അക്രമികള്‍ എത്തിയത് കൊല്ലണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ; വാഹനത്തില്‍ നിന്നും വലിച്ചിറക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം; ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യുസ് കൊല്ലപ്പള്ളി ഉള്‍പ്പടെയുള്ള അഞ്ച് സിപിഎം പ്രവര്‍ത്തകര്‍; പിന്നില്‍ കൃത്യമായ ആസൂത്രണം; മാധ്യമങ്ങളോട് പ്രതികരിച്ചു ഷാജന്‍ സ്‌കറിയ

അക്രമികള്‍ എത്തിയത് കൊല്ലണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ

Update: 2025-09-01 04:27 GMT

തൊടുപുഴ: തനിക്കെതിരെ നടന്നത് കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതക ശ്രമമാണെന്ന് വ്യക്തമാക്കി മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ. താന്‍ നല്‍കുന്ന വാര്‍ത്തകള്‍ നിയമപരിരക്ഷയ്ക്ക് ഉള്ളില്‍ നിന്നുമാണ്. തന്നെ നിയമപരമായി നേരിടാന്‍ സാധിക്കാത്തവര്‍ കായികമായി നേരിടാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. തൊടുപുഴയില്‍ അക്രമികള്‍ എത്തിയത് തന്നെ കൊല്ലണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ ആയിരുന്നു.

അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അടങ്ങിയ സംഘമാണ് വധിക്കാന്‍ ശ്രമിച്ചത്. മാത്യുസ് കൊല്ലപ്പള്ളി, ഷിയാസ് എന്നിവര്‍ അടങ്ങിയ സംഘത്തെ തിരിച്ചറിഞ്ഞിരുന്നു. മറ്റുള്ളവരെയും താന്‍ തിരിച്ചറിഞ്ഞു. അക്രമികള്‍ ശ്രമിച്ചത് വാഹനത്തില്‍ നിന്നും പിടിച്ചിറക്കി കൊലപ്പെടുത്തുക എന്നതായരുന്നു. അതിനുള്ള ഒരുക്കത്തോടെയാണ് അവര്‍ എത്തിയത്. അല്‍പ്പം കൂടി വൈകിയിരുന്നുവെങ്കില്‍ തന്റെ ജീവന്‍ പോകുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു.- ഷാജന്‍ സ്‌കറിയ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ ആക്രമിക്കാന്‍ പല സംഘങ്ങളെ നിയോഗിച്ചതായി അറിയാമായിരുന്നു. ഇവിടെ ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിട്ടുണ്ട്. ഗൂഢാലോചനയില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് അറിവുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല, എന്നാല്‍ പ്രാദേശികമായ ആസൂത്രണം ഇതില്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അക്രമികള്‍ സംസ്ഥാനം വിട്ടുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവര്‍ ഒളിവില്‍ താമസിച്ചു മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന വ്യക്തിയാണ് മാത്യുസ് കൊല്ലപ്പള്ളി. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വച്ചാണ് ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതികളെ കുറിച്ചുള്ള പൂര്‍ണവിവരവും പുറത്തുവന്നു.

ഷാജന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തെന്നും ഒളിവിലുളള പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന ആവശ്യം മാധ്യമ സമൂഹത്തില്‍ നിന്നും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തിലാണ് കേരളത്തില്‍ കാര്യങ്ങള്‍. മറുനാടന്‍ മലയാളിയെ വേട്ടയാടാന്‍ ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി. ഈ എപ്പിസോഡിന്റെ അവസാന ഭാഗമാണ് തൊടുപുഴയില്‍ കണ്ടതും.

ശനിയാഴ്ച രാത്രി തൊടുപുഴ മങ്ങാട്ടുകവലയില്‍ വെച്ചാണ് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഷാജന്‍ സ്‌കറിയയെ അഞ്ചംഗ സംഘം ആക്രമിച്ചത്. ഷാജന്‍ സ്‌കറിയ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം ഇടിച്ച ശേഷമായിരുന്നു അതിക്രമം. വാഹനത്തിന് അകത്തിരിക്കുന്ന ഷാജന്‍ സ്‌കറിയയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമം തടയാന്‍ ശ്രമിക്കുന്നതായും ഇതില്‍ കാണാം. ഷാജന്‍ സ്‌കറിയ നല്‍കിയ വിവരങ്ങളുടെയും ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ വന്ന പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.

അക്രമണത്തില്‍ പങ്കെടുത്ത മാത്യൂസ് കൊല്ലപ്പള്ളി സംഭവശേഷം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതായും ഷാജനെതിരെ ഇനിയും ആക്രമണം നടത്തുമെന്ന ഭീഷണി മുഴക്കിയതായും പോലീസ് കണ്ടെത്തി. മണിക്കൂറുകള്‍ക്കകം ഈ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇത് പ്രതികളെ തിരിച്ചറിയാന്‍ നിര്‍ണായകമായെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരത്ത് നിന്ന് തൊടുപുഴയിലെത്തിയതും വിവാഹത്തില്‍ പങ്കെടുത്തതും കൃത്യമായി മനസ്സിലാക്കി പിന്തുടര്‍ന്നാണ് ആക്രമണം നടത്തിയത്. അക്രമണത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നാണ് പോലീസും വ്യക്തമാക്കുന്ന കാര്യം.

പ്രതികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടും അറസ്റ്റ് വൈകുന്നത് മുന്‍കൂര്‍ ജാമ്യത്തിന് വഴിയൊരുക്കാനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News