹായ അവസ്ഥ എനിക്കുണ്ടാകില്ല. നല്ലവരെ ഉള്‍ക്കൊണ്ട് മോശക്കാരെ അവഗണിച്ചു മുന്നോട്ടു പോകാനാണ് തീരുമാനം. എന്റെ ഭര്‍ത്താവിനടക്കം ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാവര്‍ക്കും വിജയാശംസകള്‍ നേരുന്നു.

Tags:    

Similar News