നിങ്ങളുടെ രാഷ്ട്രീയ പോരാട്ടങ്ങള്‍ വോട്ട് ചെയ്യുന്ന ജനങ്ങള്‍ക്ക് മുന്നില്‍ നടത്തുക, അല്ലാതെ കോടതി മുറിയില്‍ അല്ല വേണ്ടത്; മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കുഴല്‍നാടന്റെ ഹര്‍ജി തളളി സുപ്രീംകോടതി; കുഴല്‍നാടന്റെ വാദത്തെ പ്രശംസയിലൂടെ വിമര്‍ശിച്ച് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍
മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കുഴല്‍നാടന്റെ ഹര്‍ജി തളളി സുപ്രീംകോടതി
ന്യൂഡല്‍ഹി: സി.എം.ആര്‍.എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എ. മാത്യു കുഴല്‍നാടന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ സ്ഥാപനമായ എക്സാലോജിക് സൊലൂഷ്യന്‍സിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് കുഴല്‍നാടന്‍ സുപ്രീം കോടതിയെ സമീപിച്ചത്. രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കോടതിയെ വേദിയാക്കരുതെന്നും, രാഷ്ട്രീയ പോരാട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നടത്തണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.
നേരത്തെ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയും ഹൈക്കോടതിയും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയെ സമീപിച്ചത്. സംശയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചതിലെ പിഴവ് ചൂണ്ടിക്കാട്ടി കുഴല്‍നാടനു വേണ്ടി ഹാജരായ അഡ്വ.ഗുരു കൃഷ്ണകുമാര്‍ വാദിച്ചെങ്കിലും കോടതി ഹര്‍ജി തള്ളി.
സിഎംആര്‍എല്‍ കമ്പനി എക്‌സലോജിക്കിന് നല്‍കിയ 1.72 കോടി രൂപ മുഖ്യമന്ത്രിക്ക് നല്‍കിയ കൈക്കൂലിയാണെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജിയിലെ പരാമര്‍ശത്തെ സുപ്രീം കോടതി വിമര്‍ശിച്ചു. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മാത്യു കുഴല്‍നാടന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനോട് ഹര്‍ജിയിലെ ആരോപണങ്ങളുടെ അടിസ്ഥാനമെന്താണെന്ന് കോടതി ആരാഞ്ഞു.
2018-ലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും അതിന് കാരണം തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനമാണെന്നുമുള്ള മാത്യു കുഴല്‍നാടന്റെ ആരോപണങ്ങളെയും കോടതി വിമര്‍ശിച്ചു. പ്രളയത്തെക്കുറിച്ച് കൃത്യമായ അറിവുള്ള വ്യക്തിയാണ് മാത്യു കുഴല്‍നാടന്‍ എന്നും, പ്രളയകാലത്ത് അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. തന്റെ അമ്മായിയെ പ്രളയ സമയത്ത് സഹായിച്ച വ്യക്തി കൂടിയാണ് ഹര്‍ജിക്കാരനെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഹര്‍ജിയില്‍ സംശയങ്ങള്‍ മാത്രമാണുള്ളതെന്നും ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതിയും ഹര്‍ജി തള്ളിയത്.