ഔദ്യോഗിക വസതിയിലേക്ക് പുതിയ വാഹനങ്ങള്‍ അതോറിറ്റിയുടെ ഫണ്ടില്‍ വാങ്ങാന്‍ നിര്‍ദേശിച്ചു; വീട്ടിലെ ജോലികള്‍ക്കായി രണ്ട് ജീവനക്കാരെ ആവശ്യപ്പെട്ടു; ദുരന്തനിവാരണ അതോറിറ്റിയിലെ ചീഫ് സെക്രട്ടറിയുടെ ഇടപെടലില്‍ ഗുരുതര ആരോപണം; ചൂരല്‍മല പുനരധിവാസം അടക്കം നിര്‍ണായക പദ്ധതികള്‍ അവതാളത്തില്‍; മൂന്നുമാസമായി ശമ്പളം കിട്ടാത്ത ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിന്റെ ഇടപെടല്‍ ദുരന്ത നിവാരണ അതോറിറ്റിയെ സ്തംഭിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (SDMA) പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചെന്നും, ഇതിന് കാരണം ചീഫ് സെക്രട്ടറിയും ഏജന്‍സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡോ. എ. ജയതിലകിന്റെ ഇടപെടലാണെന്നും ആരോപിച്ച് ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസം പോലുള്ള നിര്‍ണായക പദ്ധതികള്‍ മുടങ്ങുകയും, മൂന്നു മാസമായി ശമ്പളം ലഭിക്കാതെ ജീവനക്കാര്‍ ദുരിതത്തിലാവുകയും ചെയ്തതോടെയാണ് അതോറിറ്റിയിലെ പ്രതിസന്ധി രൂക്ഷമായത്.
അതോറിറ്റിയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ചീഫ് സെക്രട്ടറി അനുമതി നല്‍കാത്തതാണ് പ്രതിസന്ധിക്ക് മുഖ്യകാരണമെന്ന് പരാതിയില്‍ പറയുന്നു. വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ അംഗീകരിച്ച പദ്ധതി ഫയലുകള്‍ അദ്ദേഹം മടക്കുകയാണ്. ഇതുമൂലം ആറ് കോടിയോളം രൂപയുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും നാളിതുവരെ അനുവദിച്ചിട്ടില്ല. സംസ്ഥാനത്തെ 112 എമര്‍ജന്‍സി കോള്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക ചുമതലകള്‍ വഹിക്കുന്ന ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്നത്. 86 തസ്തികകള്‍ക്ക് അംഗീകാരമുള്ള അതോറിറ്റിയില്‍ പകുതിയിലേറെയും ഒഴിഞ്ഞുകിടക്കുന്നതും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
ചീഫ് സെക്രട്ടറി പദവി ദുരുപയോഗം ചെയ്ത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി അതോറിറ്റിയെ ഉപയോഗിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ ഗുരുതരമായ ആരോപണമുണ്ട്. തന്റെ ഔദ്യോഗിക വസതിയിലെ ആവശ്യങ്ങള്‍ക്കായി പുതിയ വാഹനങ്ങള്‍ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങാന്‍ നിര്‍ദേശിച്ചു. ഇതിനുപുറമെ, വീട്ടിലെ ജോലികള്‍ക്കായി രണ്ട് ജീവനക്കാരെ ആവശ്യപ്പെടുകയും ഇവരെ അതോറിറ്റിയുടെ ജീവനക്കാരായി രേഖകളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഈ ആവശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ എതിര്‍ത്തതും രേഖാമൂലമുള്ള ഉത്തരവ് ആവശ്യപ്പെട്ടതുമാണ് ചീഫ് സെക്രട്ടറിയുടെ അതൃപ്തിക്ക് കാരണമെന്നും ജീവനക്കാര്‍ പറയുന്നു.
അതോറിറ്റിയിലെ മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസിന്റെ ശമ്പളം നിശ്ചയിച്ച മന്ത്രിസഭാ ഫയലില്‍, ചീഫ് സെക്രട്ടറി നിയമവിരുദ്ധമായി ഇടപെട്ട് അദ്ദേഹത്തിന് പ്രതിമാസം 38,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
ഡോ. എ. ജയതിലക് മുന്‍പ് റവന്യൂ-ദുരന്ത നിവാരണ സെക്രട്ടറിയായിരുന്ന കാലത്തും സമാനമായ രീതിയില്‍ ഫയലുകള്‍ തടഞ്ഞുവെച്ച് പ്രതിസന്ധി സൃഷ്ടിച്ചിരുന്നതായി പരാതിയിലുണ്ട്.
പ്രകൃതിദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്ന കേരളത്തില്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട ഒരു സുപ്രധാന ഏജന്‍സി ഭരണപരമായ തര്‍ക്കങ്ങളില്‍പ്പെട്ട് നിശ്ചലമാകുന്നത് സംസ്ഥാനത്തിന്റെ ദുരന്ത തയ്യാറെടുപ്പുകളെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.