നരഭോജി കടുവക്കായി ഇന്നും തിരച്ചില്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടക്കം അവധി; പഞ്ചാരക്കൊല്ലിയില്‍ മൂന്ന് ഡിവിഷനുകളില്‍ 48 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി; പി.എസ്.സി പരീക്ഷ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് പേകേണ്ടവര്‍ക്ക് യാത്രാക്രമീകരണം; ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇട്ടതിനാല്‍ കടുവയെ കണ്ടാല്‍ ഉടന്‍ വെടിവെക്കും
നരഭോജി കടുവക്കായി ഇന്നും തിരച്ചില്‍;
മാനന്തവാടി: പഞ്ചാരക്കൊല്ലിയില്‍ രാധയുടെ ജീവനെടുത്ത നരഭോജി കടുവയെ കണ്ടെത്താനുള്ള പരിശ്രമം ഇന്നും തുടരും. ആര്‍ആര്‍ടി അംഗം ജയസൂര്യയെ കൂടി ആക്രമിച്ചതോടെ കടുവയെ എത്രയും പെട്ടന്ന് പിടികൂടാനുള്ള നീക്കം ശക്തമാക്കിയിരിക്കയാണ് വനംവകുപ്പ്. മാനന്തവാടി നഗരസഭയിലെ മൂന്ന് ഡിവിഷനുകളില്‍ ഇന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കടുവക്കായി ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പുറത്തിറക്കിയതിനാല്‍ കടുവയെ കണ്ടാന്‍ ഉടന്‍ വെടിവെക്കും.
മയക്കുവെടി വിദഗ്ധരും ഷാര്‍പ്പ് ഷൂട്ടര്‍മാരുമടക്കം എണ്‍പതിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയക്കായി തിരച്ചില്‍ നടത്തുന്നത്. തെര്‍മല്‍ ഡ്രോണും നോര്‍മല്‍ ഡ്രോണും ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തുന്നതിനിടെ കടുവയെ കണ്ടെത്തുന്നതിനായി കുങ്കിയാനകളെയും ഇന്നലെ സ്ഥലത്ത് എത്തിച്ചിരുന്നു. ഡിവിഷന്‍ ഒന്ന് പഞ്ചാരക്കൊല്ലി, ഡിവിഷന്‍ രണ്ട് പിലാക്കാവ്, ഡിവിഷന്‍ 36 ചിറക്കര പ്രദേശങ്ങളിലാണ് ഇന്ന് കര്‍ഫ്യൂ. രാവിലെ ആറ് മുതല്‍ ആരംഭിക്കുന്ന കര്‍ഫ്യൂ 48 മണിക്കൂര്‍ നേരത്തേക്കാണ്.
മേഖലയിലെ സ്‌കൂള്‍, അങ്കണവാടി, മദ്രസ, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയൊന്നും തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. കട കമ്പോളങ്ങളും അടച്ചിടണം.കര്‍ഫ്യൂ പ്രഖ്യാപിച്ച ഡിവിഷനുകളില്‍ നിന്ന് മറ്റ് സ്ഥലങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജനുവരി 27, 28 തിയതികളില്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ല. പി.എസ്.സി പരീക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടക്കുന്ന പരീക്ഷകള്‍ക്ക് അത്യാവശ്യമായി പോകണ്ടവര്‍ ഡിവിഷനിലെ കൗണ്‍സിലറുമായി ബന്ധപ്പെട്ട് യാത്രാ ക്രമീകരണങ്ങള്‍ ചെയ്യണം.
48 മണിക്കൂര്‍ നേരത്തേക്ക് കൂടിയാണ് മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. . മാനന്തവാടി നഗരസഭയില്‍ പഞ്ചാരകൊല്ലി, മേലെ ചിറക്കര, പിലാക്കാവ് മൂന്നുറോഡ്, മണിയന്‍കുന്ന്, എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നീട്ടിയത്. ബുധനാഴ്ച രാവിലെ 6 മണി വരെയാണ് നിയന്ത്രണം. കടുവ സ്‌പെഷ്യല്‍ ഓപറെക്ഷന്റെ ഭാഗമായാണ് നിയന്ത്രണമെന്ന് അധികൃതര്‍ അറിയിച്ചു. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ചിറക്കര,ഡിവിഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി.
ഡിവിഷനുകളിലെ സ്‌കൂള്‍, അങ്കണവാടി, മദ്രസ, ട്യൂഷന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. കര്‍ഫ്യൂ പ്രഖ്യാപിച്ച ഡിവിഷനുകളില്‍ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജനുവരി 27, 28 തിയതികളില്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്നും അറിയിപ്പുണ്ട്. പി.എസ്.സി പരീക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടക്കുന്ന പരീക്ഷകള്‍ക്ക് അത്യാവശ്യമായി പോകണ്ടവര്‍ ഡിവിഷനിലെ കൗണ്‍സിലറുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ ജനരോഷം ഇരമ്പി. രാധയുടെ വീട്ടിലേക്കുള്ള മന്ത്രിയുടെ യാത്ര, റോഡില്‍ തടഞ്ഞ പ്രതിഷേധക്കാര്‍ മന്ത്രിയെ കൂക്കിവിളിച്ചു. കഴിഞ്ഞ ദിവസം വേദിയില്‍ പാട്ടുപാടിയ മന്ത്രിയോടുള്ള രോഷം കൂടിയാണ് പ്രതിഷേധക്കാര്‍ കാട്ടിയത്. പ്രദേശവാസികള്‍ കുത്തിയിരുന്നും റോഡില്‍ കിടന്നും പ്രതിഷേധിച്ചതോടെ മന്ത്രിയുടെ യാത്ര മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഒടുവില്‍ പൊലീസ് ആളുകളെ ബലം പ്രയോഗിച്ചു നീക്കിയതോടെയാണ് കൊല്ലപ്പെട്ട രാധയുടെ വീട്ടിലേക്ക് മന്ത്രിക്ക് കയറാനായത്.
കടുവയുടെ സാന്നിധ്യമുള്ള പ്രദേശത്തെ അടിക്കാടുകള്‍ വെടിത്തെളിക്കുന്നതിനും ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തു. വനത്തിനകത്തെ അടിക്കാടുകള്‍ വനം വകുപ്പും തോട്ടങ്ങളിലെ അടിക്കാടുകള്‍ തോട്ടം ഉടമകളും നീക്കം ചെയ്യണമെന്ന് ഉന്നതതല യോഗം നിര്‍ദേശിച്ചു. കാട് വെട്ടാത്ത ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കാടിനു പുറത്തുള്ള പ്രദേശങ്ങളിലെ അടിക്കാടുകള്‍ വെട്ടുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. കാടുകള്‍ വെട്ടാത്ത പ്രദേശങ്ങളില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് അടിയന്തരമായി കാട് വെട്ടുന്നതിന് നടപടി സ്വീകരിക്കും. വന്യമൃഗങ്ങള്‍ കൂടുതലായി ഇറങ്ങുന്ന ജനവാസ മേഖലകളിലും പ്രശ്ന സാധ്യതാ പ്രദേശങ്ങളിലും ഫെബ്രുവരി ഒന്നിനകം കൂടുതല്‍ എഐ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.
ജില്ലയ്ക്ക് 100 ക്യാമറകളാണ് അനുവദിക്കുക. സംസ്ഥാനത്ത് ആകെ 400 എഐ ക്യാമറകള്‍ മാര്‍ച്ച് 31 നകം സ്ഥാപിക്കും. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിയിട്ടുണ്ടെന്നും അടിയന്തരമായി നടപ്പാക്കാന്‍ സിസിഎഫിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.