പത്തോളജി ലാബിന് സമീപത്തെ സ്റ്റെയര്‍കേസിന് അടുത്ത് ഒരു ബോക്‌സ്; വിലയേറിയ വസ്തുവെന്ന് കരുതി ബോക്‌സ് അടിച്ചുമാറ്റി ആക്രിക്കാരന്‍; കാണാതെ പോയത് പരിശോധനയ്ക്കായി അയച്ച 17 രോഗികളുടെ ശരീരഭാഗങ്ങള്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര സുരക്ഷാ വീഴ്ച

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര സുരക്ഷാ വീഴ്ച

Update: 2025-03-15 11:31 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍ സുരക്ഷാ വീഴ്ച. പരിശോധനയ്ക്കായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തില്‍ ആക്രി വില്‍പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പത്തോളജി വിഭാഗത്തില്‍ പരിശോധനയ്ക്കയച്ച ശരീരഭാഗങ്ങളാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. 17 രോഗികളുടെ സ്‌പെസിമെനാണ് മോഷണം പോയത്.

പരിശോധനയ്ക്ക് അയയ്ക്കുന്ന ശരീരഭാഗങ്ങള്‍ പത്തോളജിക്കടുത്തുളള ലാബിലാണ് സാധാരണയായി സൂക്ഷിക്കാറുള്ളത്. ഇവിടേക്ക് ഇന്ന് രാവിലെയാണ് ആംബുലന്‍സ് ഡ്രൈവറും അറ്റന്‍ഡറും അവയവങ്ങള്‍ കൊണ്ടുവന്നത്. പത്തോളജി ലാബിന് സമീപത്തെ സ്റ്റെയര്‍കെയ്‌സിന് സമീപമാണ് ആംബുലന്‍സില്‍ കൊണ്ടുവന്ന സ്‌പെസിമെനുകള്‍ വെച്ചിരുന്നത്. ഇതിനുശേഷം ആംബുലന്‍സ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റന്‍ഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്‌പെസിമെനുകള്‍ മോഷണം പോയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലാബിന് ചുറ്റും അലഞ്ഞുതിരിഞ്ഞ് നടന്ന ആക്രിക്കാരനെ കസ്റ്റഡിയില്‍ എടുത്തത്, വിലയേറിയ വസ്തുവാണെന്ന് കരുതിയാണ് ഇയാള്‍ അവയവങ്ങള്‍ മോഷ്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷമേ കൃത്യമായ വിവരം അറിയാന്‍ സാധിക്കുളളൂവെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം, ആക്രിയാണെന്ന് കരുതിയാണ് ബോക്‌സ് എടുത്തതെന്ന് കസ്റ്റഡിയിലുള്ള ആക്രിക്കാരന്‍ മൊഴി നല്‍കി. ശരീരഭാഗങ്ങള്‍ ആണെന്ന് മനസിലായതോടെ പ്രിന്‍സിപ്പല്‍ ഓഫീസിന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. പരിശോധനയ്ക്ക് അയച്ച സ്‌പെസിമെനുകള്‍ കൈകാര്യം ചെയ്തതിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് പുറത്തുവന്നത്. മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

Tags:    

Similar News