ഭിന്നശേഷി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടത് 'പഴങ്കഥ'; അതേ കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തില്‍ വീണ്ടും വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; എസ്എഫ്‌ഐക്കാരുടെ 'ഇടിമുറി'യായി വീണ്ടും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്

എസ്എഫ്‌ഐക്കാരുടെ 'ഇടിമുറി'യായി വീണ്ടും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്

Update: 2025-01-22 14:48 GMT

തിരുവനന്തപുരം: എസ് എഫ് ഐക്കാരുടെ 'ഇടിമുറി'യായി വീണ്ടും യൂണിവേഴ്‌സിറ്റി കോളേജ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വീണ്ടും വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റതായാണ് പരാതി. എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി അബ്ദുള്ളയെ മര്‍ദ്ദിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായിരുന്ന മിഥുന്റെ നേതൃത്വലായിരുന്നു മര്‍ദ്ദനമെന്നാണ് പരാതി. അതേസമയം മര്‍ദ്ദനമേറ്റ അബ്ദുള്ളക്കെതിരെ കോളേജ് ചെയര്‍പേഴ്‌സണും പരാതി നല്‍കിയിട്ടുണ്ട്. തന്നെ അഭസ്യം വിളിച്ചുവെന്നാണ് കോളേജ് ചെയര്‍പേഴ്‌സണായ ഫരിഷ്ത എന്‍ എസിന്റെ പരാതി. ഫരിഷ്തയുടെ പരാതിയിലും കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ സംഭവത്തില്‍ വിദ്യാര്‍ഥികളും കണ്ടോണ്‍മെന്റ് പൊലീസിലാണ് പരാതി നല്‍കിയത്.

നേരത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. കേസില്‍ പ്രതികളായ അമല്‍, മിഥുന്‍, അലന്‍ വിധു എന്നിവരുടെ അറസ്റ്റ് തടഞ്ഞതിന് പിന്നാലെയായിരുന്നു നടപടി. രണ്ടാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് അന്ന് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്നും ക്രൂര മര്‍ദ്ദനമേറ്റത്. പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ സംഘം മര്‍ദ്ദിച്ചുവെന്നായിരുന്നു മുഹമ്മദ് അനസിന്റെ പരാതി.

കൊടി കെട്ടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല കാല്‍ വയ്യ എന്ന് പറഞ്ഞെന്നും തുടര്‍ന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡന്റായ അമല്‍ചന്ദ് തന്നെ മര്‍ദ്ദിച്ചുവെന്നും മുഹമ്മദ് അനസ് പറഞ്ഞിരുന്നു. അനസിന് പിന്നാലെ ലക്ഷദ്വീപ് സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയേയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വെച്ചായിരുന്നു വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്.

ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തിലായിരുന്നു യൂണിവേഴ്‌സിറ്റി കോളേജിലെ ഇടിമുറിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റത്. സംഭവം വലിയ വിവാദമായിരുന്നു. അമല്‍, മിഥുന്‍, അലന്‍, വിധു എന്നിവരായിരുന്നു ആ കേസിലെ നാല് പ്രതികള്‍. വലിയ തോതില്‍ വിമര്‍ശനമുയര്‍ന്ന സംഭവത്തില്‍ എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ സി പി എം ജില്ലാ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. അതിനിടയിലാണ് കോളേജില്‍ വീണ്ടും എസ് എഫ് ഐ മര്‍ദ്ദനമെന്ന പരാതി വന്നിരിക്കുന്നത്.

മാറ്റമില്ലാത്ത മര്‍ദ്ദന മുറകള്‍

എസ് എഫ് ഐ പ്രവര്‍ത്തകന്‍ കൂടിയായ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ കോളേജിലെ യൂണിയന്‍ റൂമില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നത്. എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികള്‍ വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുരുന്നു. തല്ലാനായി വിദ്യാര്‍ഥിയെ വെല്ലുവിളിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. പൂവച്ചല്‍ സ്വദേശിയായ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികള്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. രണ്ട് കാലിലും വിരലുകളില്ലാത്ത ഒരു കാലിന് സ്വാധീനക്കുറവുള്ളയാളാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അനസ്. തോരണം കെട്ടാനും കൊടി കെട്ടാനും തന്നോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാലിന് സുഖമില്ലാത്തതിനാല്‍ മരത്തില്‍ കയറാന്‍ പറ്റില്ലെന്ന് അനസ് പറഞ്ഞു. നിനക്ക് പ്രാദേശികമായി പ്രവര്‍ത്തിക്കാന്‍ അറിയാമല്ലോ എന്ന് അസഭ്യം പറയുകയും, അനസിനെയും സുഹൃത്തായ അഫ്‌സലിനെയും യൂണിറ്റ് റൂമിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നു. കൊടിയ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നാണ് അനസ് പ്രതികരിച്ചത്. തന്റെ വൈകല്യമുള്ള കാലില്‍ ചവിട്ടി പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്ന് അനസ് വ്യക്തമാക്കിയിരുന്നു.

Tags:    

Similar News