ഗോഡ് ഫാദര്‍ ഉമ്മന്‍ ചാണ്ടി; ജനങ്ങളില്‍ ഒരാളായി മാറുന്ന പ്രകൃതം; അഞ്ചക്ക ഭൂരിപക്ഷത്തില്‍ രാഹുലിനെ നിയമസഭയില്‍ എത്തിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ ആത്മവിശ്വാസം; ബിജെപിയും സിപിഎമ്മും വില്ലനാക്കിയപ്പോഴും പതറാത്ത തന്റേടി; സന്ദീപിന്റെ വരവിന് ചുക്കാന്‍ പിടിച്ച തന്ത്രശാലി; എതിര്‍പ്പുകളെ അലിയിക്കുന്ന ഷാഫി പറമ്പില്‍ കിങ് മേക്കറാകുമ്പോള്‍

ഷാഫി പറമ്പില്‍ കിങ മേക്കറാകുമ്പോള്‍

Update: 2024-11-23 12:23 GMT

പാലക്കാട്: 'ഞാനൊരു കാര്യം തീര്‍ത്തു പറയാം, ഈ ചാനലും വാര്‍ത്തയും ഒക്കെ കണ്ടിട്ട്, അതൊക്കെയാണ് പാലക്കാടെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍, അവരോട് സ്നേഹത്തോടെ, വിനയത്തോടെ, ഒട്ടും അഹങ്കാരമില്ലാതെ, തികഞ്ഞ ആത്മവിശ്വാസത്തോടെ, 13 വര്‍ഷം ഇവിടുത്തെ ജനങ്ങള്‍ നല്‍കിയ സ്നേഹത്തിന്റെ പേരില്‍ മാത്രം, നിയമസഭയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഒരാളെന്ന നിലയില്‍, സ്നേഹത്തോടെ പറയുന്നു, ഈ എഴുതി കാണിക്കുന്നതും ഈ ചോദിക്കുന്നതും ഒന്നുമല്ല, പാലക്കാട്ട് ഈ തിരഞ്ഞെടുപ്പ് എന്താണെന്നോ, തിരഞ്ഞെടുപ്പില് റിസല്‍റ്റ് എന്താണെന്നോ, ഞങ്ങള്‍ 13 ന് രേഖപ്പെടുത്തും, 23 ന് നിങ്ങള്‍ അംഗീകരിക്കും, ഈ അഞ്ചും അലങ്കാരം കൂടിയുണ്ട്. അതും കൂടി ചേര്‍ത്തിട്ട് ഞാന്‍ പറയുന്നു, അഞ്ചക്ക ഭൂരിപക്ഷത്തില്‍ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളത്തിന്റെ നിയമസഭയില്‍ എത്തിയിരിക്കും'- പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏകപക്ഷീയമായി നടത്തുന്നുവെന്ന ആരോപണത്തിന്റെ പേരില്‍ കെപിസിസി അദ്ധ്യക്ഷന്‍ തന്നെ താക്കീത് ചെയ്തുവെന്ന വാര്‍ത്ത പരന്നപ്പോള്‍ ഷാഫി പറമ്പില്‍ പൊതുവേദിയില്‍ തുറന്നടിച്ചതാണ് ഈ വാക്കുകള്‍.

ബിജെപിയും സിപിഎമ്മും ഷാഫിയെ വില്ലന്‍ കഥാപാത്രമാക്കി മാറ്റിയെങ്കിലും അവസാന ചിരി ഷാഫിയുടേതായിരിക്കുന്നു. രാഹുല്‍ 18840 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിച്ചുകയറുമ്പോള്‍, സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ വി ഡി സതീശനൊപ്പം അതിശക്തനായി മാറുകയാണ് ഷാഫി പറമ്പില്‍.

സതീശനും ഷാഫിയും രാഹുലും ചേര്‍ന്നാണ് കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ആരോപിച്ചാണ് ഡോ.പി.സരിന്‍ പാര്‍ട്ടി വിട്ടത്. പാലക്കാട്ട് തമ്പടിച്ച് ഷാഫി തന്റെ നോമിനിക്കായി രാപകലന്യേ പണിയെടുത്തു. നീല ട്രോളി ബാഗ് ആരോപണങ്ങളെ അടക്കം സധൈര്യം നേരിട്ടു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഷാഫിയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചു. താക്കീത് ആരോപണം വന്നപ്പോഴും സുധാകരന്‍ ഒന്നും മിണ്ടിയില്ല. 13 വര്‍ഷമായി പാലക്കാട്ടെ ജനമനസ് അറിയാവുന്ന ഷാഫിയുടെ നീക്കങ്ങള്‍ ഫലം കണ്ടു. പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.




എതിര്‍പ്പുകളെ അലിയിക്കുന്ന ഷാഫി മാജിക്


പത്തനംതിട്ടയില്‍ നിന്നുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട്ടെത്തുന്നതില്‍ ഒട്ടേറെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പുണ്ടായിരുന്നു. പാലക്കാട്ടെ പ്രദാശിക കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിച്ചത് കെ മുരളീധരനെ ആയിരുന്നു. ഡിസിസിയുടെയും പാലക്കാട് എംപിയായ വി കെ ശ്രീകണ്ഠന്റെയും വിയോജിപ്പുകളയും മറികടന്ന് രാഹുല്‍ സ്ഥാനാര്‍ഥിയായത് ഷാഫിയുടെ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ്. കെ മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാലക്കാട് ഡിസിസി ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടെങ്കിലും ഷാഫിയുടെ നിര്‍ദ്ദേശമാണ് നടപ്പായത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് മത്സരിക്കാന്‍ മോഹിച്ചിരുന്ന പി സരിന്‍ കോണ്‍ഗ്രസ് വിട്ട് എതിര്‍സ്ഥാനാര്‍ഥിയായി മാറിയത്. കോണ്‍ഗ്രസ് നേതാവായ എ കെ ഷാനിബ് പാര്‍ട്ടി വിട്ടതിന് പുറമേ ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീന്‍ പരസ്യമായി രാഹുലിന് എതിരെ രംഗത്തുവരികയും ചെയ്തു. എന്നാല്‍, ഷാഫിക്കും രാഹുലിനും ഒപ്പം നിന്ന വി ഡി സതീശന്‍ അടങ്ങിയ നേതൃത്വം ഈ എതിര്‍പ്പുകളെയും വിയോജിപ്പുകളെയും അവഗണിക്കുകയായിരുന്നു.

വടകരയില്‍ അവസാന നിമിഷം വന്നിട്ടും ജേതാവ്

2011 മുതല്‍ മണ്ഡലപുനര്‍ നിര്‍ണയത്തിന് ശേഷം മൂന്ന് തവണ പാലക്കാട് എംഎല്‍എയായ ഷാഫി വടകരയില്‍ നിന്ന് ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. അവസാന നിമിഷമാണ് ഷാഫി പറമ്പിലിനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. തൃശൂരില്‍ സുരേഷ് ഗോപിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ വേണമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഷാഫിക്ക് വടകരയിലേക്ക് പോകേണ്ടിവന്നത്. എല്‍ഡിഎഫിലെ കരുത്തയായ കെ കെ ശൈലജ ടീച്ചറെ നേരിടാനായിരുന്നു മുതിര്‍ന്ന നേതാക്കളെ മറിക്കടന്ന് ഷാഫി പറമ്പിലിനെ വടകരയിലേക്ക് സ്ഥാനാര്‍ത്ഥിയായി എത്തിച്ചത്. ശൈലജയെ 114506 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിക്കുകയും ചെയ്തു. 2019 ല്‍ കെ മുരളീധരന്‍ നേടിയ ഭൂരിപക്ഷത്തിനേക്കാള്‍ കൂടുതലായിരുന്നു ഇത്.




എന്നാല്‍ പാലക്കാട് നിന്ന് യാത്ര തിരിക്കുംമുന്‍പേ തന്റെ പിന്‍ഗാമിയായി താന്‍ പറയുന്ന ആളെ നിര്‍ത്തണമെന്ന് ഷാഫി കോണ്‍ഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കണമെന്ന ഷാഫിയുടെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വത്തിന് നടപ്പാക്കേണ്ടി വന്നു. അതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരുമണിക്കൂറിനുള്ളില്‍ തന്നെ രാഹുലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

സന്ദീപ് വാര്യരുടെ വരവിനും ചുക്കാന്‍ പിടിച്ചു

ബിജെപിയോട് ഇടഞ്ഞുനിന്ന സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് പോകുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതീവരഹസ്യനീക്കത്തിന് പിന്നില്‍, വി ഡി സതീശനൊപ്പം ഷാഫി പറമ്പിലും ചുക്കാന്‍ പിടിച്ചു. സന്ദീപ് നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളിച്ച് സിറാജ്, സുപ്രഭാതം എന്നീ ദിനപത്രങ്ങളില്‍ സരിനു വേണ്ടി വോട്ടഭ്യര്‍ഥിച്ച് സിപിഎം നല്‍കിയ പരസ്യം ബൂമറാങ്ങായി മാറി. സിപിഎം നടത്തുന്ന വര്‍ഗീയകളിയുടെ ഭാഗമാണിതെന്ന പ്രചാരണം വ്യാപകമാക്കാന്‍ ഷാഫിക്കും ടീമിനും കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ ഭൂരിപക്ഷം ഉയര്‍ത്താന്‍ ഇതുസഹായകമായി എന്നാണ് വിലയിരുത്തേണ്ടത്.




ഉമ്മന്‍ചാണ്ടിയെ മാതൃകയാക്കി പ്രവര്‍ത്തനം

ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളാണ് ഷാഫി മാതൃകയാക്കിയത്. പാലക്കാട്ടെ എംഎല്‍എ ആയി ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടാക്കി. പാലക്കാട് മണ്ഡലത്തില്‍ നിന്ന് വടകരയിലേക്ക് ഷാഫിയെ കരഞ്ഞുകൊണ്ടാണ് ജനങ്ങള്‍ യാത്രയാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം സാധാരണക്കാരായവരും ഷാഫിക്ക് അരികില്‍ എത്തുന്നതും കണ്ണീരോടെ ഷാഫിയെ യാത്രയാക്കുന്നതും കണ്ടു. വടകരയില്‍ എത്തിയപ്പോഴും വമ്പന്‍ സ്വീകരണമായിരുന്നു.

2021 ലെ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ എതിരിട്ടപ്പോള്‍ ഷാഫി നേടിയ നേരിയ ഭൂരിപക്ഷത്തിന്റെ കുറവ് തീര്‍ത്താണ് ഇക്കുറി രാഹുലിന്റെ തകര്‍പ്പന്‍ ജയം. 2005 ല്‍ കെഎസ്യു പാലക്കാട് ജില്ലാ സെക്രട്ടറിയായ ഷാഫി ജില്ലാ പ്രസിഡന്റായും പിന്നീട് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായി. 2011 ല്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് പാലക്കാട് നിന്ന് ഷാഫി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എംഎല്‍എ ആയിരിക്കെ തന്നെ 2020 ല്‍ ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.




തൃത്താല പരാജയത്തോടെ വി ടി ബല്‍റാം നിറം മങ്ങിയ വിടവില്‍ ഷാഫി കയറി വന്നു. ഉമ്മന്‍ ചാണ്ടിയെ പോലെ ജനങ്ങളുടെ ഉള്ളറിഞ്ഞ് പെരുമാറാനും പ്രതികരിക്കാനും ഉള്ള കഴിവാണ് ഷാഫി പറമ്പിലിനെ വേറിട്ട് നിര്‍ത്തുന്നത്. ഷാഫി കോണ്‍ഗ്രസിലെ അനിഷേധ്യനായ നേതാവായി മാറുന്നതും അങ്ങനെയാണ്.

Tags:    

Similar News