ഗോവിന്ദച്ചാമി ജയില്‍ ചാടിയിട്ട് രണ്ടുമാസം; ഇനിയും ആരെങ്കിലും ചാടുന്നുണ്ടോ എന്ന് കാത്തിരിപ്പ്; വൈദ്യുതി വേലി പഴയപടി തന്നെ; തകര്‍ന്നു വീഴാറായ പഴഞ്ചന്‍ പത്താം ബ്‌ളോക്കില്‍ കഴിയുന്നത് ആയിരത്തിലേറെ തടവുകാര്‍; സി.പി.എം രാഷ്ട്രീയ തടവുകാരുടെ വാഴ്ച; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ വീഴ്ചകള്‍ക്ക് പരിഹാരം അകലെ
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ വീഴച
കണ്ണൂര്‍ : തിങ്ങിഞെരുങ്ങി അന്തേവാസികള്‍ കഴിയുന്നത് പള്ളിക്കുന്നിലുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു. തടവുകാരെ പാര്‍പ്പിച്ച സെല്ലുകള്‍ കാലപ്പഴക്കത്താല്‍ ബലക്ഷയം നേരിടുന്നവയാണ്. മഴയില്‍ ചോര്‍ന്നൊലിച്ച് ചുമരുകള്‍ക്ക് വിള്ളല്‍ വീണ സെല്ലുകള്‍ ഏതു നിമിഷം വേണമെങ്കിലും തകര്‍ന്നു വീണേക്കാം. 600 അന്തേവാസികളെ പരമാവധി പാര്‍പ്പിക്കാന്‍ ശേഷിയുള്ള ബ്‌ളോക്കുകളില്‍ 1050 പേരാണ് തിങ്ങി നിറഞ്ഞ് കഴിയുന്നത്.
തടവുകാരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരുന്നതല്ലാതെ ഇവിടെ നിന്നും പുറത്തേക്ക് പോകുന്നവരുടെ എണ്ണം തുലോം കുറവാണ്. തടവുകാര്‍ക്ക് നരകമായി മാറുകയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഇവിടെ തടവുകാരെ പാര്‍പ്പിക്കാന്‍ 10 ബ്‌ളോക്കുകളും ഒരു പുതിയ ബ്‌ളോക്കുമാണുള്ളത്. ഗോവിന്ദച്ചാമി ജയില്‍ ചാടിയ പത്താം ബ്‌ളോക്കിലെ കെട്ടിടങ്ങള്‍ക്ക് കാലപ്പഴക്കത്താല്‍ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് ജയില്‍ ഡി.ഐ.ജി ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഗോവിന്ദച്ചാമി ജയില്‍ ചാടിയിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ചുറ്റുമതിലിന് മുകളില്‍ സ്ഥാപിച്ച വൈദ്യുതി വേലി ഇതുവരെ പുന:സ്ഥാപിക്കാന്‍ നടപടിയുണ്ടായിട്ടില്ല കഴിഞ്ഞ മൂന്ന് വര്‍ഷമായി വേലി പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് ഗൗരവകരമായ വസ്തുത. ഗോവിന്ദച്ചാമിയുടെ തടവുചാട്ടത്തിന് ശേഷം വേലി അറ്റകുറ്റപ്പണി നടത്തി വൈദ്യുതി കടത്തിവിടുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ ജയില്‍ ഡി.ഐ.ജി ബലറാം കുമാര്‍ ഉപാധ്യായ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വൈദ്യുതി വേലി പ്രവര്‍ത്തിപ്പിക്കാനുള്ള നടപടിയുണ്ടായില്ല.
സെന്‍ട്രല്‍ ജയിലിലിന്റെ പ്രധാന ചുറ്റുമതിലിന്റെ മുകളിലായി 2000 മീറ്ററോളം ദൈര്‍ഘ്യത്തിലാണ് ഫെന്‍സിങ് സ്ഥാപിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പാണ് ഫെന്‍സിങ് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കേണ്ടതെന്നാണ് ജയില്‍ വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന് ശേഷം സുരക്ഷാ വീഴ്ച്ച മുന്‍ നിര്‍ത്തി സെന്‍ട്രല്‍ ജയിലില്‍ കൂടുതല്‍ പരിശോധനകളും സുരക്ഷയും ഒരുക്കിയിരുന്നുവെങ്കിലും വൈദ്യുതി വേലി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കാത്തത് വന്‍ വീഴ്ച്ചയായി തന്നെ തുടരുകയാണ്.
വൈദ്യുതി വേലി പ്രവര്‍ത്തിക്കുന്നില്ലെന്ന് മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടാണ് ഗോവിന്ദച്ചാമി ജയില്‍ മതില്‍ ചാടി റോഡിലേക്ക് രക്ഷപ്പെട്ടത്. സര്‍ക്കാര്‍ നിയോഗിച്ച ജയില്‍ സുരക്ഷ അന്വേഷണ സമിതി കേരളത്തിലെ ഏറ്റവും ഗൗരവമേറിയ സുരക്ഷാ വീഴ്ച്ചയുള്ള ജയിലാണ് കണ്ണൂരിലേതെന്ന് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്‍ മേല്‍ നടപടിയെടുക്കാതെ അടയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പ്.
സി.പി.എം രാഷ്ട്രീയ തടവുകാരാണ് പത്താം ബ്‌ളോക്ക് ഭരിക്കുന്നത്. ഇവരെ നിയന്ത്രിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് കഴിയുന്നില്ല. ഇതുകൂടാതെ ജയിലിനകത്തേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്നതും വ്യാപകമാണ് പുറമേ നിന്നും കഞ്ചാവും മദ്യവും ബീഡിയും എറിഞ്ഞു കൊടുത്തതിന് മുന്‍ തടവുകാരായ മൂന്ന് പേരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ റെയ്ഡില്‍ പത്തിലേറെ മൊബൈല്‍ ഫോണുകളും പിടികൂടിയിട്ടുണ്ട്.