കഴക്കൂട്ടം മണ്ഡലത്തില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ പോറ്റി; സാമ്പത്തിക സ്രോതസ്സുകള്‍ സംശയത്തില്‍; പോറ്റിയെ പരിചയമുണ്ടെന്ന് സമ്മതിച്ച കടകംപള്ളി; മൂന്ന് മണിക്കൂറും 100 ചോദ്യങ്ങളും; കടകംപള്ളിയെ വിയര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം; മുന്‍ മന്ത്രിയെ ഇനിയും ചോദ്യം ചെയ്യും; മൊഴികളില്‍ പൊരുത്തക്കേട്; സിബിഐ എത്തിയാല്‍ കളി മാറും
ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചെങ്കിലും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മൊഴികളില്‍ അവ്യക്തത നിലനില്‍ക്കുന്നതായി പ്രത്യേക അന്വേഷണ സംഘം. സ്‌പോണ്‍സര്‍ എന്ന നിലയില്‍ കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ തനിക്ക് പരിചയമുണ്ടെന്ന് കടകംപള്ളി സമ്മതിച്ചെങ്കിലും സ്വര്‍ണക്കൊള്ളയെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു.
എന്നാല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വഴിവിട്ട സഹായങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് കടകംപള്ളി നല്‍കിയ മറുപടികള്‍ തൃപ്തികരമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന സൂചനയാണ് എസ്.ഐ.ടി നല്‍കുന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നൂറോളം ചോദ്യങ്ങളാണ് കടകംപള്ളിക്ക് നേരിടേണ്ടി വന്നത്. സ്വര്‍ണം പൂശാനായി ശില്പങ്ങള്‍ പോറ്റിക്ക് കൈമാറാന്‍ ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനത്തില്‍ സര്‍ക്കാരിന്റെയോ മന്ത്രിയുടെയോ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ കൂടി അറിവോടെയും നിര്‍ദ്ദേശപ്രകാരവുമാണ് തീരുമാനങ്ങള്‍ എടുത്തതെന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി കടകംപള്ളിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
പ്രതിയായ പോറ്റി കഴക്കൂട്ടം മണ്ഡലത്തില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്. പത്മകുമാര്‍, ഉണ്ണിക്കൃഷ്ണന്‍ പോറ്റി എന്നിവരെ കടകംപള്ളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജയിലിലെത്തി വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഉന്നത നേതാക്കളിലേക്ക് അന്വേഷണം നീളുന്നത് ശബരിമല വിഷയത്തില്‍ വിശദീകരണവുമായി ജനങ്ങളിലേക്ക് ഇറങ്ങാനിരിക്കുന്ന സി.പി.എമ്മിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതോടെ, കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യം ശക്തമാകുന്നു. കേസ് കേന്ദ്ര ഏജന്‍സി ഏറ്റെടുത്താല്‍ കളി മാറുമെന്ന തിരിച്ചറിവില്‍ സര്‍ക്കാരും സി.പി.എമ്മും കടുത്ത ആശങ്കയിലാണ്. അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള ഇറിഡിയം-പുരാവസ്തു തട്ടിപ്പ് മാഫിയക്ക് കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് എസ്.ഐ.ടി തന്നെ കണ്ടെത്തിയ സാഹചര്യത്തില്‍, കേരളത്തിന് പുറത്തുള്ള സാമ്പത്തിക ഇടപാടുകള്‍ പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലാണ് പ്രതിപക്ഷം.
സംസ്ഥാന പോലീസിന്റെ അന്വേഷണം നിലവില്‍ മന്ത്രിയുടെ മൊഴികളിലെ അവ്യക്തതയില്‍ തട്ടി നില്‍ക്കുമ്പോള്‍, സി.ബി.ഐ എത്തുന്നതോടെ ഉന്നതതല ഗൂഢാലോചനകള്‍ പുറത്തുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിബിഐ അന്വേഷണത്തിലെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള കേസ് ആയതിനാല്‍, അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത പക്ഷം കോടതി തന്നെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് വിശദീകരിക്കാന്‍ വീടുകള്‍ കയറാന്‍ തീരുമാനിച്ച സി.പി.എമ്മിന് സി.ബി.ഐ അന്വേഷണമെന്ന ഭീഷണി വലിയ തിരിച്ചടിയാണ്. പത്മകുമാര്‍ അറസ്റ്റിലായിട്ടും പാര്‍ട്ടി നടപടിയെടുക്കാത്തത് സി.ബി.ഐയെ ഭയന്നാണെന്ന ആരോപണം ഇതോടെ ശക്തമാണ്.
