ഗംഗാവലി പുഴയില്‍ ലോറിയുടെ എഞ്ചിന്‍ കണ്ടെത്തിയപ്പോള്‍ ആദ്യം അര്‍ജ്ജുന്റേത് എന്ന് വലിയ പ്രതീക്ഷ; കിട്ടിയത് അര്‍ജ്ജുന്റെ ലോറിയുടെ എഞ്ചിന്‍ അല്ലെന്ന് ഉടമ മനാഫ് പറയാന്‍ കാരണം ഇങ്ങനെ; തിരച്ചില്‍ തുടരുന്നു

അര്‍ജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ഉടമ മനാഫ്

Update: 2024-09-22 07:16 GMT

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഗംഗാവലി പുഴയില്‍ പുനരാരംഭിച്ചപ്പോള്‍, ഒരു ലോറിയുടെ എഞ്ചിന്‍ കണ്ടെത്തി. എന്നാല്‍, ഇത് അര്‍ജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേത് ഭാരത് ബെന്‍സിന്റെ എന്‍ജിനായിരുന്നു. എന്നാല്‍, ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ടാറ്റയുടെ എന്‍ജിനാണ്. ഇത് ടാങ്കറിന്റേതാണോ അല്ലെങ്കില്‍, മറ്റേതെങ്കിലും ലോറിയുടേതാണോ എന്ന് പറയാനാകില്ലെന്നും മനാഫ് വ്യക്തമാക്കി. ഈ എന്‍ജിന്‍ ഇപ്പോള്‍ പുറത്തേക്കെത്തിച്ചിട്ടുണ്ട്.

ലോറിയുടെ എഞ്ചിന്റെ റേഡിയേറ്റര്‍ തണുപ്പിക്കുന്ന ചെറിയ കൂളിംഗ് ഫാനും ചുറ്റമുള്ള വളയവും കിട്ടിയിരുന്നു. സൈന്യം മാര്‍ക്ക് ചെയ്ത സ്ഥലത്ത് ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവര്‍ നടത്തിയ പരിശോധനയിലാണ് ഫാന്‍ കണ്ടെത്തിയത്.

നാവികസേന പുഴയില്‍ മാര്‍ക്ക് ചെയ്ത് നല്‍കിയ സിപി4 എന്ന പോയന്റിലാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്. കൂളിംഗ് ഫാന്‍ കണ്ടെത്തിയതിന്റെ അടുത്ത് തന്നെയാണ് ലോറിയുടെ ജാക്കി കിട്ടിയത്. പുഴയ്ക്കടിയില്‍ സ്‌കൂട്ടറും തടിക്കഷണങ്ങളും കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു.

ലോഹമുണ്ടെന്ന് ശക്തമായ സിഗ്‌നലുകള്‍ സൈന്യത്തിന് ലഭിച്ച കരയ്ക്കും പുഴയ്ക്ക് നടുവിലെ മണ്‍തിട്ടയ്ക്കും നടുവിലുള്ള സിപി4 എന്ന പോയന്റില്‍ തന്നെ തിരച്ചില്‍ കേന്ദ്രീകരിക്കണമെന്ന് അര്‍ജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വര്‍ മാല്‍പെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ക്യാബിനും മുന്‍വശത്തെ ടയറുമാണ് കിട്ടിയത്.

ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് ആരുവഹിക്കുമെന്നായി ചോദ്യം. പിന്നീട്, കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെ ഡ്രഡ്ജറിന്റെ വാടകയായ ഒരുകോടി രൂപ കര്‍ണാടക സര്‍ക്കാര്‍ തന്നെ വഹിക്കാന്‍ തീരുമാനമായിരുന്നു.


Tags:    

Similar News