താഴ്ന്ന് പറക്കുന്നതിനിടെ ചുണ്ണാമ്പ് കല്ലില്‍ ഇടിച്ചു; അപകടം നടന്നത് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ; രക്ഷാപ്രവര്‍ത്തനം നടത്തിയത് 26 അടിയിലെറെ താഴ്ചയില്‍ നിന്ന്; ജല വിമാനം തകര്‍ന്ന് മൂന്ന് പേര്‍ക്ക് മരണം; മറ്റ് ആളുകള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍
മെല്‍ബണ്‍: താഴ്ന്ന് പറക്കുന്നതിനിടെ ചുണ്ണാമ്പ് കല്ലില്‍ ഇടിച്ച് ജല വിമാനം തകര്‍ന്ന് മൂന്ന് പേര്‍ക്ക് മരണം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഓസ്‌ട്രേലിയയിലെ പ്രമുഖ വിനോദ സഞ്ചാര മേഖലയായ റോട്ട്‌നെസ്റ്റ് ദ്വീപിലാണ് അപകടം ഉണ്ടായത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം. ജലവിമാനത്തില്‍ ഏഴ് പോരായിരുന്നു ഉണ്ടായിരുന്നത്. ഫിലിപ്പ് റോക്ക് എന്ന പാറക്കെട്ടിന് സമീപത്ത് വച്ചാണ് അപകടം നടന്നത്.
ഏഴ് പേരുമായി തോംപ്‌സണ്‍ ബേയ്ക്ക് സമീപത്തായി ജലവിമാനം മുങ്ങുകയായിരുന്നു. പൈലറ്റ് അടക്കമുള്ളവര്‍ മുങ്ങിപ്പോയതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ അടക്കമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പെര്‍ത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം. ജലോപരിതലത്തില്‍ നിന്ന് 26 അടിയിലെറെ താഴ്ചയില്‍ അടക്കം എത്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ മുങ്ങിപ്പോയവരെ കണ്ടെത്തിയത്.
വിനോദസഞ്ചാരികള്‍ അടക്കം കണ്ട് നില്‍ക്കുമ്പോഴാണ് അപകടമുണ്ടായത്. ജലവിമാനത്തിന്റെ ഭാഗങ്ങളില്‍ ഏറിയ പങ്കും മുങ്ങിയ നിലയിലാണ് ഉള്ളത്. കടലില്‍ ഒഴുകി നടക്കുന്ന നിലയിലുണ്ടായിരുന്ന ജലവിമാനത്തിന്റെ ഭാഗങ്ങള്‍ ഇതിനോടകം നീക്കം ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്. കടലില്‍ നിന്ന് രക്ഷിച്ച മൂന്ന് പേരെയും ഗുരുതര പരിക്കുകളോടെ പെര്‍ത്തിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.